ചിലര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ചോദിക്കും, അല്ലു അര്‍ജുന്റെ ശബ്ദമല്ലേ എന്ന്: ജിസ് ജോയ്

#രേഖ നമ്പ്യാര്‍
ജിസ് ജോയ് / ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍
ജിസ് ജോയ് / ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍

മലയാളത്തിലെ മനോഹരമായ കുടുംബചിത്രങ്ങളുടെ സംവിധായകന്‍, സുന്ദരമായ പ്രണയഗാനങ്ങളുടെ രചയിതാവ്, തെലുങ്ക് സൂപ്പര്‍താരചിത്രങ്ങളുടെ മലയാളം പതിപ്പുകളിലെ നായകന്റെ ശബ്ദഗാംഭീര്യം... ജിസ് ജോയ് എന്ന പേരിനൊപ്പം ചേര്‍ക്കാന്‍ ടൈറ്റിലുകള്‍ ഒരുപാടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനില്‍, കൊച്ചിയിലെ സ്വന്തം വീട്ടില്‍, കുടുംബനായകന്റെ റോളിലാണ് ജിസ്. തന്റെ സിനിമകള്‍ പിറന്ന ഫ്ളാറ്റിലേക്ക് ജിസ് കുടുംബസമേതം നിറഞ്ഞ ചിരിയോടെ ക്ഷണിച്ചിരുത്തി. ''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചുവര്‍ഷമാവുന്നു. മാട്രിമോണിയലിലൂടെയാണ് പരിചയപ്പെടുന്നത്. അക്കാലത്ത് ഞാന്‍ പരസ്യചിത്രങ്ങളും ഡബ്ബിങ്ങുമാണ് ചെയ്തിരുന്നത്. 2013-ലാണ് ആദ്യസിനിമ ചെയ്യുന്നത്.'' ജിസ് ഭാര്യ നൈജിയെ പരിചയപ്പെടുത്തി. ''സിനിമകളൊക്കെ കാണിക്കാറുണ്ട്. കഥയാവുമ്പോള്‍തന്നെ എന്നോട് പറയും. 'തലവനാ'ണ് ഇപ്പോഴത്തെ ഫേവറിറ്റ്. 'സണ്‍ഡേ ഹോളിഡേ'യും എനിക്കൊത്തിരി ഇഷ്ടാണ്'', എന്ന് നൈജി.

മനോഹരമായ പാട്ടുകളും എഴുതിയിട്ടുണ്ടല്ലോ? 'സണ്‍ഡേ ഹോളിഡേ'യിലെ പാട്ടുകളൊക്കെ ഇന്നും ഹിറ്റ് ട്രാക്കുകളാണ്.
ജിസ്- പാട്ടുകള്‍ കേട്ട്, ഇത്രയും ബ്രേക്കപ്പ്‌സ് ജീവിതത്തിലുണ്ടായിട്ടോ എന്ന് ഇവള്‍ ചോദിക്കാറുണ്ട്.  
നൈജി- ഞാന്‍ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. പക്ഷേ, ചേട്ടന്റെ അത്രയുമുണ്ടാവില്ല. പിള്ളേരുടെ കാര്യങ്ങളുമായി ഓടിനടക്കുകയല്ലേ. രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുമ്പോള്‍തൊട്ട് രാത്രി കിടക്കുന്നതുവരെ എന്‍ഗേജ്ഡാണ്. മക്കളെ സ്‌കൂളില്‍ കൊണ്ടുവിടണം, തിരിച്ച് കൊണ്ടുവരണം... 

ഒരുമിച്ച് യാത്രകള്‍ പോവാറില്ലേ?
ജിസ്- യാത്രകള്‍ പോവും. ഷൂട്ടിന് പോകുമ്പോഴും ഒരുമിച്ചായിരിക്കും. തലശ്ശേരിയില്‍ തലവന്റെ ഷൂട്ടിങ്ങിന് മാത്രമാണ് ഇവര്‍ക്ക് വരാന്‍ പറ്റാഞ്ഞത്. ഇവര്‍ യു.എസ്സിലായിരുന്നു. 
നൈജി- ഷൂട്ടിങ്ങിലാണെങ്കിലും ചേട്ടന്‍ രാവിലെ പോകുന്നു, വൈകീട്ട് വരുന്നു, അങ്ങനെയാണ്. 
ജിസ്- ഞാന്‍ ഹോട്ടലില്‍ താമസിക്കാറില്ല. കൊച്ചിയിലാണ് ഷൂട്ടെങ്കില്‍ ലൊക്കേഷന്‍, വീട്, വീട് ലൊക്കേഷന്‍ എന്ന രീതിയിലാവും എന്റെ യാത്ര. ആ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകളോ ഒത്തുചേരലോ ഒന്നുമുണ്ടാവില്ല. ഷൂട്ടില്ലാത്ത സമയത്ത് എല്ലാമുണ്ട്. കൂട്ടുകാരെ കാണും. ക്ലബ്ബുകളില്‍ പോകും. സിനിമചെയ്യുന്ന സമയത്ത് അതൊരു അനുഷ്ഠാനംപോലെ ചെയ്യുന്നതാണ്. വേറെ ഒന്നിലേക്കും ഫോക്കസില്ല. വീട്ടില്‍നിന്ന് പോവുന്നതിന്റെ ഉന്മേഷം വേറെ കിട്ടില്ല. ഞാന്‍ ആറ് സിനിമകള്‍ ചെയ്തു. എഴുത്തിനായി ഇന്ത്യക്കകത്തോ പുറത്തോ എവിടെനിന്ന് വേണമെങ്കിലും എഴുതിക്കോളൂയെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. ഞാന്‍ എങ്ങോട്ടും മാറിയിട്ടില്ല. നിശ്ശബ്ദതയുണ്ടാവണമെന്നുമാത്രമേയുള്ളൂ. ഈ ഫ്ളാറ്റില്‍ കുക്കിങ് പരിപാടിയില്ല. അതൊക്കെ തൊട്ടപ്പുറത്തെ ഫ്ളാറ്റിലാണ്. ഇവിടം എഴുത്തിനുവേണ്ടി മാത്രമാണ്. 

സിനിമയുടെ വിജയാഘോഷങ്ങളും കുടുംബത്തിനൊപ്പമാണോ?
നൈജി- ഞങ്ങളൊന്നിച്ച് സിനിമ കാണും. പലപല തിയേറ്ററുകളില്‍ പോയി പലതരത്തിലുള്ള ഓഡിയന്‍സിനൊപ്പം സിനിമ കാണും. അതാണ് പ്രധാന പരിപാടി. ഒന്നിച്ചുള്ള വിജയാഘോഷങ്ങളില്ല. 
ജിസ്- സിനിമ റിലീസാവുമ്പോള്‍ ആസിഫ് അലിയും കുടുംബവും മറ്റ് സുഹൃത്തുക്കളുമൊക്കെ ഒത്തുചേരാറുണ്ട്. എന്റെ സിനിമ മാത്രമല്ല, ആസിഫിന്റെ പല സിനിമകളും റിലീസാവുമ്പോഴും അങ്ങനെയാണ്. 

ജിസ് ജോയ് ഭാര്യ നൈജി, മക്കള്‍ യൊഹാന്‍, നിതാര എന്നിവര്‍ക്കൊപ്പം

കഴിവിലും സ്വഭാവഗുണത്തിലും അതിശയിപ്പിച്ച ആളുകള്‍? 
ജിസ്- ലാല്‍സാര്‍. എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ആ ഫോട്ടോ നോക്കൂ (ഫ്രെയിം ചെയ്തുവെച്ച, മോഹന്‍ലാലിനൊപ്പമുള്ള കുടുംബചിത്രം കാട്ടിത്തരുന്നു). പൊതുവില്‍ സെറ്റുകളില്‍ കുടുംബം വരാറില്ല. മൈജിയുടെ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു അന്ന്. പത്ത് നാനൂറ് ആര്‍ട്ടിസ്റ്റുകളുള്ള വടംവലിയൊക്കെയുള്ള സീനാണ്. ഉത്സവപ്രതീതിയുള്ള ഒരു പരസ്യമായിരുന്നു. ഷൂട്ട് കഴിഞ്ഞ് ഇരിക്കുന്നതിനിടയില്‍ ഫാമിലി വന്നപ്പോള്‍ ''എന്റെ കുടുംബം വന്നിട്ടുണ്ടെന്ന്'' അദ്ദേഹത്തെ അറിയിച്ചു. ''ആണോ മോനെ നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ, ഫോട്ടോ എടുക്കണ്ടേ'' എന്നാണ് ലാല്‍സാര്‍ തിരിച്ച് ചോദിച്ചത്. ''ഞാന്‍ ഈ ഷര്‍ട്ട് മാറ്റിവരാം. സമയമുണ്ടല്ലോ. ഇപ്പോള്‍തന്നെ ഫോട്ടോ എടുക്കാമെന്ന്'' പറഞ്ഞു. ഈ ഷര്‍ട്ട് പോരേ എന്ന് ചോദിച്ചപ്പോള്‍ ''വേണ്ട മോനെ, ഫോട്ടോ ഫ്രെയിം ചെയ്ത് വയ്‌ക്കേണ്ടതല്ലേ. നല്ല ഷര്‍ട്ടിടാം'' എന്നുപറഞ്ഞു. അദ്ദേഹത്തിന്റെ കാരക്ടര്‍ അങ്ങനെയാണ്. ചെറിയകാര്യങ്ങള്‍കൊണ്ട് നമ്മളെ അതിശയിപ്പിക്കും. വലിയ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴുമുള്ള ആ വിനയം, അതൊരു വലിയ ക്വാളിറ്റിയാണ്. മഞ്ജുവും അങ്ങനെത്തന്നെ. രാവിലെ ഷൂട്ടിങ്ങിന് വന്നിട്ട് രാത്രി തീരുംവരെ ഇരിക്കും. എല്ലാവരും പോയിക്കഴിഞ്ഞിട്ടാവും പോവുന്നത്. എല്ലാവരോടും ടെന്‍ഷന്‍ഫ്രീയായിട്ട് സംസാരിക്കുന്നയാളാണ് മഞ്ജു.  

ഇവരെവെച്ചൊരു സിനിമയുണ്ടാകുമോ?
അത് വലിയൊരു സ്വപ്‌നമാണ്. വര്‍ക്ക് നടക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട്. 

കൃത്യമായ പ്ലാനിങ്ങോടെയാണോ മുന്നോട്ടുപോകുന്നത്?
ജിസ്- കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങുണ്ട്. പ്ലാന്‍ ചെയ്യാതെ ഒന്നും ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. അത് ചിലപ്പോള്‍ പരസ്യചിത്രങ്ങള്‍ ചെയ്തതുകൊണ്ട് കിട്ടിയ അനുഭവമാകാം. പരസ്യംചെയ്യുമ്പോള്‍ മൊട്ടുസൂചി വേണമെങ്കില്‍ പോലും ഒരാഴ്ചമുന്നേ എഴുതിവയ്ക്കും. ആ ഒരു പ്ലാന്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ നല്ലതാണ്. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. സേവ് ചെയ്യുന്നിടത്തും ഇന്‍വെസ്റ്റ് ചെയ്യുന്നിടത്തും ചെലവഴിക്കുന്നിടത്തുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. ലോണുകള്‍ കുറയ്ക്കാനായിട്ട് ശ്രമിക്കണം. അതെനിക്ക് പറഞ്ഞുതന്നത് സിദ്ദിക്കയാണ്. സിദ്ദിക്ക ഒരു സാധനവും ലോണെടുത്ത് വാങ്ങില്ല. കാറ് വാങ്ങിക്കാന്‍ കാശുള്ളപ്പോഴേ അത് വാങ്ങിക്കൂ. എന്തൊക്കെയോ കുശലംപറയുന്ന കൂട്ടത്തില്‍ എന്നോട് പറഞ്ഞതാണ് അദ്ദേഹം. അത് എന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറുണ്ട്. എനിക്ക് കാറുകളോട് വലിയ ഭ്രമമാണ്. പക്ഷേ, ഈ പറഞ്ഞതുപോലെ പയ്യെ പയ്യെ എന്നുള്ള രീതിയില്‍ എല്ലാം പ്ലാന്‍ചെയ്താണ് ചെയ്യാറുള്ളത്.
നൈജി- ഞങ്ങള്‍ ചര്‍ച്ചചെയ്തിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുക. എല്ലാത്തിനും ഒരച്ചടക്കമുണ്ട്.     
ജിസ്- ഇല്ലെങ്കില്‍ സമാധാനമുണ്ടാവില്ല. അവിടന്ന് കാശുവരും ഇവിടന്ന് കാശുവരുമെന്നോര്‍ത്ത്, കൈയിലില്ലാത്ത സംഗതിയെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ഞാന്‍ ചെയ്യുന്ന ജോലി വളരെയധികം മനസ്സ് ഏര്‍പ്പെടുന്നൊരു ജോലിയാണ്. ടെന്‍ഷന്‍ ഉണ്ടായാല്‍ വര്‍ക്കിനെ ബാധിക്കും. നമുക്ക് മാനേജ് ചെയ്യാന്‍ പറ്റാത്തൊരു കാര്യം അസുഖമാണ്. അതുവന്നാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. പക്ഷേ, സാമ്പത്തികം, അത് നമുക്ക് നിയന്ത്രിക്കാനാവും. 

പ്രതിസന്ധിഘട്ടങ്ങളും ഉണ്ടായിട്ടില്ലേ?
ജിസ്- ആദ്യമൊരു ആഡ് ഫിലിം കമ്പനിയുണ്ടായിരുന്നു, പാര്‍ട്ട്ണര്‍ഷിപ്പില്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അതില്‍നിന്ന് പുറത്തുകടക്കേണ്ട അവസ്ഥ വന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് വലിയ നിക്ഷേപങ്ങളൊന്നുമില്ല. ഞാന്‍ സിനിമ ചെയ്തിട്ടില്ല. അതൊരു പ്രതിസന്ധിയായി മുന്നോട്ടുപോയി. അന്ന് എന്താ ചെയ്യേണ്ടത്, ഇവിടെത്തന്നെ നിന്നാല്‍മതിയോ എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. അപ്പോള്‍ നൈജി പറഞ്ഞു, നമുക്ക് മാറാം എന്ന്. അങ്ങനെ ഒന്നില്‍നിന്ന് പിന്നെയും കരിയര്‍ തുടങ്ങി. 
നൈജി- ടാറ്റാ ടെലി സര്‍വീസിലാണ് ഞാനന്ന് ജോലിചെയ്തിരുന്നത്. ചേട്ടന്‍ ചെയ്ത സിനിമകളില്‍ 'സണ്‍ഡേ ഹോളിഡേ'യിലെ അനുവിനെ ഒത്തിരി ഇഷ്ടാണ്. ഇല്ലായ്മയില്‍നിന്ന് തുടങ്ങി ജീവിതം തിരിച്ചുപിടിച്ച കുട്ടിയാണ് അപര്‍ണ അവതരിപ്പിച്ച അനു എന്ന കഥാപാത്രം. പഠിത്തത്തിനൊപ്പം പലതരം ജോലികളും ചെയ്ത്, ഡോക്ടറായ ആ കഥാപാത്രത്തിന് ഒരു ഗ്രാഫുണ്ട്. 

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്കൊപ്പം

ഏത് ജോണറിലുള്ള പടങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം?
നൈജി- ചേട്ടന്‍ കോമഡിപടങ്ങള്‍ ചെയ്യണം എന്നാണ് എനിക്ക്. 
ജിസ്- തലവന്‍ ഇഷ്ടപ്പെട്ടു, ആ ജോണര്‍ സൂപ്പറാണ് എന്നൊക്കെ പ്രേക്ഷകര്‍  പറയുന്നുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ ഫീല്‍ഗുഡ് വിട്ടുകളയരുത് എന്ന് കൂട്ടിച്ചേര്‍ക്കും. ചിരിക്കാന്‍പറ്റുന്ന, ലാളിത്യമുള്ള സിനിമകളോട് ആളുകള്‍ക്ക് എന്നും താത്പര്യമാണ്. 

ഈ മാറ്റം മനഃപൂര്‍വമായിരുന്നോ? 
ജിസ്- അതെ. ഒരു പോയിന്റില്‍ ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങിയിരുന്നു. നന്മമരം എന്നൊക്കെ കേള്‍ക്കാന്‍ സുഖമാണെങ്കിലും ഒരു സംവിധായകനെ വിധിക്കാന്‍ വിട്ടുകൊടുക്കരുത്. ഇയാളുടെ പടം ഇങ്ങനെയായിരിക്കും എന്ന് തോന്നിപ്പിക്കരുത്. ഒരുകാലത്ത് സത്യന്‍ അന്തിക്കാട്‌സാറും ബാലചന്ദ്രമേനോന്‍സാറും ഫാസില്‍സാറുമൊക്കെ അങ്ങനെത്തന്നെയാണ് ചെയ്തിരുന്നത്. പക്ഷേ, ഇത്രയധികം മത്സരം അന്നില്ല, സംവിധായകരില്ല, സോഷ്യല്‍മീഡിയയുമില്ല. 'സണ്‍ഡേ ഹോളിഡേ'യും 'വിജയ് സൂപ്പറും പൗര്‍ണമി'യും കഴിഞ്ഞപ്പോള്‍തന്നെ ആളുകള്‍ ഫീല്‍ ഗുഡ് മൂവി സംവിധായകന്‍ എന്ന ലേബല്‍ ചാര്‍ത്തിത്തന്നിരുന്നു. തലവനോടെ ആ സംഗതി നമ്മള്‍ പൊളിച്ചു. ഇപ്പോള്‍ ആത്മവിശ്വാസം കൂടി. 

മലയാളസിനിമ ഒരു സുവര്‍ണകാലത്താണ്. പുതിയ മാറ്റങ്ങളെ എങ്ങനെ കാണുന്നു? 
ജിസ്- കമല്‍ഹാസന്‍സാറിനെ കണ്ടപ്പോള്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സംസാരിച്ചത് മലയാളസിനിമയെക്കുറിച്ചായിരുന്നു. മലയാളമല്ലാതെ വേറെയൊരു ഇന്‍ഡസ്ട്രിയും എട്ട് ഹിറ്റ് കൊടുത്തിട്ടില്ല, ഈവര്‍ഷം ഇതുവരെ. വലിയ ബിസിനസ് നല്‍കിയിട്ടില്ല. 80-കളില്‍ വല്ലാത്തൊരു കാലഘട്ടമുണ്ടായിരുന്നു. പലഭാഷകളിലേക്ക് ഡബ് ചെയ്യാനായി സിനിമകള്‍ ഒരുക്കിയിരുന്ന കാലം. അത് എക്സ്പോര്‍ട്ട് ബിസിനസിനായി ഒരുക്കിയ സിനിമകളായിരുന്നു. തെലുങ്കിലും കന്നഡയിലും വില്‍ക്കാന്‍വേണ്ടിയുള്ള ചിത്രങ്ങള്‍. എനിക്കത് പുതിയൊരു അറിവായിരുന്നു. കാലം എത്രയോ മാറി. ഇന്ന് മമ്മൂക്ക ഭ്രമയുഗം ചെയ്യുന്നു, പിന്നെ കാതലും ടര്‍ബോയും ചെയ്യുന്നു. ആറുമാസത്തിനുള്ളിലാണ് ഇത്രയും വൈവിധ്യം നമ്മള്‍ കണ്ടത്. റോഷാക്കിലെ വേഷം പണ്ടത്തെ മമ്മൂക്കയായിരുന്നെങ്കില്‍ ചെയ്യുമായിരുന്നോ. 

ഹീറോ-ഹീറോയിന്‍ എന്നതിനപ്പുറം ആക്ടേഴ്സാണ് എന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും വന്നു. ആ തിരിച്ചറിവ് വന്നതുകൊണ്ടാണ് അയ്യപ്പനും കോശിയും സിനിമയില്‍ പൃഥ്വിരാജിനെപ്പോലുള്ള ഒരു ആര്‍ട്ടിസ്റ്റ് തോറ്റുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ സംവിധായകര്‍ക്ക് പണി എളുപ്പമായി. ആരോടും എന്ത് കഥാപാത്രവും പറയാമെന്നായി. ഇപ്പോള്‍ എന്തും ആലോചിക്കാനുള്ള സ്പേസുണ്ട്. മലയാളസിനിമയിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. കണ്ടന്റ് ആണ് ഹീറോ. 

സിനിമയിലെ ബന്ധങ്ങള്‍?
ശ്രീനിയേട്ടന്‍ 'ഉദയനാണ് താര'ത്തില്‍ എഴുതിയതുപോലെ, സിനിമയില്‍ ശാശ്വതമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സിനിമ ഈസ് ഓള്‍ എബൗട്ട് സക്‌സസ്. വിജയമുണ്ടോ നമുക്കെല്ലാമുണ്ട്. വിജയമില്ലെങ്കില്‍ 'സണ്‍ഡേ ഹോളിഡേ'യില്‍ ശ്രീനിയേട്ടന്‍ നടക്കുന്നതുപോലെ കഥപറയാന്‍ നടന്നുകൊണ്ടേയിരിക്കാം. ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്‍ക്കും അവരവരുടെ വിജയങ്ങള്‍ മാത്രമാണ് വലുത്. പണ്ട് ഒരു പടം ഹിറ്റായില്ലെങ്കില്‍ അടുത്തത് നോക്കാം. ഇപ്പോള്‍ വിജയിപ്പിച്ചേ പറ്റൂ. എന്നാലേ അടുത്ത പടമുള്ളൂ. നമ്മുടെ പിടിയിലില്ലാത്ത സാധനമാണ് ജഡ്ജ്മെന്റ്. നമ്മളെ വിശ്വസിച്ച് ഡേറ്റ് തരുന്ന  താരങ്ങള്‍. അവര്‍ക്ക് ചീത്തപ്പേരുണ്ടാക്കരുത്. അവരുടെ മാര്‍ക്കറ്റ് വാല്യു താഴെപ്പോകാന്‍ കാരണമാവരുത്. അതാലോചിച്ചുള്ള ടെന്‍ഷന്‍ മാത്രമേയുള്ളൂ. വിജയത്തെക്കുറിച്ച് ചിന്തിക്കാറില്ല. 

സെറ്റിലും കൂളാണോ?
വലിയ ഒച്ചപ്പാടും ബഹളങ്ങളുമില്ല. മനപ്പൂര്‍വമാണ്. സമാധാനം, അത് എല്ലാ ക്രിയേറ്റീവ് സ്പേസിലും ആവശ്യമാണ്. വഴക്കുപറഞ്ഞ് ചെയ്യിക്കേണ്ട കാര്യമല്ല സിനിമ. വഴക്കുപറഞ്ഞാല്‍ രാത്രിയാവുമ്പോള്‍ നമുക്കും സങ്കടം വരും. ആര്‍ട്ടിസ്റ്റിന് ബ്ലൂം അപ് ചെയ്യാന്‍ സ്പേസ് കൊടുക്കുക. അതിന് പറ്റുന്നില്ലെങ്കില്‍ സംവിധായകന്റെ പരാജയമാണ്. ഞാനും അഭിനയിക്കുന്ന ആളാണല്ലോ. തോളില്‍ തട്ടി കൊള്ളാമെന്ന് പറഞ്ഞാല്‍ അതൊരു ആശ്വാസവും ആത്മവിശ്വാസവുമാണ് നല്‍കുക. 'തലവനി'ലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്രേ ഷെയ്ഡുണ്ട്. ബോബിയച്ചന്‍ സിനിമകണ്ടിട്ട് നാലാമത്തെ ദിവസം വിളിച്ചപ്പോള്‍ ''മോന്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്നറിയില്ല, സിനിമയുടെ തുടക്കംമുതല്‍ ഓരോരുത്തരെയും ആലോചിച്ചാല്‍ ഗ്രേ ഷെയ്ഡുണ്ട്'', എന്ന് പറഞ്ഞിരുന്നു.

വിശ്വാസിയാണോ?
ജിസ്- ദൈവവിശ്വാസിയാണ്. ആദ്യത്തെ മുന്‍ഗണന അതിനാണ്. ബോബിയച്ചനെ പരിചയപ്പെട്ടതിനുശേഷം ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായിട്ടുണ്ട്. പലകാര്യങ്ങളും ബാലന്‍സ്ഡ് ആയതുപോലെ. പരാജയങ്ങളോ വിജയങ്ങളോ അങ്ങനെ ബാധിക്കാറില്ല. അടുത്തത് എന്താണെന്ന് ചിന്തിച്ചുകൊണ്ടിരിക്കും. ഒരു ശക്തിയില്‍ വിശ്വാസമുണ്ട്. അത് എല്ലാകാര്യത്തിലും എനിക്ക് ഗുണം ചെയ്തിട്ടുമുണ്ട്. 
നമുക്ക് കിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ എന്നും ഞാന്‍ ശ്രമിക്കാറുണ്ട്. നോ എന്ന് ഒത്തിരിതവണ ആലോചിച്ചിട്ടേ പറയുകയുള്ളൂ. അവസരങ്ങള്‍ കിട്ടാത്ത എത്രയോ പേരുണ്ട്. ഞാന്‍തന്നെ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എന്തിനാണ് ഡബ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഞാന്‍ ഡബ് ചെയ്യും. പുറത്ത് പാട്ടെഴുതും. ഇതുവരെ എന്തെല്ലാം ജോലികളാണോ ചെയ്തിരുന്നത്, അതെല്ലാം ഇപ്പോഴും ചെയ്യാറുണ്ട്. വേറൊരാളുടെ സിനിമയ്ക്ക് പാട്ടെഴുതാന്‍ പോകുമ്പോള്‍ ഞാന്‍ സംവിധായകനല്ല, പാട്ടെഴുത്തുകാരനാണ്. അല്ലു അര്‍ജുന് ഡബ് ചെയ്യാന്‍ പോകുമ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മാത്രമാണ്. ഇവന്റ് മാനേജ്മെന്റും ചെയ്യാറുണ്ട്. ഇതെല്ലാം എന്റെ സന്തോഷവും പാഷനുമാണ്. എന്റെ മകന്റെ ഹോളി കമ്യൂണിയന്‍ കുര്‍ബാനസമയത്ത് പള്ളിയില്‍ പാടിയത് ഞാനെഴുതിയ പാട്ടാണ്. ആശ്ചര്യമായിരുന്നു. ആര്‍ക്കുകിട്ടും ആ ഭാഗ്യം. എത്ര വിലകൊടുത്താലും കിട്ടാത്ത നിമിഷങ്ങളാണ്, ദൈവത്തിന് നന്ദി... 
നൈജി- എവിടെ ചെന്നാലും ചേട്ടന്റെ ശബ്ദം കേട്ടിട്ട് ആളുകള്‍ തിരിച്ചറിയും. കണ്ടിട്ട് മനസ്സിലാവാത്തവര്‍ വോയ്സ് കേട്ടിട്ട് അല്ലു അര്‍ജുന്റെ ശബ്ദമല്ലേ എന്ന് പറഞ്ഞുവന്ന് സംസാരിക്കും. 

Caption

ആസിഫ് അലിയുമായുള്ള സൗഹൃദത്തെപ്പറ്റി?
ജിസ്- എനിക്ക് ആസിഫ് സഹോദരനുതുല്യനാണ്. ആസിഫ് പുറത്തുപോകുമ്പോള്‍ ഞാന്‍ വന്ന് മക്കളെ പിക്ക് ചെയ്യട്ടെ എന്ന് ചോദിക്കാറുണ്ട്. പൊതുവേ സിനിമാതാരങ്ങള്‍ അങ്ങനെചെയ്യുന്നത് കാണാറില്ലല്ലോ. ഞങ്ങള്‍ തമ്മില്‍ ഒരാത്മബന്ധമുണ്ട്. ഇപ്പോള്‍ ബിജുവേട്ടന്‍ ഞങ്ങളുടെ ടീമിലേക്ക് വന്നു. ഒരുപാട് ഫ്രണ്ട്സുള്ള, ഫ്രണ്ട്ഷിപ്പിന് വാല്യു കൊടുക്കുന്ന ആളാണ് ബിജുവേട്ടന്‍. അതുപോലെ മഞ്ജുവാര്യരും അടുത്തസുഹൃത്താണ്. കാവ്യാമാധവനും മോഹന്‍ലാലും കഴിഞ്ഞാല്‍ എന്റെ ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് മഞ്ജുവാണ്. എന്ത് കാര്യമുണ്ടെങ്കിലും വിളിക്കും. 
പിന്നെ സിദ്ദിക്ക, ചാക്കോച്ചന്‍... സിനിമയില്‍ എല്ലാവരുമായും എനിക്ക് അടുപ്പമുണ്ട്. അത് 21 വര്‍ഷമായി പരസ്യചിത്രങ്ങളുടെ ഭാഗമായതുകൊണ്ടുകൂടിയാണ്. പക്ഷേ, എപ്പോഴും അടുത്തുണ്ടാവും എന്നുപറയുന്ന സുഹൃത്തുക്കള്‍, ആസിഫ്, ആന്റണി പെപ്പേ ഒക്കെയാണ്. പെപ്പേ അനിയനെപ്പോലെയാണ്.

അടുത്ത സിനിമ?  
ഒരു കോമഡിസിനിമ ചെയ്യണം. തലവനുമുന്നേ വര്‍ക്ക് ചെയ്ത ചില സ്‌ക്രിപ്റ്റുകളുണ്ട്. തലവന്‍ ഇറങ്ങിയതും ആളുകള്‍ ഇതിന്റെ സീക്വലാണ് ചോദിച്ചത്. അപ്പോള്‍ ഉടനെ അത് സംഭവിച്ചേക്കാം, തലവന്‍ ടു.
മമ്മൂക്കയെയും ലാലേട്ടനെയും വെച്ച് സിനിമകള്‍ ചെയ്യണം. അതൊരു ആഗ്രഹമാണ്. പിന്നെ, ഷെല്‍ഫ് ലൈഫ് ഉള്ള നല്ല സിനിമകളും ചെയ്യണം. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഒക്കെപ്പോലെ എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും കാണാന്‍ തോന്നുന്ന സിനിമകള്‍. മാനസികമായി തളര്‍ന്നിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇടയ്ക്ക് ഷൂട്ടിങ്തിരക്കൊഴിഞ്ഞ് രാത്രി ഉറക്കമില്ലാതെയിരിക്കുമ്പോള്‍ സിദ്ദിഖ്-ലാല്‍ സിനിമകള്‍ കാണാറുണ്ട്. അതുപോലെ എപ്പോഴെങ്കിലും ആളുകള്‍ നമ്മുടെ സിനിമകളും കാണണം. സന്തോഷത്താല്‍ അവരുടെ മനസ്സ് നിറയണം... 

Content Highlights: director jis joy and family