സണ്ണി ഡിയോളിനെയും ബോബി ഡിയോളിനെയും ധർമേന്ദ്ര പാർട്ടികളിൽ പോവാൻ അനുവദിച്ചില്ല

ബോളിവുഡ് ഇതിഹാസമായിരുന്നെങ്കിലും അന്തരിച്ച നടൻ ധർമ്മേന്ദ്ര, തൻ്റെ മക്കൾ സിനിമാ വ്യവസായത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. പക്ഷേ, മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഹിന്ദി സിനിമയിലെ മുൻനിര അഭിനേതാക്കളായി മാറുകയും ചെയ്തു. ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ധർമ്മേന്ദ്ര ദേഷ്യം പ്രകടിപ്പിക്കുക പോലും ചെയ്തിരുന്നത്രേ. ബോളിവുഡ് പാർട്ടികളിൽ പങ്കെടുക്കാൻ അച്ഛൻ തന്നേയും സണ്ണിയേയും അനുവദിച്ചിരുന്നില്ലെന്നും സിനിമാ രംഗത്തുള്ളവരുമായി ഇടപഴകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ബോബി ഡിയോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
"എപ്പോഴെങ്കിലും ഒരു താരത്തിൻ്റെ മകന്റെയോ മകളുടെയോ ജന്മദിനം ഉണ്ടാകുമ്പോൾ, പപ്പ ഞങ്ങളെ പോകാൻ അനുവദിക്കില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ അദ്ദേഹത്തോട് പറയാറുണ്ട്. അക്കാലത്ത് അതൊരു വലിയ കാര്യമായി തോന്നിയിരുന്നു. എന്നാൽ പിന്നീട് അതൊരു ശീലമായി, ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല. സിനിമാ ലോകം വളരെ കൃത്രിമമായതുകൊണ്ട് ആ രംഗത്തുള്ളവരുമായി ഞങ്ങൾ ഇടപഴകാൻ പപ്പ ഒരിക്കലും ആഗ്രഹിച്ചില്ല. ആ കൃത്രിമത്വത്തിൽ നിന്ന് ഞങ്ങളെ അകറ്റി നിർത്താൻ അദ്ദേഹം ശ്രമിച്ചു"-ഇക്കൊല്ലം ആദ്യം നൽകിയ അഭിമുഖത്തിൽ ബോബി പറഞ്ഞു.
സിനിമാ ലോകം പോലെയൊരു അന്തരീക്ഷത്തിലല്ല ധർമ്മേന്ദ്ര മക്കളെ വളർത്തിയതും. "ഞങ്ങളുടേത് ഒരു സാധാരണ വീടായിരുന്നു. വീട്ടിൽ പാർട്ടികൾ നടത്തുകയോ സിനിമകളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിരുന്നില്ല. സാധാരണക്കാരെപ്പോലെയാണ് ജീവിച്ചത്. സിനിമാ ലോകം ഞങ്ങളെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അച്ഛന് ഒരുപാട് സ്നേഹം ലഭിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സെറ്റിൽ പോകുമ്പോഴും വീടിനുപുറത്ത് ആളുകൾ തടിച്ചുകൂടുന്നത് കാണുമ്പോഴുമെല്ലാം ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിരുന്നു. എന്തിനാണ് എൻ്റെ അച്ഛന് ഇത്രയധികം സ്നേഹം കിട്ടുന്നതെന്നായിരുന്നു അത്ഭുതം"- ബോബി പറഞ്ഞു.
ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറിലുള്ള മക്കളാണ് സണ്ണി ഡിയോൾ, ബോബി ഡിയോൾ, അജീത ഡിയോൾ, വിജേത ഡിയോൾ എന്നിവർ. ധർമ്മേന്ദ്രയ്ക്ക് ഹേമ മാലിനിയിൽ പിറന്ന മക്കളാണ് ഇഷ ഡിയോളും അഹാന ഡിയോളും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Veteran actor Dharmendra shielded Sunny and Bobby Deol from the film industry`s `fake` world, preventing them from attending parties and mingling with industry folks.