'ആഫ്രിക്കയില്‍ പോയിട്ടില്ല, കുഞ്ഞിന്റെ ഇരുണ്ട നിറത്തിന് കാരണമറിയില്ല' ചൈനക്കാരിയുടെ തുറന്നുപറച്ചില്‍

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ചൈനക്കാരുടെ തൊലിനിറം മഞ്ഞയാണെന്നാണ് പൊതുവെ പറയാറ്. ജനിക്കുന്ന കുഞ്ഞുങ്ങളുടെ നിറം അച്ഛനമ്മമാരുടെ നിറമല്ലാത്തതിന്റെ പേരില്‍ പിതൃത്വത്തെപ്പറ്റിയുള്ള തര്‍ക്കമുടലെടുത്ത പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചൈനീസ് വനിത, കുഞ്ഞു പിറന്നതോടെ തന്റെ ദാമ്പത്യം പ്രശ്‌നത്തിലായ ദുരനുഭവം ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയിലൂടെ പങ്കിട്ടിരിക്കുകയാണ്. 

ഷാങ്ഹായിയില്‍ നിന്നുള്ള 30-കാരിയാണ് ഈ വനിത. ശസ്ത്രക്രിയയിലൂടെയാണ് അവര്‍ മകന് ജന്മം നല്‍കിയത്. അസാധാരണമാം വിധം ഇരുണ്ട നിറമായിരുന്നു കുഞ്ഞിന്. 

നവജാതശിശുവിനെ ആദ്യമായി കണ്ടതും കുഞ്ഞിന്റെ നിറത്തില്‍ ഭര്‍ത്താവ് അസ്വസ്ഥനായി. അവനെ കൈയിലെടുക്കാന്‍ പോലും വിസമ്മതിച്ചു. കുഞ്ഞിന്റെ നിറം കണ്ട് അമ്മയും ആശയക്കുഴപ്പത്തിലായെങ്കിലും ഭര്‍ത്താവിന്റെ നിലപാടായിരുന്നില്ല അവര്‍ക്ക് കുഞ്ഞിനോട്. കുഞ്ഞിനെ അവര്‍ ചേര്‍ത്തുപിടിച്ചു. താനൊരിക്കലും ആഫ്രിക്കയില്‍ പോയിട്ടില്ലെന്നും കറുത്ത വര്‍ഗക്കാരായ ആരെയും തനിക്കറിയില്ലെന്നും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. 

എങ്ങനെയാണ് കുഞ്ഞിന് ഈ നിറം കിട്ടിയതെന്നുമറിയില്ല, അത് വ്യക്തമാകേണ്ടതുണ്ട്. ഒരു കുഞ്ഞിന്റെ പിറവിയോടെ സ്വാഭാവികമായി വന്നുചേരേണ്ട സന്തോഷത്തിനു പകരം ഭര്‍ത്താവിന്റെ പെരുമാറ്റം സാഹചര്യം വഷളാക്കിയെന്ന് അവര്‍ പറയുന്നു. കുഞ്ഞ് തന്റേത് തന്നെയാണോ എന്നുറപ്പിക്കാന്‍ പിതൃപരിശോധന നടത്തണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. അതുകേട്ടപ്പോള്‍ താന്‍ ചതിക്കപ്പെടുകയാണെന്നാണ് തോന്നിയതെന്നും അവര്‍ പറയുന്നു. 

ഭര്‍ത്താവിന്റെ ആരോപണത്തില്‍ വസ്തുതയില്ലെന്ന് ഉറപ്പുള്ളതിനാല്‍ പിതൃപരിശോധന നടത്താന്‍ യുവതി സമ്മതമറിയിച്ചു. പക്ഷേ, ഭര്‍ത്താവിന്റെ നിലപാട് തന്നില്‍ വേദനയുണ്ടാക്കിയെന്നും തങ്ങള്‍ക്കിടയിലെ വിശ്വാസം ഇതിനകം മുറിഞ്ഞുവെന്നും അവര്‍ പറയുന്നു.

യുവതിയുടെ പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു. കുഞ്ഞിന്റെ ഇരുണ്ട ചര്‍മത്തില്‍ അസ്വാഭാവികതയില്ലെന്ന് ഒരുപാടുപേര്‍ പറയുന്നു. നവജാതശിശുക്കള്‍ ഇരുണ്ട നിറത്തിലായിരിക്കുന്നത് സ്വാഭാവികമാണെന്നും വളരുന്നതിനൊത്ത് നിറം മാറുമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഭാര്യയില്‍ വിശ്വാസമില്ലാത്ത ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയും ഒരുപാടുപേര്‍ രംഗത്തെത്തി.
 

Content Highlights: chinese husband refuses to accept dark-skinned baby