അനിരുദ്ധിന്റെ വളർച്ച അങ്കിൾ രജനീകാന്ത് കൺമുന്നിൽ കണ്ടു, കുട്ടിക്കാലത്തെ ആ സിംഹാസനം വളർന്നപ്പോൾ നേടിയെന്ന് രജനി

സിനിമാമേഖലയിലെ ചില കുടുംബബന്ധങ്ങൾ വെള്ളിത്തിരയിലെ ആത്മബന്ധമായി വളരുമ്പോൾ അതിന് സൗന്ദര്യമേറെയാണ്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൂപ്പർസ്റ്റാർ രജനീകാന്തും തമ്മിലുള്ള ബന്ധം തന്നെ ഉദാഹരണം. രണ്ട് തലമുറകളിലെ കലാകാരന്മാർ തമ്മിലുള്ള ആരാധനയും വിശ്വാസവും പരസ്പര ബഹുമാനവും മറ്റൊരു നിലയിലേക്ക് വളർന്നതാണ് ഇവിടെ കാണുന്നത്.
കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച്, ഇന്ത്യൻ സിനിമയെ ദശാബ്ദങ്ങളായി അടക്കിഭരിക്കുന്ന ഇതിഹാസമാണ് രജനീകാന്ത്. അനിരുദ്ധ് ആകട്ടെ, ഊർജ്ജസ്വലമായ ഈണങ്ങൾക്കും പുത്തൻ സംഗീത ശൈലികൾക്കും സൂപ്പർഹിറ്റ് ഗാനങ്ങൾക്കും പേരുകേട്ട പുതിയ തലമുറക്കാരൻ. ഇരുവരും അടുത്ത കുടുംബാംഗങ്ങളാണ്. നടൻ രവി രാഘവേന്ദ്രയുടെയും ലക്ഷ്മി രവിചന്ദറിന്റെയും മകനാണ് അനിരുദ്ധ്. രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദരിയാണ് ലക്ഷ്മി. അതുകൊണ്ടുതന്നെ രജനീകാന്തിന്റെ അനന്തരവനാണ് അനിരുദ്ധ്.
കുട്ടിക്കാലം മുതലേ രജനീകാന്തുമായി അനിരുദ്ധിന് അടുത്ത ബന്ധമാണ്. 'വേട്ടയാൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ 'മന്നൻ' സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെ ഒരോർമ രജനീകാന്ത് പങ്കുവെച്ചിരുന്നു. മൂന്നോ നാലോ വയസ്സുള്ള അനിരുദ്ധിനെ മാതാപിതാക്കൾ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോയിരുന്നു. ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ഒരു സിംഹാസനത്തിൽ അനിരുദ്ധിനെ ഇരുത്തി ഫോട്ടോ എടുത്ത സംഭവമാണ് അദ്ദേഹം പറഞ്ഞത്. ആ അനിരുദ്ധ് ഇന്ന് സംഗീതത്തിന്റെ സിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന് രജനി പറഞ്ഞു.
കുടുംബത്തിലെ കുട്ടിയിൽ നിന്ന് പ്രഗത്ഭനായ ഒരു സംഗീതജ്ഞനിലേക്കുള്ള അനിരുദ്ധിന്റെ വളർച്ച അടുത്തുനിന്ന് കണ്ട രജനീകാന്തിന്റെ തുറന്നുപറച്ചിലായിരുന്നു അത്.
അതേസമയം, രജനീകാന്ത് ചിത്രത്തിന് സംഗീതം നൽകാനുള്ള അവസരം കിട്ടുന്നത് അനിരുദ്ധിനെ സംബന്ധിച്ചിടത്തോളം സ്വപ്നം യാഥാർഥ്യമാകും പോലെയായിരുന്നു. 2019-ൽ കാർത്തിക് സുബ്ബരാജിന്റെ 'പേട്ട'യിലൂടെയാണ് അവരുടെ ഔദ്യോഗികമായ ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത്. രജനീകാന്തിന്റെ സ്ക്രീൻ പ്രസന്റ്സും അനിരുദ്ധിന്റെ ഊർജ്ജസ്വലമായ സംഗീത ശൈലിയും ഒന്നിക്കുന്ന കൂട്ടുകെട്ട് മികച്ചതായി.
തുടർന്ന് 'ദർബാർ', 'ജെയ്ലർ', 'വേട്ടയാൻ' എന്നീ ചിത്രങ്ങളിലും അവർ ഒരുമിച്ച് പ്രവർത്തിച്ചു. സൂപ്പർസ്റ്റാറിന്റെ സ്ക്രീൻ പേഴ്സണാലിറ്റിക്ക് അനുയോജ്യമായ സംഗീതം സൃഷ്ടിക്കാൻ അനിരുദ്ധിന് ഓരോ പ്രോജക്റ്റും പുതിയ അവസരങ്ങൾ നൽകി.
താനും രജനീകാന്തും കുടുംബ ബന്ധവും ഔദ്യോഗിക ബന്ധവും ബോധപൂർവ്വം മാറ്റിനിർത്താറുണ്ടെന്ന് അനിരുദ്ധ് ഒരിക്കൽ പറഞ്ഞിരുന്നു. ഞങ്ങൾക്കിടയിൽ കൂടുതൽ സ്നേഹമുണ്ട്. എന്നാൽ, മറ്റേതൊരു പ്രൊഫഷണൽ സഹകരണത്തെയും പോലെ അതേ ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടിയാണ് ജോലിയെ സമീപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അനിരുദ്ധ് തനിക്ക് ഒരു മകനെപ്പോലെയാണെന്നത് രജനീകാന്ത് നടത്തിയ ഏറ്റവും ഹൃദ്യമായ പരാമർശങ്ങളിൽ ഒന്നാണ്. അനിരുദ്ധ് തനിക്ക് നൽകിയ സ്നേഹത്തിന് എങ്ങനെ തിരിച്ചുനൽകണമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anirudh is Rajinikanth's nephew, bridging a strong family connection with professional respect., Their successful collaborations include Petta, Darbar, Jailer, and Vettaiyan.