‘വീടില്ല, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട്’; ആമിർഖാന്റെ അർധസഹോദരന്റെ ദുരവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

ആമിർ ഖാൻ/AFP, ഇവ ഗ്രോവർ, ഹൈദര്‍ അലി ഖാൻ/Instagram
ആമിർ ഖാൻ/AFP, ഇവ ഗ്രോവർ, ഹൈദര്‍ അലി ഖാൻ/Instagram

ബോളിവുഡ് താരം ആമിർ ഖാന്റെ അർധസഹോദരൻ (stepbrother) ഹൈദർ അലി ഖാന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെക്കുറിച്ച് മുൻഭാര്യയും ടെലിവിഷൻ നടിയുമായ ഇവ ഗ്രോവറിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു. ഒരുകാലത്ത് നടനാകാൻ ശ്രമിച്ച ഹൈദർ ഇന്ന് സ്വന്തമായി വീടുപോലുമില്ലാതെ, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്ന് അവർ പറയുന്നു. അഞ്ച് വർഷം നീണ്ട ദാമ്പത്യജീവിതത്തിനിടയിൽ നേരിട്ട ശാരീരിക പീഡനങ്ങളും മുൻഭർത്താവിന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള അനുഭവങ്ങളാണ് സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ഇവ പങ്കുവെച്ചത്.

“ഒരു സുഹൃത്തിലൂടെയാണ് ഹൈദറിനെ പരിചയപ്പെട്ടത്. വെറും 18 ദിവസത്തെ പ്രണയത്തിനുശേഷം 2000-ൽ ഒളിച്ചോടി വിവാഹിതരായി. അമ്മ ഈ ബന്ധത്തെ എതിർത്തതിനാലാണ് വിവാഹം രഹസ്യമായി നടത്തിയത്. വിവാഹശേഷമാണ് ഹൈദർ സ്‌കിസോഫ്രീനിയ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. അതുവരെ ഇക്കാര്യം അറിയില്ലായിരുന്നു.

വിവാഹത്തിന്റെ മൂന്നാം ദിവസം തന്നെ ഹൈദർ ശാരീരികമായി ആക്രമിച്ചു. ശരീരമാസകലം മുറിവുകളും പാടുകളും ഉണ്ടായ ആ സംഭവം എന്നെ മാനസികമായി തകർത്തു. പിന്നീട് അമിത സംശയസ്വഭാവം പ്രകടിപ്പിച്ചിരുന്ന ഹൈദർ യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പോലും വിശ്വസിക്കാറുണ്ടായിരുന്നു. മദ്യപാനം അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കി.

അഞ്ചുവർഷം നീണ്ട ദാമ്പത്യജീവിതത്തിൽ നിരന്തരം ശാരീരിക അതിക്രമങ്ങൾ നേരിട്ടിട്ടും ബന്ധം നിലനിർത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ മകൾ ജനിച്ചതിന് പിന്നാലെ വിവാഹമോചന നടപടികൾ ആരംഭിക്കുകയും തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവരികയും ചെയ്തു,” ഇവ വെളിപ്പെടുത്തി.

വിവാഹത്തിന് മുമ്പ് ഈ ബന്ധം ശരിയായ തീരുമാനമല്ലെന്ന് ആമിർ ഖാൻ പറഞ്ഞിരുന്നുവെന്നുള്ള വിവരം മറ്റുള്ളവരിൽ നിന്ന് ലഭിച്ചിരുന്നതായും ഇവ പറഞ്ഞു. എന്നാൽ അന്ന് അതിന് ഇവ പ്രാധാന്യം നൽകിയിരുന്നില്ല. “ആമിർ സാറിന് ഈ കുടുംബവുമായി വലിയ ബന്ധം പുലർത്താൻ താത്പര്യമില്ലായിരുന്നു. പിതാവ് താഹിർ ഹുസൈന്റെ അവസാനകാലത്ത് അദ്ദേഹത്തെ പൂനെയിലേക്ക് കൊണ്ടുപോയി പരിചരിച്ചിരുന്നു. താഹിർ ഹുസൈൻ ഏറെ സ്‌നേഹിച്ചിരുന്ന എന്റെ മുൻ അമ്മായിയമ്മയെപ്പോലും അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല,” എന്നാണ് ഇവ പറഞ്ഞത്. എല്ലാ ദുരനുഭവങ്ങൾക്കിടയിലും മുൻഭർത്താവിന്റെ ഇന്നത്തെ അവസ്ഥ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അവർ പറയുന്നു.

“ഇന്ന് ഹൈദറിന്റെ അവസ്ഥ വളരെ മോശമാണ്. അദ്ദേഹത്തിന് സ്വന്തമായി വീടില്ല. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. ചിലപ്പോൾ ഒറ്റമുറി വീട്ടിൽ (ചാൾ-Chawl) താമസിക്കും, ചിലപ്പോൾ സുഹൃത്തുക്കൾ അഭയം നൽകും. അദ്ദേഹത്തെ നോക്കാൻ ആരുമില്ല. ചുറ്റുമുള്ളവർ മദ്യം മാത്രം നൽകുകയാണ്. എന്ത് സംഭവിച്ചാലും അദ്ദേഹം ഒരുകാലത്ത് എന്റെ ഭർത്താവായിരുന്നു. അദ്ദേഹത്തിന് സമാധാനം ലഭിക്കട്ടെയെന്നാണ് എന്റെ പ്രാർഥന,” അവർ മനസ്സ് തുറന്നു.

ബോളിവുഡ് താരം ആമിർ ഖാന്റെ അർധ സഹോദരനാണ് (stepbrother) ഹൈദർ അലി ഖാൻ. അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്സിൽ കാബിൻ ക്രൂ അംഗമായി ജോലി ചെയ്തിരുന്നു. പിന്നീട് സിനിമയിലും അഭിനയരംഗത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: aamir-khan-stepbrother-hyder-ali-khan-struggle-iva-grover