പൊട്ടിക്കരഞ്ഞ് ആമിർ ഖാൻ, ബന്ധങ്ങൾ നഷ്ടമായത് 'ഭ്രാന്തനെപ്പോലെ' ജോലി ചെയ്തതുകൊണ്ട്

ആമിർ ഖാൻ / ഇൻസ്റ്റഗ്രാം(amirkhanactor)
ആമിർ ഖാൻ / ഇൻസ്റ്റഗ്രാം(amirkhanactor)

തന്റെ അഭിനയജീവിതത്തെപ്പറ്റി സിംഗപ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം ആമിർ ഖാൻ നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ധേയമാവുകയാണ്. മൂന്ന് പതിറ്റാണ്ടുകളായി ഇടവേളകളില്ലാതെ ജോലി ചെയ്തത് കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുത്തിയെന്നു പറഞ്ഞ് ആമിർ പൊട്ടിക്കരഞ്ഞു.

ചലച്ചിത്രമേളയിൽ വെച്ച് പ്രശസ്ത ഹോങ്കോങ് ചലച്ചിത്ര സംവിധായകൻ പീറ്റർ ചാൻ ഹോസൺ ആമിറിന് 'സ്‌ക്രീൻ ഐക്കൺ അവാർഡ്' സമ്മാനിച്ചിരുന്നു. തുടർന്ന് സിംഗപ്പൂർ ഹാസ്യനടൻ റിഷി ബുധ്രാണിയുടെ വേദിയിലാണ് ആമിർ സ്വന്തം ജീവിതത്തെപ്പറ്റി സംസാരിച്ചത്.

കരിയറിലെ ഏറ്റവും മോശം നിമിഷത്തെപ്പറ്റി ചോദിച്ചപ്പോൾ ആമിറിന്റെ മറുപടിയിങ്ങനെയായിരുന്നു- “കോവിഡ് കാലത്ത് ഞാൻ ചിന്തിച്ചു. എന്റെ ജീവിതത്തിൽ ഏകദേശം 30 വർഷം കഴിഞ്ഞിരിക്കുന്നു. ഒന്നോ രണ്ടോ അഞ്ചോ വർഷം ഭ്രാന്തനെപ്പോലെ, ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായും മുഴുകി ജോലി ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഇത് 30 വർഷം നീണ്ടുനിൽക്കുമ്പോൾ, ബന്ധങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികൾ വളർന്നു, അവരിപ്പോൾ മുതിർന്നവരായി. അതുകൊണ്ട് എനിക്ക് കടുത്ത നഷ്ടബോധമാണ്”

സംസാരത്തിനിടെ ഇടയ്ക്ക് നിർത്തി ആമിർ പൊട്ടിക്കരഞ്ഞു. തുടർന്ന് സദസ്സ് കയ്യടിച്ചപ്പോൾ താരം ക്ഷമചോദിച്ച് സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ഈ അനുഭവം തന്നെ ഒരു വലിയ മാറ്റത്തിന് പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ നാല് വർഷമായി കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമായി ബോധപൂർവ്വം സമയം മാറ്റിവെക്കുന്നുണ്ട്. “ഈ ചിന്ത എനിക്ക് 86-ാം വയസ്സിലല്ല, 56-ാം വയസ്സിൽ ഉണ്ടായതിൽ വലിയ സന്തോഷമുണ്ട്. 86-ാം വയസ്സിലാണെങ്കിൽ പിന്നെ ചെയ്യാനൊന്നും അവശേഷിക്കില്ലായിരുന്നു,”-കണ്ണീർ തുടച്ചുകൊണ്ട് ആമിർ കൂട്ടിച്ചേർത്തു.

പരാജയങ്ങളോർത്ത് നടൻ 

കരിയറിന്റെ തുടക്കത്തിലെ മറ്റൊരു പ്രതിസന്ധി ഘട്ടവും അദ്ദേഹം ഓർത്തെടുത്തു. ആദ്യ ചിത്രം വൻ വിജയമായതോടെ, ആറു മാസത്തിനുള്ളിൽ ഒൻപത് സിനിമകളിൽ ഒപ്പുവെച്ചിരുന്നു താനെന്ന് ആമിർ ഓർത്തു. പക്ഷേ, ചിത്രീകരണം ആരംഭിച്ചപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹം മനസ്സിലാക്കിയത്. ആ സിനിമകൾ ഓരോന്നായി പരാജയപ്പെട്ടു. താൻ വീട്ടിൽ വന്ന് അന്നത്തെ ഭാര്യ റീനയുടെ മുന്നിൽ കരയുമായിരുന്നുവെന്ന് ആമിർ പറഞ്ഞു.  

“ആ സമയത്ത് മാനസികമായും വൈകാരികമായും ഞാനൊരു ചതുപ്പിൽ അകപ്പെട്ടതുപോലെ എനിക്ക് തോന്നി. പതുക്കെ താഴേക്ക് പോവുകയായിരുന്നു, പുറത്തുകടക്കാൻ എത്രയധികം പാടുപെട്ടോ, അത്രയധികം ഞാൻ ആഴത്തിലേക്ക് പോയി”-ആമിർ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aamir Khan wept on stage at the Singapore International Film Festival while discussing career lows., He admitted that 30 years of nonstop work cost him precious time with his family and children.