തല അജിത് മുതല്‍ ജ്യോതിര്‍മയി വരെ: സാള്‍ട്ട് ആന്റ് പെപ്പറില്‍ സ്റ്റൈലിഷായ താരങ്ങള്‍

ആളുകള്‍ക്കിടയില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് തിളങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അല്പം നരകയറിയ മുടിയും താടിയുമെല്ലാം അതേ രീതിയില്‍ വെക്കുന്നതാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. ചിലര്‍ക്ക് സ്വാഭാവികമായി തന്നെ പ്രായമാവുമ്പോള്‍ സാള്‍ട്ട് ആന്റ് ലുക്കായിരിക്കും. അതവര്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. മറ്റുചിലര്‍ സില്‍വര്‍ ഹെയര്‍കളര്‍ ചെയ്തും ഈ ലുക്ക് വരുത്താറുണ്ട്.
മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി, ശശി തരൂര്‍, അരുന്ധതി റോയ് തുടങ്ങിയവരുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സിനിമാതാരങ്ങളും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന്റെ വലിയ ആരാധകരാണ്. പ്രത്യേകിച്ച് ബോളിവുഡ് നടന്‍മാര്‍. സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍, മിലിന്ദ് സോമന്‍, ഹൃത്വിക് റോഷന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവര്‍ ഈ ലുക്കിലേക്ക് മാറി. 'ദംഗലി'ല്‍ മഹാവീര്‍ സിങ് ഫോഗട്ട് എന്നയാളായിട്ടാണ് ആമിര്‍ ഖാന്‍ എത്തിയത്. അതില്‍ അദ്ദേഹത്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ വേറിട്ടുനിന്നു.
തമിഴില്‍ നടന്‍ അജിത് ഏറെക്കാലമായി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ്. അതിന് ആരാധകരുമേറെ. ബ്ലോക്ബസ്റ്റര്‍ സിനിമയായ 'കബാലി'യില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കായിരുന്നു രജനീകാന്തിന്. 'ജയിലര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോഴും, ആകര്‍ഷകമായത് രജനീകാന്തിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ തന്നെ.
'ഗ്രാന്‍ഡ്മാസ്റ്ററി'ല്‍ മോഹന്‍ലാലും 'സെവന്‍ത് ഡേ' എന്ന സിനിമയില്‍ പൃഥ്വിരാജും 'കമ്മട്ടിപ്പാട'ത്തില്‍ ദുല്‍ഖര്‍ സല്‍മാനും സാള്‍ട്ട് ആന്റ് പെപ്പറില്‍ തിളങ്ങി. മീശമാധവന്‍, പട്ടാളം എന്നീ സിനിമകളിലൂടെ തിളങ്ങിയ നടി ജ്യോതിര്‍മയി, 'ബൊഗെയ്ന്‍വില്ല' എന്ന സിനിമയിലൂടെ ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. സിനിമയില്‍നിന്നെല്ലാം അകന്ന് ജീവിച്ചിരുന്ന ജ്യോതിര്‍മയി ഈയടുത്താണ് പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. മുടി മൊട്ടയടിച്ചും അല്ലാതെയുമൊക്കെ അവര്‍ വന്നു. അതിലേറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജ്യോതിര്‍മയിയുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കാണ്. കാലം മാറിയപ്പോള്‍, അഭിനേതാക്കളെ ടിപ്പിക്കല്‍ ലുക്കില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ക്കില്ലെന്ന് ജ്യോതിര്‍മയി പറയുന്നു.
ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
- ഈ ലുക്കില്‍ താടിയും മീശയും അധികം വളര്‍ത്തരുത്. ഇടയ്ക്കിടയ്ക്ക് ട്രിം ചെയ്യണം. എങ്കിലേ ഈ ലുക്കിന് ഭംഗിയുണ്ടാവൂ.
- സ്ത്രീകളുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ഒരുപാട് മേക്കപ്പ് ചേരില്ല. മിതമായ മേക്കപ്പ് മാത്രം മതി. എന്നാല്‍, ഡാര്‍ക്ക്-ബോള്‍ഡ് ലിപ്‌സ് നല്ല സ്റ്റൈലിഷ് ലുക്ക് തരും. ബ്രൈറ്റ് ബെറി, ഡാര്‍ക്ക് പിങ്ക് ഷേഡുകൾ തിരഞ്ഞെടുക്കാം.
- സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ഹെയര്‍സ്റ്റൈല്‍ മാറ്റിയാല്‍ കൂടുതല്‍ സ്റ്റൈലിഷാവാം. മുടി താടിക്ക് തൊട്ടുതാഴെ വെച്ച് ബോബ് കട്ട് ചെയ്യുന്ന ചിന്‍ ബോബ് കട്ട്, വശങ്ങളിലും പിന്നിലും പരമാവധി ട്രിം ചെയ്യുന്ന പിക്‌സി കട്ട്...ഇതൊക്കെ നല്ല ഭംഗിയായിരിക്കും. ചുരുളന്‍മുടിയിലും സ്‌ട്രെയിറ്റ് ഹെയറിലും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് കൊടുക്കുന്നതും ഭംഗിയായിരിക്കും.
Content Highlights: salt and pepper style