ആടിന്റെ കാലുപോലെയിരുന്ന മട്ടണ്‍ സ്ലീവ്; ഡയാന രാജകുമാരിയുടെ ജൂലിയറ്റ് സ്ലീവ്

ഇന്നലെയായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍, പരമ്പരാഗതരീതിയിലാണ് കീര്‍ത്തി ഒരുങ്ങിയത്. പട്ടുപുടവയ്ക്കൊപ്പം ധരിച്ചത് പഫ് സ്ലീവുള്ള ബ്ലൗസാണ്. ഒരുകാലത്ത് ആളുകള്‍ക്കേറെ പ്രിയപ്പെട്ട ഈ സ്ലീവ് ഇടയ്ക്കൊന്ന് മങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും വസ്ത്രങ്ങളിലേക്ക് അത് തിരിച്ചുവരികയാണ്.
അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന്റെ വിവാഹവും ഈയടുത്ത ദിവസങ്ങളിലായിരുന്നു. വിവാഹത്തിന് ആലിയയുടെ അടുത്തസുഹൃത്ത് കൂടിയായ ഖുഷി കപൂര്‍ ധരിച്ചത് റാണി പിങ്കില്‍ ഹെവി എംബ്രോയ്ഡറിചെയ്ത സാരിയാണ്. സാരിയുടെ ഭംഗി കൂട്ടാന്‍ പഫ് സ്ലീവുള്ള ബ്ലൗസാണ് ഖുഷിയും തിരഞ്ഞെടുത്തത്.
'പുഷ്പ-1'ല്‍ രശ്മിക മന്ദാനയെ അവതരിപ്പിച്ചതും സിംപിള്‍ സാരിക്കൊപ്പം പഫ് സ്ലീവുള്ള ബ്ലൗസിലാണ്. ബ്ലൗസുകളില്‍ മാത്രമല്ല, മിഡി ഡ്രസ്സിലും മാക്സി ഡ്രസ്സിലുമെല്ലാം ഈ പഫ് സ്ലീവ് തിരിച്ചുവരുന്നു.
യൂറോപ്പില്‍നിന്നാണ് ഈ സ്ലീവിന്റെ വരവ്. ജൂലിയറ്റ് സ്ലീവ് എന്നും ഇതിന് പേരുണ്ട്. ഷേക്സ്പിയറിന്റെ 'റോമിയോ ആന്റ് ജൂലിയറ്റി'നുശേഷമാണ് ആ പേരുവന്നത്. ഷോള്ഡറില് വലിയ പഫ്, താഴേക്ക് വരുമ്പോള്‍ അത് ചുരുങ്ങിയിരിക്കുകയും ചെയ്യും. അതാണ് ജൂലിയറ്റ് സ്ലീവ്.
പതിനാലാം നൂറ്റാണ്ടിലാണ് ഈ സ്ലീവിന്റെ കടന്നുവരവെന്ന് പറയപ്പെടുന്നു. അന്ന് രാജകുടുംബങ്ങളിലുള്ളവരാണ് ഇത് ധരിച്ചിരുന്നത്. പഫ് സ്ലീവ് ഡ്രസ്സുകളായിരുന്നു അവര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി.
19-ാം നൂറ്റാണ്ടിലാണ് പിന്നെ തിരിച്ചുവന്നത്. ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ മധ്യവര്‍ഗകുടുംബങ്ങളിലെ സ്ത്രീകളാണ് അന്ന് പഫ് സ്ലീവ് വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നത്. വലിയ പഫായിരുന്നു അന്ന് പ്രിയം. മട്ടണ്‍ സ്ലീവ് എന്നാണ് ഫ്രാന്‍സില്‍ ഇത് അറിയപ്പെട്ടിരുന്നത്. ആടിന്റെ കാലുപോലെ ഉള്ളതുകൊണ്ടാണ് ആ പേരുവന്നത്. കൗമാരക്കാര്‍ക്കിടയിലാണ് അത് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്.
1960-കളില്‍ 'റോമിയോ ആന്റ് ജൂലിയറ്റ്' സിനിമ വന്നതോടെ, ജൂലിയറ്റ് സ്ലീവ് ജനപ്രിയമായി. ഡയാന രാജകുമാരി തന്റെ വിവാഹത്തിനണിഞ്ഞത് വലിയ പഫ് സ്ലീവുള്ള ഗൗണാണ്.
Content Highlights: puff sleeve is back