ഒരു ജോഡി ചെരിപ്പിന് 84,043 രൂപ, കോലാപുരി ചെരിപ്പുകളില്‍ പ്രീമിയം കളക്ഷനുമായി പ്രാഡ

എഐ നിർമ്മിത ചിത്രം
എഐ നിർമ്മിത ചിത്രം

ഫാഷന്‍ ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് പ്രാഡ. വൻവിലയിൽ പരമ്പരാഗത ഇന്ത്യൻ കോലാപുരി ചെരുപ്പിന്റെ പുതിയ പ്രീമിയം കളക്ഷനുകളുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ഒരു ജോഡി ചെരിപ്പിന്റെ വില ഏകദേശം 84,043 രൂപ (930 ഡോളര്‍) വരെയായിരിക്കും! 

ഇന്ത്യയുടെ പരമ്പരാഗത പാദരക്ഷകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാന്‍ഡല്‍ ചെരിപ്പുകളുടെ  ഒരു ശേഖരം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രാഡയുടെ സീനിയര്‍ എക്‌സിക്യൂട്ടീവായ ലോറന്‍സോ ബെര്‍ട്ടെല്ലി, റോയിട്ടേഴ്‌സിനോട് നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യവും ഇറ്റാലിയന്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര, കര്‍ണാടക മേഖലകളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കരാര്‍ പ്രകാരം 2,000 ജോഡി ചെരിപ്പുകള്‍ നിര്‍മ്മിക്കാനാണ് ഇറ്റാലിയന്‍ ആഢംബര ഗ്രൂപ്പിന്റെ പദ്ധതി. 

നിര്‍മ്മാതാവിന്റെ കഴിവുകളും തങ്ങളുടെ സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുകയാണ് ഇതിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2026 ഫെബ്രുവരിയില്‍ ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഇവ വില്‍പ്പനയ്ക്കെത്തും. 

ആറ് മാസം മുമ്പ് മിലാനിലെ ഒരു ഷോയില്‍ 12-ാം നൂറ്റാണ്ടിലെ 'കോലാപുരി ചെരുപ്പി'ന് സമാനമായ ചെരിപ്പുകള്‍ പ്രാഡ പ്രദര്‍ശിപ്പിച്ചിരുന്നു, ഇതിന് വലിയ വിമർശനമാണ് നേരിട്ടത്. ഇന്ത്യന്‍ കരകൗശല വിദ്യ കോപ്പിയടിച്ചതിന്റെ പേരിലായിരുന്നു വിമർശനം. 

തങ്ങളുടെ രൂപകല്‍പ്പന പുരാതന ഇന്ത്യന്‍ ശൈലികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പ്രാഡ പിന്നീട് സമ്മതിച്ചു. ഒപ്പം ഭാവിയിലെ സഹകരണത്തിനായി കരകൗശല വിദഗ്ധരുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. 

'സന്ത് റോഹിദാസ് ലെതര്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ചര്‍മ്മകാര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍' , 'ഡോ. ബാബു ജഗ്ജീവന്‍ റാം ലെതര്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍' എന്നീ സ്ഥാപനങ്ങളുമായി പ്രാഡ കരാറൊപ്പിട്ടുകഴിഞ്ഞു. ഇന്ത്യയിലെ കരകൗശല വിദഗ്ധർക്ക്, ഇറ്റലിയിലെ പ്രാഡയുടെ അക്കാദമിയില്‍, പരിശീലന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് കോലാപുരി ചെരിപ്പുകളുടെ ഉത്ഭവം. പ്രാദേശിക കരകൗശല വിദഗ്ധരാണ് ഇവ നിർമിക്കുന്നത്. പ്രാഡയുടെ ഉത്പന്നങ്ങളിൽ ഉൾപ്പെടുത്തിയതോടെ കോലാപുരി ചെരിപ്പുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നും, കരകൗശല വിദഗ്ധര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുമെന്നും  ബെര്‍ട്ടെല്ലി പറഞ്ഞു. ഒപ്പം യുവതലമുറയെ കൂടുതലായി ഈ തൊഴിലിലേക്ക് ആകര്‍ഷിക്കുമെന്നുമാണ് പ്രതീക്ഷ.

ഈ വര്‍ഷം പ്രാഡ, ഡല്‍ഹിയില്‍ തങ്ങളുടെ ആദ്യത്തെ ബ്യൂട്ടി സ്റ്റോര്‍ തുറന്നിരുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ പുതിയ റീട്ടെയില്‍ വസ്ത്ര കടകളോ ഫാക്ടറികളോ സ്ഥാപിക്കാന്‍ പദ്ധതിയില്ലെന്നും മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കാമെന്നും കമ്പനി സൂചന നൽകുന്നു. 

ഡെലോയിറ്റിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ആഢംബര ഉല്‍പ്പന്ന വിപണി, 2024-ല്‍ ഏകദേശം 7 ബില്യണ്‍ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും ഇത് ഏകദേശം 30 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Prada transforms a cultural controversy into a premium Kolhapuri sandal collection, collaborating with Indian artisans. Discover the limited edition luxury footwear.