ആഞ്ജലീന ജോളിയോ ജെന്നിഫര്‍ ലോപസോ അല്ല, സുന്ദരി ഈ 62-കാരിയെന്ന് പീപ്പിള്‍ മാഗസിന്‍

ഡെമി മൂര്‍ | AFP
ഡെമി മൂര്‍ | AFP

2025-ലെ ലോകത്തെ ഏറ്റവും സുന്ദരിയായ വനിതയായി പീപ്പിള്‍ മാഗസിന്‍ തിരഞ്ഞെടുത്തിരിക്കുന്നത് 62-കാരിയായ ഒരു ഹോളിവുഡ് നടിയെയാണ്. സൗന്ദര്യത്തെ യുവത്വവുമായി ബന്ധപ്പെടുത്തി വായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയെങ്കിലും ഈ കാഴ്ചപ്പാടിന് ഒരു തിരുത്തലാണ് മാഗസിന്റെ പുതിയ പ്രഖ്യാപനം. ഹോളിവുഡ് സൂപ്പര്‍ താരം ഡെമി മൂര്‍ ആണ് പീപ്പിളിന്റെ ഇക്കൊല്ലത്തെ സുന്ദരി. മാഗസിന്റെ മെയ് ലക്കത്തിന്റെ കവറും ഡെമിയാണ്. ഈ സ്ഥാനമലങ്കരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളാണ് ഡെമി. 

ഏറെക്കാലത്തിനുശേഷം 'ദി സബ്സ്റ്റന്‍സ്' എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് ഡെമി വീണ്ടും ജനശ്രദ്ധ നേടിയത്. പ്രശംസകളേറെ പിടിച്ചുപറ്റിയ ചിത്രം ഓസ്‌കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഡെമിക്ക് നേടിക്കൊടുത്തു. 60-കളിലും താന്‍ സുന്ദരിയെന്ന് വിളിക്കപ്പെടുമ്പോള്‍ തന്റെ ശരീരത്തെ ഇപ്പോഴുള്ള അവസ്ഥയിലെത്തിച്ച എല്ലാറ്റിനോടും അവര്‍ നന്ദി പറയുകയാണ്. അതിനെയെല്ലാം വിലമതിക്കുന്നു. എന്നാല്‍, ചിലപ്പോഴൊക്കെ കണ്ണാടിയില്‍ നോക്കി 'ഓ ദൈവമേ, എനിക്ക് വയസ്സായി' അല്ലെങ്കില്‍ 'ഓ, എന്റെ മുഖം വാടിപ്പോകുന്നു' എന്നൊക്കെ പറഞ്ഞുപോകാറുണ്ടെന്നും താരം പറയുന്നു. തനിക്കു സംഭവിച്ച വ്യത്യാസം എന്താണെന്ന് അറിയാം,  അത് തന്റെ മൂല്യത്തെയോ താന്‍ ആരാണെന്നതിനെയോ നിര്‍വചിക്കുന്നില്ലെന്നും.

ശരീരത്തെ പീഡിപ്പിച്ച കാലം
ചെറുപ്പത്തില്‍ പൂര്‍ണതയുള്ള ശരീരത്തിനായി സ്വയം പീഡിപ്പിച്ചിരുന്നുവെന്നും നടി പറയുന്നുണ്ട്. 'ശരിക്കും എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു. ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എന്റെ ശരീരം എന്നെ വഞ്ചിക്കുന്നതായി എനിക്ക് തോന്നി. അതിനാല്‍ ഞാന്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അതില്ല. ഇപ്പോള്‍ എനിക്ക് എന്റെ ശരീരവുമായി വളരെ ശാന്തമായ ബന്ധമാണ്. ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോഴും ദാഹിക്കുമ്പോഴും ഇന്ന് ഞാന്‍ എന്റെ ശരീരത്തെ ശ്രദ്ധിക്കുന്നു, എനിക്ക് ഭയം വളരെ കുറവാണ്. ഇതാണ് കൂടുതല്‍ യോജിച്ച ബന്ധം'-അവര്‍ പറഞ്ഞു.

1962-ല്‍ ജനിച്ച ഡെമി മൂര്‍, ഒരു മോഡലായിട്ടാണ് കരിയര്‍ തുടങ്ങുന്നത്. കൗമാരപ്രായത്തില്‍ 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന ഓപെറയിലൂടെ അഭിനയജീവിതം തുടങ്ങി. ഗോസ്റ്റ്, എ ഫ്യൂ ഗുഡ് മെന്‍, ഇന്‍ഡീസെന്റ് പ്രൊപ്പോസല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന അവര്‍, 1996-ല്‍ സ്ട്രിപ്റ്റീസ് എന്ന ചിത്രത്തിലൂടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി. ഇടവേളയ്ക്കുശേഷം 2024-ല്‍ ദി സബ്സ്റ്റന്‍സിലൂടെയാണ് ഡെമി ഹോളിവുഡ് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയത്.


 

Content Highlights: people magazine revealed its most beautiful person of 2025