200 കോടിയുടെ കൈത്തള ധരിച്ച് നിത അംബാനി; മുഗൾ ചക്രവർത്തിയുടെ കാലത്തേതെന്ന് ചിലർ

കരകൗശലവസ്തുക്കൾക്കുമാത്രമായുള്ള സ്വദേശ് സ്‌റ്റോറിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി അംബാനി കുടുംബം ഒരു പൂജ നടത്തിയിരുന്നു. അതിനായി നിത അംബാനി എത്തിയത് മധുരൈ കോട്ടൺ ഗർച്ചോള സാരി ധരിച്ചാണ്. പിങ്ക് നിറത്തിലുള്ള സാരിക്ക് കോൺട്രാസ്റ്റ് നിറത്തിലുള്ള ബ്ലൗസാണ് തിരഞ്ഞെടുത്തത്. പത്തുമാസമെടുത്താണത്രേ ഈ സാരി നെയ്‌തത്. അതിനൊപ്പം മൾട്ടി ജെം സ്റ്റഡഡ് നെക്ലേസാണ് അവർ ധരിച്ചത്.
പക്ഷേ അവരുടെ ആഭരണങ്ങളിൽ ഏറ്റവും ശ്രദ്ധനേടിയത് സ്വർണത്തിന്റെ ആം ബാൻഡാണ് (കൈത്തള). നിത അംബാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും അതുതന്നെ. പലർക്കും അപ്പോൾ ഓർമവന്നത് നിത അംബാനിയുടെ വിവാഹസമയത്തെ ഫോട്ടോയാണ്. 1985-ൽ മുകേഷ് അംബാനിയുമായുള്ള വിവാഹസമയത്തും ഈ കൈത്തളയാണ് അവരിട്ടത്. 'ബാജുബന്ധ്' എന്നാണ് അതിന്റെ പേര്. വിവാഹസമയത്ത് ധരിച്ചതും ഗർച്ചോള സാരി തന്നെ. നിത അംബാനിക്ക് പാരമ്പര്യമായി ലഭിച്ച ആഭരണമാണത്. മുതുമുത്തശ്ശിയിൽനിന്ന് അമ്മയിലേക്കും അവിടുന്ന് നിതയിലേക്കും എത്തിയ കൈത്തള.
ആഭരണങ്ങളുടെ വിലയുടെ കാര്യത്തിലും, ഡിസൈനിന്റെ കാര്യത്തിലും എന്നും വാർത്തകളിലിടം പിടിക്കുന്ന വ്യക്തിയാണ് നിത അംബാനി. അതിൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ടതും കൈത്തളയാണ്. 2024-ൽ മിസ് വേൾഡ് മത്സരത്തിൽ അതിഥിയായി എത്തിയപ്പോൾ അവർ ധരിച്ചതും 200 കോടിയുടെ കൈത്തളയാണ്. സ്വർണവും ഡയമണ്ടും റൂബിയുമെല്ലാമുള്ളതാണ് ആ കൈത്തള. അതുകണ്ടപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആ ആഭരണമെന്ന് പലരും പറഞ്ഞു.
എന്നാൽ, ഒരു ഇൻസ്റ്റഗ്രാം പേജ് മറ്റൊരു കണ്ടുപിടുത്തവുമായെത്തി. മുഗൾ ചക്രവർത്തി ഷാജഹാന്റെ തലപ്പാവിലുണ്ടായിരുന്ന രത്‌നങ്ങളാണ്, ഈ കൈത്തളയിലുമുള്ളതെന്നായിരുന്നു അവരുടെ വാദം. അനന്ത് അംബാനിയുടെ വിവാഹസമയത്ത് അവർ ധരിച്ച ആം ബാൻഡും ഏറെ വിലപിടിപ്പുള്ളതാണ്. 200 കോടിയോളം വരുന്ന അതിൽ റൂബി, ഡയമണ്ട് തുടങ്ങിയവ പതിപ്പിച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: nita ambani wears her heirloom gold arm band, passed down through generations, at a recent event