ജനങ്ങളെ എലികളായി കണ്ട ഭരണകൂടവും പ്രതിരോധത്തിന്റെ ജലസമാധി സമരവും

സാരിത്തിരമാല
സാരിത്തിരമാല

ദൈവമേ, ഈ എഴുത്ത് എവിടെയാണ് അവസാനിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല. സാരികൾ തേടിയുള്ള യാത്രകളിൽ ഞാൻ കണ്ടുമുട്ടുന്നത് വെറും നെയ്ത്തുകാരെയോ തുണിത്തരങ്ങളെയോ മാത്രമല്ല; മറിച്ച്, ആ സാരികളുടെ നൂലുകളിൽ തുന്നിച്ചേർത്ത മനുഷ്യരുടെ പച്ചയായ ജീവിതങ്ങളെയാണ്.

പ്രകൃതിയോടും ഭരണകൂടത്തോടും പടവെട്ടി ജീവിക്കുന്ന ഒരു ജനതയുടെ വേദനകൾ കാണുമ്പോൾ, അതൊന്നും എഴുതാതെ വെറും 'സാരിക്കഥ' മാത്രമായി ഈ പംക്തി പൂർത്തിയാക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എങ്കിലും, നർമ്മദയിലെ മനുഷ്യരുടെ ഈ കഥയോടു കൂടി ഇവിടുത്തെ അധ്യായം അവസാനിപ്പിച്ച് അടുത്ത ലക്കത്തിൽ മറ്റൊരു ലോകത്തേക്ക് പോകണമെന്ന് വിചാരിക്കുന്നു.

വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും നശിച്ചുപോയ ഗ്രാമങ്ങൾ! ടിവിയിലോ പത്രങ്ങളിലോ കാണുന്നതിനേക്കാൾ എത്രയോ ഭീകരമാണ് അവ നേരിട്ട് കാണുമ്പോൾ അനുഭവപ്പെടുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടും നമ്മളിൽ പലർക്കും കൃത്യമായി അറിയാതെ പോയ, നർമ്മദയുടെ തീരങ്ങളിൽ നടന്ന 'ജലസമാധി സമരം' എന്ന സമാനതകളില്ലാത്ത പോരാട്ടത്തെക്കുറിച്ച് ഈ ലക്കത്തിൽ ഞാൻ പറയട്ടെ.

സർദാർ സരോവർ അണക്കെട്ടിന്റെ ഉയരം ഓരോ മീറ്റർ വീതമാണ് കാലാകാലങ്ങളായി ഭരണകൂടം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഡാമിന്റെ ഉയരം കൂട്ടുമ്പോൾ, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരും. ഇത് മുൻകൂട്ടി കണ്ടുകൊണ്ട്, തലമുറകളായി അവിടെ താമസിച്ചിരുന്ന മനുഷ്യരോട് എവിടെയോ ഒരു തുണ്ട് ഭൂമി തരാമെന്നും അങ്ങോട്ട് മാറിപ്പോകണമെന്നും ഭരണകൂടം ഒട്ടും ദയയില്ലാതെ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം മണ്ണിൽ, ഏറ്റവും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളിൽ ചോരനീരാക്കി അധ്വാനിച്ച് അന്തസ്സായി ജീവിച്ചിരുന്ന മനുഷ്യരോടാണ് യാതൊരു ഉറപ്പുമില്ലാത്ത പുനരധിവാസം കാണിച്ച് അവിടം വിട്ടുപോകാൻ ആവശ്യപ്പെടുന്നത്.

ഇതിന് മുൻപും പല തവണ സമാനമായ ഒഴിപ്പിക്കലുകൾ നടന്നിരുന്നുവെങ്കിലും 2017-ൽ മേധാ പട്കറുടെ നേതൃത്വത്തിൽ നർമ്മദയിൽ നടന്നത് അതിശക്തമായ ഒരു ജലസമാധി സമരമായിരുന്നു. ഒരു കാരണവശാലും സ്വന്തം വീടും മണ്ണും വിട്ടുപോകില്ലെന്ന് ഗ്രാമവാസികൾ ഒന്നടങ്കം പ്രഖ്യാപിച്ചു. നദിക്കരയിൽ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്ന ജനക്കൂട്ടം മേധയ്‌ക്കൊപ്പം ഉറച്ചുനിന്നു.

എന്നാൽ ഈ ജനതയോട് ഭരണകൂടം കാണിച്ച ക്രൂരത വാക്കുകൾക്ക് അപ്പുറമാണ്. 'മാളത്തിൽ വെള്ളം കയറുമ്പോൾ എലികൾ ഓടിപ്പോകുന്നതുപോലെ ജനങ്ങൾ പൊയ്‌ക്കോളും, നമ്മൾ അവരെക്കുറിച്ച് ആലോചിക്കേണ്ടതില്ല, കാരണം ഇത് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണ്' എന്നായിരുന്നു അന്നത്തെ ഒരു കേന്ദ്രമന്ത്രിയുടെ ക്രൂരമായ പ്രതികരണം!
ലോകത്തിലെ തന്നെ ഏറ്റവും ആദിമ സംസ്‌കാരങ്ങളിലൊന്നും അതീവ ഫലഭൂയിഷ്ഠവുമായ നിമാട്, ബർവാണി ഗ്രാമങ്ങളിൽ വെള്ളം ഉയർന്നുവന്നപ്പോഴും, 'ഞങ്ങൾ എങ്ങോട്ടും മാറിപ്പോകില്ല' എന്നുപറഞ്ഞ് ‌ജീവിക്കാനുള്ള അവകാശത്തിനായി കൃഷിക്കാർ പോരാടി. ഉയർന്നു വന്ന വെള്ളം ഗ്രാമത്തെ ഒന്നാകെ വിഴുങ്ങുന്നത് ലോകം മുഴുവൻ ലൈവായി കണ്ടുകൊണ്ടിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒടുവിൽ 'ജീവൻ രക്ഷിക്കാൻ' എന്ന വ്യാജേന, രണ്ടായിരത്തോളം പോലീസുകാരെ ഇറക്കി, കഴുത്തോളം വെള്ളത്തിൽ മുങ്ങിനിന്ന മേധാ പട്കർ ഉൾപ്പെടെയുള്ള സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റുകയായിരുന്നു.

ലോകത്തിലെതന്നെ ഏറ്റവും വലിയ പുനരധിവാസ പോരാട്ടങ്ങളുടെ ചരിത്രത്തിൽ 'ജലസമാധി സമരം' എന്ന പേരിൽ ഈ സമരം രേഖപ്പെടുത്തപ്പെട്ടു.

(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Historical account of the 2017 Narmada Jal Satyagraha., The struggle of indigenous communities against forced displacement., Critique of government policies regarding dam construction and rehabilitation., Medha Patkar's role in the resistance against the Sardar Sarovar Dam expansion.