ഗൂഗിളില്‍ ചന്ദ്രന്‍ വരുന്ന സമയം നോക്കി കത്രീന കൈഫ്;ട്രാക്ക് സ്യൂട്ടണിഞ്ഞ് പ്രിയങ്ക ചോപ്ര

കര്‍വ ചൗഥ് ആഘോഷമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ വടക്കേ ഇന്ത്യയില്‍. ബോളിവുഡ് സെലിബ്രിറ്റികള്‍ മനോഹരമായ വസ്ത്രങ്ങളണിഞ്ഞാണ് അതിന്റെ ഭാഗമായത്. എല്ലാവരും ചുവപ്പ്, ചുവപ്പിന്റെ പല വകഭേദങ്ങള്‍, പിങ്ക് എന്നീ നിറങ്ങളിലുള്ള കോസ്റ്റിയൂമാണ് തിരഞ്ഞെടുത്തത്.
മെഹന്ദിയും നെറുകയില്‍ സിന്ദൂരവുമൊക്കെ അണിഞ്ഞാണ് പ്രിയങ്ക ചോപ്ര കര്‍വ ചൗഥ് ആഘോഷിച്ചത്. മെറൂണ്‍ നിറത്തിലുള്ള ട്രാക്ക് സ്യൂട്ടാണ് പ്രിയങ്ക ധരിച്ചത്, ഒപ്പം ഒരു ചുവപ്പ് ദുപ്പട്ടയും. ലണ്ടനില്‍വെച്ചായിരുന്നു പ്രിയങ്കയുടെയും നിക് ജോനസിന്റെയും ആഘോഷങ്ങള്‍.
സോഫ്റ്റ് പിങ്ക്-ഗോള്‍ഡ് കോമ്പിനേഷനിലുള്ള സാരിയാണ് കത്രീന കൈഫ് ധരിച്ചത്. ഒപ്പം ഡാര്‍ക്ക് പിങ്ക് വെല്‍വെറ്റിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും. അതിനൊപ്പം ഹാങ്ങിങ് കമ്മലും മംഗള്‍സൂത്രയും(താലി). വിക്കി കൗശലിനും വിക്കിയുടെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു കത്രീനയുടെ ആഘോഷം. വിക്കിയും തനിക്കൊപ്പം കര്‍വ ചൗഥിന് വ്രതം നോല്‍ക്കാറുണ്ടെന്ന് മുമ്പൊരു അഭിമുഖത്തില്‍ കത്രീന പറഞ്ഞിട്ടുണ്ട്. ''ഏറ്റവും മനോഹരമായ കാര്യമെന്തെന്നാല്‍ വിക്കിയും എനിക്കൊപ്പം വ്രതമെടുക്കും. ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല. വിക്കി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. വിക്കി ഇതുപോലുള്ള ഏത് കാര്യങ്ങളിലും എനിക്കൊപ്പമുണ്ടാവാറുണ്ട്''. കര്‍വ ചൗഥിന്റെ സമയത്ത് ഗൂഗിള്‍ ക്വീന്‍ എന്നാണ് വിക്കി കത്രീനയെ വിളിക്കുന്നത്. ചന്ദ്രന്‍ എപ്പോഴാണ് ഉദിക്കുന്നതെന്ന് ഗൂഗിളിനോട് ചോദിക്കുകയാണ് കത്രീനയുടെ പതിവെന്നും വിക്കി പറയുന്നു.
ശില്‍പ ഷെട്ടി ഡീപ് റെഡ് ലെഹങ്കയിലാണ് തിളങ്ങിയത്. അതേ മെറ്റീരിയലിലുള്ള ദുപ്പട്ട, സാരി പോലെ ധരിച്ചു. ദുപ്പട്ടയിലും സ്‌കര്‍ട്ടിലുമുള്ള ഫ്‌ളവര്‍ മോട്ടിഫുകളാണ് അതിന് മനോഹാരിത പകരുന്നത്. ഒപ്പം സ്ലീവ്‌ലെസ് ഡീപ്‌നെക്ക് ബ്ലൗസും. യോക്കിലും ബ്ലൗസിനു താഴെയുമുള്ള ഹെവി വര്‍ക്കാണ് പ്രത്യേകത. ഒപ്പം ഹെവി ചോക്കറും നിറയെ വളകളും മെഹന്ദിയുമണിഞ്ഞിരുന്നു ശില്‍പ. അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂറിന്റെ വീട്ടിലായിരുന്നു ശില്‍പയടക്കമുള്ള താരങ്ങളുടെ കര്‍വ ചൗഥ്.
വെള്ള അനാര്‍ക്കലി സ്യൂട്ട് സെറ്റായിരുന്നു രവീണ ഠണ്ടന്റേത്. അതില്‍ ഗോള്‍ഡന്‍ ഡീറ്റെയിലിങ്ങും. അതിനൊപ്പം ഗോള്‍ഡന്‍ ബോര്‍ഡറുള്ള പിങ്ക് ദുപ്പട്ടയുമണിഞ്ഞാണ് രവീണയെത്തിയത്. ലോ ബണ്‍ ഹെയര്‍സ്‌റ്റൈലും ബോള്‍ഡ് റെഡ് ലിപ്സ്റ്റിക്കും ഭംഗി കൂട്ടി.
വിവാഹശേഷമുള്ള ആദ്യ കര്‍വ ചൗഥായിരുന്നു സൊനാക്ഷി സിന്‍ഹയുടേത്. എംബ്രോയ്ഡറിയുള്ള ചുവപ്പ് സില്‍ക്ക് സാരിയാണ് സൊനാക്ഷി ധരിച്ചത്. ഒപ്പം മംഗള്‍സൂത്രയും നെറുകയില്‍ സിന്ദൂരവും.
വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ജനകീയവുമായ ആചാരമാണ് കര്‍വ ചൗഥ്. ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി രാവിലെ മുതല്‍ വൈകുന്നേരം വരെ സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുന്നതാണിത്. സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ നീണ്ടുനില്‍ക്കുന്നതാണ് വ്രതം. മെഹന്ദിയിട്ട് അണിഞ്ഞൊരുങ്ങിയാണ് അവരിത് ആഘോഷിക്കുന്നത്.
സൂര്യോദയത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നതോടെ വ്രതം തുടങ്ങുകയായി. കഥകള്‍ പറഞ്ഞും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദര്‍ശിച്ചും ചന്ദ്രന്‍ ഉദിക്കുന്നതുവരെയുള്ള കാത്തിരിപ്പാണ്. അതിനിടയില്‍ പൂജയ്ക്കായുള്ള താലവും തയ്യാറാക്കും. ഒരു പാത്രത്തില്‍ വെള്ളവും പൂക്കളുമൊക്കെയായിരിക്കും അതിലുണ്ടാവുക. ചന്ദ്രന്‍ ഉദിച്ചാല്‍ ഒരു അരിപ്പയിലൂടെ സ്ത്രീകള്‍ ആദ്യം ചന്ദ്രനെ നോക്കും, പിന്നീട് ഭര്‍ത്താവിനെയും. ഭര്‍ത്താവ് അവര്‍ക്ക് വെള്ളം നല്‍കുന്നതോടെ വ്രതം അവസാനിക്കും.
Content Highlights: karwa chauth celebrations of bollywood celebrities