മര്‍ലിന്‍ മണ്‍റോയും കാറ്റില്‍ പാറിപ്പറന്ന ആ കോക്ടെയില്‍ ഡ്രസ്സും

മര്‍ലിന്‍ മണ്‍റോ / ഫോട്ടോ: AP, Gettyimages
മര്‍ലിന്‍ മണ്‍റോ / ഫോട്ടോ: AP, Gettyimages

മര്‍ലിന്‍ മണ്‍റോയുടെ വളരെ പ്രശസ്തമായ ഒരു ഫോട്ടോയുണ്ട്. പറന്നുപൊങ്ങുന്ന ഡ്രസ്സിനെ ഒതുക്കിപ്പിടിക്കാനുള്ള ശ്രമത്തില്‍, ചിരിക്കുന്ന മുഖത്തോടെയുള്ള ഫോട്ടോ. 

1955-ല്‍ പുറത്തിറങ്ങിയ 'The Seven Year Itch' എന്ന സിനിമയില്‍നിന്നുള്ളതാണത്. കാറ്റില്‍ പറന്നുപൊങ്ങുന്ന വസ്ത്രം പിടിച്ചുനിര്‍ത്തുന്ന മണ്‍റോയുടെ ആ ചിത്രം പോപ് സംസ്‌കാരത്തിന്റെ പ്രതീകമായി മാറി. രണ്ടിടത്തുവെച്ചാണ് ആ ചിത്രമെടുത്തത്. സിനിമയ്ക്കായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ എന്നിങ്ങനെ രണ്ടുതവണയാണത്രേ ഈ സീന്‍ ഷൂട്ട് ചെയ്തത്. 

ഐവറി നിറത്തിലുള്ള കോക്ടെയില്‍ ഹാള്‍ട്ടര്‍ നെക്ക് ഡ്രസ്സാണിത്. ഓസ്‌കര്‍ ജേതാവും പ്രമുഖ കോസ്റ്റിയൂം ഡിസൈനറുമായ വില്യം ട്രാവില്ലയാണ് ഡിസൈന്‍ ചെയ്തത്. റയോണ്‍, ക്രെയ്പ് മെറ്റീരിയലുകളിലുള്ള വസ്ത്രങ്ങളാണ് ഈ സിനിമയ്ക്കായി മര്‍ലിനുവേണ്ടി ട്രാവില്ല തയ്യാറാക്കിയത്.

മര്‍ലിന്‍ അഭിനയിച്ച എട്ടോളം സിനിമകള്‍ക്ക് വസ്ത്രം ഡിസൈന്‍ ചെയ്തത് ട്രാവില്ല തന്നെ. മര്‍ലിന്റെ മരണശേഷം ഈ വസ്ത്രമുള്‍പ്പെടെയുള്ള മര്‍ലിന്റെ വസ്ത്രങ്ങള്‍ ട്രാവില്ല സൂക്ഷിക്കുകയായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടെന്നും പ്രചരണമുണ്ടായിരുന്നു. ഒടുവില്‍ ട്രാവില്ലയുടെ മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് ബില്‍ സെറിസ് ആണിത് പുറംലോകത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. ഹോളിവുഡ് മോഷന്‍ പിക്ചര്‍ മ്യൂസിയത്തില്‍ ഇവയെല്ലാം പ്രദര്‍ശനത്തിനുവെക്കുകയും ചെയ്തു. പിന്നീട്, 2011-ല്‍ ഇവയെല്ലാം ലേലത്തില്‍ വെച്ചപ്പോള്‍, റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മില്യണ്‍ ഡോളര്‍ പ്രതീക്ഷിച്ചടത്ത് 5 മില്യണ്‍ ഡോളറാണ് കിട്ടിയത്. 

ഈ ചിത്രം പിന്നീട് പലയിടത്തും ഉപയോഗിക്കപ്പെട്ടു. ഇതേ സീനും പല സിനിമകളിലും പല താരങ്ങളെവെച്ച് ചിത്രീകരിക്കപ്പെട്ടു.
 

Content Highlights: iconic photo of marilyn monroe