കൊട്ടാരംനർത്തകിമാരുടെ വസ്ത്രം;പിന്നീട് രാജകുമാരന്റെ കൊല്ലപ്പെട്ട പ്രണയിനിയുടെ പേര് ലഭിച്ചു

കത്രീന കൈഫ്, പ്രിയങ്ക ചോപ്ര / PTI
കത്രീന കൈഫ്, പ്രിയങ്ക ചോപ്ര / PTI

പല സിനിമകളിലും നൃത്തരംഗങ്ങൾ മനോഹരമാക്കിയ വസ്ത്രമാണ് അനാർക്കലി. 1960-ൽ റിലീസായ മുഗൾ-ഇ-അസം എന്ന സിനിമയിലാണ് അനാർക്കലി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടാവുക. ആ സിനിമയിൽ മധുബാല ഏറ്റവും കൂടുതൽ ധരിച്ചതും അനാർക്കലി തന്നെ. അനാർക്കലി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മധുബാല അവതരിപ്പിച്ചത്. അതോടെയാണ് ഇന്ത്യയിൽ ആ വസ്ത്രത്തിന് കൂടുതൽ പ്രചാരം കിട്ടിയതെന്ന് പറയപ്പെടുന്നു. അതിനുശേഷം 'പകീസ' എന്ന സിനിമയിലൂടെ മീനാകുമാരിയും അനാർക്കലി ജനപ്രിയമാക്കി. മീനാകുമാരി ധരിച്ച ഓറഞ്ച്-ഗോൾഡൻ, പച്ച-ഗോൾഡൻ അനാർക്കലികളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

മുഗൾകാലത്ത് നിന്നാണ് അനാർക്കലിയുടെ വരവെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് മുഗൾകൊട്ടാരങ്ങളിൽ രാജാക്കൻമാർക്കായി 'മുജ്ര നൃത്തം' ചെയ്യുന്ന കൊട്ടാരം നർത്തകിമാർ. അവർ ധരിച്ചിരുന്നത്‌ ഇങ്ങനെയുള്ള സൽവാറായിരുന്നുവത്രേ. നല്ല നീളമുള്ള, ഫ്‌ളെയറുകളുള്ള ടോപ്പും ബോട്ടവും ദുപ്പട്ടയുമായിരുന്നു അന്നത്തെ അവരുടെ വസ്ത്രം. മുജ്ര നർത്തകിമാരുടെ വസ്ത്രമായതിനാൽ മുജ്ര ഡ്രസ് എന്നാണ് അന്നൊക്കെ വിളിച്ചിരുന്നത്.

അതൊക്കെ കഴിഞ്ഞാണ് അനാർക്കലി എന്ന പേര് കിട്ടുന്നത്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമാണത്. മുഗൾരാജകുമാരൻ സലീമും കൊട്ടാരനർത്തകിയായ അനാർക്കലിയും കടുത്ത പ്രണയത്തിലായിരുന്നു. 'വിലക്കപ്പെട്ട' പ്രണയത്തെക്കുറിച്ച് പുറത്തറിഞ്ഞപ്പോൾ, അനാർക്കലിയെ ജീവനോടെ കുഴിച്ചുമൂടാൻ ഉത്തരവായി. ആ അനശ്വരപ്രണയിനിയുടെ പേര്, പിന്നീട് കൊട്ടാരം നർത്തകികളുടെ സൽവാറിന് ലഭിക്കുകയായിരുന്നുവത്രേ.

അന്നത്തെ അനാർക്കലി സ്യൂട്ടുകൾ അധികവും വെൽവെറ്റ്, സിൽക്ക് മെറ്റീരിയലുകളിലുള്ളതായിരുന്നു. സെറി വർക്കും, രേഷം വർക്കും, ഹെവി എംബ്രോയ്ഡറിയും മനോഹരമാക്കിയ സ്യൂട്ടുകൾ. കടുംനിറങ്ങളായിരുന്നു മറ്റൊരു പ്രത്യേകത. 

നായികമാരിലൂടെ അനാർക്കലിക്ക് ഒരു സ്റ്റൈൽ പരിവേഷം ലഭിച്ചു. അതിനുശേഷം ബോളിവുഡ് ഡിസൈനർമാർ ആ വസ്ത്രത്തെ കൂടുതൽ മനോഹരമാക്കി. പിന്നീട് അനാർക്കലി ഡ്രസ്, അനാർക്കലി സ്യൂട്ട്, അനാർക്കലി-ലഹങ്ക, ജാക്കറ്റുള്ള അനാർക്കലി, അസിമെട്രിക്കൽ അനാർക്കലി...അങ്ങനെ മാറ്റങ്ങളേറെ വന്നു.   


 

Content Highlights: mughal court dancers suit got this name after anarkali