ശുദ്ധമായ പട്ടുനൂലിൽ 5 മാസം കൊണ്ട് നെയ്തെടുത്ത സാരിയണിഞ്ഞ് നിതാ അംബാനി; സവിശേഷത ഇതാണ്

കഴിഞ്ഞദിവസമാണ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽവെച്ച് റിലയൻസ് ദീപാവലി ഉത്സവ് നടന്നത്. ഒട്ടേറെ പേർ പങ്കെടുത്ത പരിപാടിയിൽ ശ്രദ്ധാകേന്ദ്രമായത് നിതാ അംബാനി തന്നെ.
'സ്വദേശി'ൽ നിന്നുള്ള, സിന്ദൂരച്ചുവപ്പ് നിറത്തിലുള്ള 'രാമാവലി' സാരിയാണ് നിത അണിഞ്ഞത്. ദൈവനാമങ്ങളുടെ മാല എന്നർത്ഥം വരുന്ന രാമൻ, നാമവലി എന്നീ പദങ്ങളിൽ നിന്നാണ് സാരിക്ക് രാമാവലി എന്ന പേര് ലഭിച്ചത്.
അജയ് ഭോജ് ആണ് ഈ സാരി രൂപകൽപന ചെയ്തത്. ഒറ്റനോട്ടത്തിൽ ഒരു പരമ്പരാഗത ബനാറസി സാരിയായി തോന്നുമെങ്കിലും, സൂക്ഷിച്ചു നോക്കുന്തോറും അതിലെ സങ്കീർണ്ണമായ വിശദാംശങ്ങൾ വെളിപ്പെടുന്നു. സാരിയുടെ ബോർഡറുകളിൽ സ്വർണനിറത്തിലുള്ള ബ്രൊക്കേഡ് ഡിസൈനുകൾ നൽകിയിരിക്കുന്നു. ഏകദേശം അഞ്ചുമാസത്തോളം സമയംകൊണ്ട് ശുദ്ധമായ പട്ടുനൂലിൽ നെയ്തെടുത്തതാണത്. സാരിയുടെ പല ഭാഗങ്ങളിലായി 'ശ്രീറാം' എന്ന് നെയ്തുചേർത്തിട്ടുമുണ്ട്.
സാരിയുടെ പല്ലുവിൽ വിഷ്ണുവിന്റെ പാദമുദ്രകളും താമരപ്പൂക്കളും ആലേഖനം ചെയ്തിരിക്കുന്നു. 'കാഡ്വ' എന്ന സങ്കീർണ്ണമായ ബനാറസി നെയ്ത്തുവിദ്യ ഉപയോഗിച്ചാണ് ഈ സാരി നിർമ്മിച്ചിരിക്കുന്നത്.
കടുംചുവപ്പ് നിറത്തിലുള്ള ബ്ലൗസാണ് ഇതിനൊപ്പം നിത തിരഞ്ഞെടുത്തത്. നെക്ക്ലൈനിലും കഫിലുമുള്ള ഗോൾഡ് ഡീറ്റെയിലിങ് ആണിതിന്റെ ഭംഗി.
ഇതിനൊപ്പം പരമ്പരാഗത ആഭരണങ്ങൾ തന്നെയാണ് അണിഞ്ഞത്. ആന്റിക്-ഗോൾഡ് ഡീറ്റെയിലിങ് ഉള്ള സ്റ്റേറ്റ്മെന്റ് ലെയേർഡ് നെക്ലേസ് സാരിയുടെ ഭംഗി കൂട്ടുന്നു.
'ടെമ്പിൾ ജ്വല്ലറി' ശൈലിയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ഈ മാലയിൽ, അമൂല്യമായ അൺകട്ട് ഡയമണ്ട് പതിച്ചിരിക്കുന്നു. മാലയുടെ അരികുകളിൽ പച്ച മരതക മണികളും താഴേക്ക് തൂങ്ങിക്കിടക്കുന്ന മുത്തുകളും കോർത്തിണക്കിയിട്ടുണ്ട്. ഒപ്പം ഹെവി ഇയർറിങ്ങാണ് തിരഞ്ഞെടുത്തത്. ഹെവി ബൺ സ്റ്റൈലിലാണ് മുടിയൊരുക്കിയത്. ഒപ്പം ന്യൂഡ് ലിപ്സ്റ്റിക്കും ബ്രോൺസ് ഐമേക്കപ്പും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nita Ambani wore a red 'Ramavali' saree at the Reliance Diwali Utsav., Designed by Ajay Bhoj, taking five months to handweave in pure silk., Features intricate 'Kadwa' weaving technique with 'Shriram' inscriptions., Paired with traditional temple-style uncut diamond and emerald jewelry.