കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷങ്ങളിൽ തിളങ്ങി ആലിയ ഭട്ട്

ആലിയ ഭട്ടിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം കുടുംബത്തിനും ഭർത്താവിനും മകൾക്കുമൊപ്പമായിരുന്നു. ഡിസംബർ 25-ന് കപൂർ കുടുംബവും ഭട്ട് കുടുംബവും ഒത്തുചേർന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ആഘോഷങ്ങൾക്കിടയിൽ ആലിയ ചുവപ്പ് വസ്ത്രമാണ് അണിഞ്ഞിരുന്നത്. എന്നും സ്‌റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള ആലിയ, '431-88' എന്ന ബ്രാൻഡിന്റെ 'മ്യൂൾ സാരി' ഡ്രസ്സിലാണ് ഇത്തവണ തിളങ്ങിയത്. ബാക്ക്ലെസ്സ് ഡിസൈനിലുള്ള ഈ വസ്ത്രം താരത്തെ കൂടുതൽ സുന്ദരിയാക്കി.
431-88-ന്റെ 'സെക്സി സാന്താ' കളക്ഷനിൽ നിന്നുള്ളതാണ് ആലിയയുടെ ഈ വസ്ത്രം. ഇതിന്റെ വില 28,000 രൂപയാണ്. പരമ്പരാഗതമായ സാരിയുടുക്കുന്ന രീതിയെ പരിഷ്‌കരിച്ച് വളരെ മോഡേൺ ആയ രീതിയിലാണ് ഈ മ്യൂൾ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്‌ലൂയിഡ് സ്‌ട്രെച്ച് ജേഴ്സി തുണിയിൽ തയ്യാറാക്കിയ ഈ പ്രീ-സ്റ്റിച്ച്ഡ് സാരി ശരീരത്തോട് ചേർന്ന് നിൽക്കുന്നതാണ്. അരക്കെട്ടിലെ പ്ലീറ്റുകളും വസ്ത്രത്തിന്റെ ഒഴുക്കുള്ള ഡിസൈനും വശങ്ങളിലെ കീഹോൾ ഡിസൈനുമാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം.
'ഇതിന്റെ കടും ചുവപ്പ് നിറം വസ്ത്രത്തിന് മാറ്റുകൂട്ടുന്നു. പാർട്ടികൾക്കും വിവാഹങ്ങൾക്കും ഇത് അനുയോജ്യമാണ്,' എന്ന് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു. തന്റെ വസ്ത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ആലിയ ആഭരണങ്ങൾ വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ചെറിയ സ്റ്റഡ് കമ്മലുകളും വിരലിൽ മോതിരങ്ങളും മാത്രമാണ് താരം അണിഞ്ഞത്. മുടി പകുതിയായി പോണിടെയിൽ കെട്ടിയിരുന്നു. പിങ്ക് നിറത്തിലുള്ള മിനിമൽ മോണോക്രോമാറ്റിക് മേക്കപ്പ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. രൺബീർ കപൂർ, ഷഹീൻ ഭട്ട്, റാഹ, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, സമൈറ എന്നിവർക്കൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്ന ആലിയയെ ചിത്രങ്ങളിൽ കാണാം.
സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ ആലിയ, കരൺ ജോഹർ ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് 2022 ഏപ്രിൽ 14-ന് ആലിയയും നടൻ രൺബീർ കപൂറും വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt stunned in a red mule saree by `431-88` for Christmas. Discover the details of this modern, backless design, perfect for parties and weddings.