സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ അഴിയെണ്ണും

കെ.എസ്.ആര്‍.ടി.സി. ബസ്സില്‍വെച്ച് തനിക്കെതിരേ ലൈംഗിക വൈകൃതം കാണിച്ച യുവാവിനെതിരേ പോലീസില്‍ പരാതിപ്പെടുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത നന്ദിത ശങ്കര എന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇങ്ങനെ പരാതിപ്പെടാന്‍ മുതിരാറുണ്ട്!
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പലനിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്.
1. ബസുകളിലും മറ്റു പൊതുസര്‍വീസ് വാഹനങ്ങളിലും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടന്നാല്‍, ആ വാഹനം ഉടന്‍തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ അതിലെ ജീവനക്കാര്‍ക്ക് ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യാത്തത് കുറ്റകൃത്യമാണ്.
2. സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകളിലോ അതുമല്ലെങ്കില്‍, സിവില്‍ക്കോടതിയുടെ അധികാരമുള്ള സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകളില്‍ പരാതി നല്‍കാം.
3. അപമാര്യദയായി ഒരു സ്ത്രീയുടെ ശരീരത്ത് സ്പര്‍ശിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം 2 വര്‍ഷമാണ് തടവ്.
4. ഏതെങ്കിലും പൊതുസ്ഥലത്തുവെച്ച് സ്ത്രീകള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചാല്‍, അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോ എടുക്കുകയോ പ്രചരപ്പിക്കുകയോ ചെയ്താല്‍, കേരളാ പോലീസ് ആക്ടിലെ 119-ാം വകുപ്പ് പ്രകാരം 3 വര്‍ഷം തടവോ 10000 രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടുയോ ശിക്ഷയായി ലഭിക്കാം.
4. താന്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാല്‍പോലും ഒരു സ്ത്രീക്ക് കുറ്റകൃത്യം ചെയ്ത ആള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളാം.
5. സ്ത്രീകളെ ശല്യം ചെയ്യുകയോ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയോ, ചേഷ്ടകള്‍ കാണിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം.
6. ഫോണില്‍ കൂടിയോ എഴുത്തുകളില്‍ കൂടിയോ ശല്യം ചെയ്യുന്നതും അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല ഗാനങ്ങള്‍ പാടുകയോ ചെയ്യുന്നതും ഇന്ത്യന്‍ശിക്ഷാനിയമം 294 (b) പ്രകാരം 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
നേരിട്ടുള്ള പരാതികള്‍ക്ക് പുറമെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ കാണിച്ച് cmo.kerala.gov.in എന്ന വെബ്‌സൈറ്റിലും പരാതി സമര്‍പ്പിക്കാം. അതാത് ജില്ലയിലെ ചുമതലപ്പട്ടവര്‍ പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. സമര്‍പ്പിച്ച പരാതിയുടെ നിലവിലെ സ്ഥിതിയും പോര്‍ട്ടലില്‍ അറിയാനാകും.
നിയമം അറിഞ്ഞുവെക്കുക മാത്രമല്ല, തക്ക സമയത്ത് പ്രതികരിക്കാനും, മറ്റൊരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ കൂടെ നില്‍ക്കാനും ഓരോ സ്ത്രീക്കും കഴിയണം.
സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വിളിക്കാനായി കൈയില്‍ കരുതേണ്ട ചില ഫോണ്‍ നമ്പറുകളുണ്ട്.
സി.എം ഹെല്‍പ്പ് ലൈന്‍ -9400080292
മിത്ര ടോള്‍ഫ്രീ - 181
നിഴല്‍ ടോള്‍ഫ്രീ -112
പോലീസ് കണ്‍ട്രോള്‍ റൂം - 100
അടിയന്തര സഹായത്തിനായി വനിത ഹെല്‍പ്പ് ലൈന്‍ -1091, 0491 2504650, 2536700, 980650
ഡി.വി ഹെല്‍പ്പ് ലൈന്‍ (വാട്‌സാപ്പ്)- 94000 80292