യുഗങ്ങളുടെ ഉദയാസ്തമയങ്ങള്‍ കണ്ട്, കരയിലെ ജീവിതപോരാട്ടങ്ങള്‍ക്കൊപ്പം ഒഴുകുന്ന പുഴ

പുഴ ഒരിക്കലും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. ജനിച്ചതും വളര്‍ന്നതും പുഴയോരത്തോ പുഴയുടെ തട്ടകത്തിലോ ആയിരുന്നില്ല. അതുകൊണ്ട്, യാത്രകള്‍ക്കിടെ കാണുന്ന വിദൂരജലരേഖമാത്രമായി എനിക്ക് പുഴ. പുഴ എനിക്ക് അറിവുമാത്രമായി; അനുഭവമായില്ല, അമ്മയായില്ല. മാനവസംസ്‌കാരം പിറന്നുവളര്‍ന്നത് പുഴത്തട്ടുകളിലാണെന്ന് ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും ക്ലാസ്മുറികളില്‍ പഠിച്ചപ്പോഴും അതൊരു അറിവായി മാത്രമേ എന്നെ വന്നുതൊട്ടുള്ളൂ. ഉള്ളറിവായില്ല. കാരണം അവ പഠിപ്പിച്ച അധ്യാപകരുടെ ജീവിതത്തിലൂടെയും പുഴ ഒഴുകിയിരുന്നില്ല.
എം.ടി. വാസുദേവന്‍ നായരുടെ കഥകളും നോവലുകളും വായിച്ചപ്പോഴാണ് പുഴയും അതിന്റെ തീരത്തെ സംസ്‌കാരവും ജീവിതവും മണങ്ങളും പുലരികളും സന്ധ്യകളും രാപകലുകളും ഋതുക്കളും ഭാഷയുമെല്ലാം ആദ്യമായി തിരിച്ചറിഞ്ഞത്. എം.ടി.യുടെ അക്ഷരങ്ങളുടെ നടുവിലൂടെ പല ഭാവങ്ങളില്‍ നിളയൊഴുകി. 'ഓളവും തീരവും' എന്ന സിനിമയുടെ തിരക്കഥയുടെ തുടക്കത്തില്‍ എം.ടി.തന്നെ എഴുതിയതുപോലെ, പുഴ എം.ടി.യുടെ എഴുത്തിലെ ഒരു കഥാപാത്രംതന്നെയായി, മിക്കപ്പോഴും.
മിഖായേല്‍ ഷോളോഖോവിന്റെ 'ഡോണ്‍ ശാന്തമായൊഴുകുന്നു', മാണിക് ബാനര്‍ജിയുടെ 'പത്മാനദിയിലെ മുക്കുവന്‍', ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യയയുടെ 'ഇച്ഛാമതി', സാവിത്രി റോയിയുടെ 'പത്മാ മേഘന' എന്നീ നോവലുകളിലും പുഴ പ്രധാന കഥാപാത്രംതന്നെയായി. തീരവാസികളായ മനുഷ്യരുടെ ജീവിതത്തിന്റെ സകലമേഖലകളെയും അത് നനയ്ക്കുന്നു; പൊലിപ്പിക്കുന്നു. അവര്‍ക്ക് അന്നവും വിശ്വാസവും നല്‍കുന്നു. പ്രളയത്താല്‍ പേടിപ്പിക്കുന്നു. പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങുന്നു. ജനന-ജീവിത-മരണങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു.
ജീവിതത്തില്‍ ഞാന്‍ പുഴയെയും അതിന്റെ ധമനികളെയും തൊട്ടത് ഒറ്റപ്പാലത്ത് വിവാഹിതനായപ്പോഴാണ്. കുംഭാരന്‍കുന്നിലെ വീടിന്റെ ഏറ്റവും മുകളില്‍ നിന്നാല്‍ ദൂരെ നിളയുടെ തിളക്കം കാണാം. മായന്നൂര്‍പ്പാലത്തിന്റെ ചുവട്ടിലൂടെ വളഞ്ഞുപുളഞ്ഞ് പുഴ 'നാട്ടനൂഴും'. വൈകുന്നേരങ്ങളില്‍ പുഴത്തട്ടിലേക്കാണ് നടക്കാന്‍ പോവുക. ആളുയരത്തില്‍ പൊന്തിയ കാടുകള്‍ക്ക് നടുവിലൂടെ വരണ്ട മണലിനെ നനച്ചൊഴുകുന്ന പുഴയെ തൊട്ടിരിക്കുമ്പോള്‍, ശോഷിച്ച പുഴയെ നോക്കി തിരുവില്വാമലയിലിരുന്ന് വി.കെ.എന്‍. എഴുതിയ വരികളോര്‍ക്കും: ''വേലിക്കപ്പുറം പാതിവെള്ളത്തിന്റെ പത്രാസുമായി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. കണ്ടാല്‍ പേടിയാവും. സമുദ്രംമാതിരി തോന്നും. എന്നാല്‍, കാര്യത്തില്‍ കഴമ്പില്ല. കടലാസുനദിയാണ്. എവിടെയും നില കിട്ടും. ലോക്കല്‍വിറ്റുകള്‍ പറയുന്നത് തലകുത്തിനിന്നാല്‍ കഴുത്തറ്റം വെള്ളം എന്നാണ്.''
കുഞ്ചന്റെ പിന്‍മുറക്കാരനെ വായിച്ച് പുഴ കുലുങ്ങിച്ചിരിച്ചിരിക്കാം. പുഴയിലേക്ക് അന്തി താഴുന്നതും അതിന് കുറുകെ പക്ഷികള്‍ കൂട്ടിലേക്ക് തിരിച്ചുപറക്കുന്നതും തീരത്തെ വീടുകളില്‍ വിളക്കുകള്‍ തെളിയുന്നതും പുഴയോരജീവിതം അന്യമായ എനിക്ക് പുതുമയായി.
പട്നയിലും കൊല്‍ക്കത്തയിലും ഭുവനേശ്വറിലും ഹൈദരാബാദിലും ചെന്നൈയിലും ബെംഗളൂരുവിലും കൊച്ചിയിലും ഉരുകിജീവിച്ച് ഒടുവില്‍ സായന്തനത്തിന്റെ പുഴക്കാറ്റേല്‍ക്കാന്‍ പദ്മനാഭന്‍ എന്ന സുഹൃത്ത് പട്ടാമ്പി പള്ളിപ്പുറത്തെ മുതുതലയില്‍ കൂടുവെച്ചതുമുതലാണ് നിളാസംസ്‌കൃതിയുടെ ഉള്‍വഴികളിലേക്കുള്ള എന്റെ യാത്രകളാരംഭിക്കുന്നത്.
തമിഴ്നാട്ടിലെ ആനമലനിരകളില്‍നിന്നൂറി പൊന്നാനിയില്‍ കലാശിക്കുന്ന ഭാരതപ്പുഴ എങ്ങനെയാണ് ഒരു സവിശേഷ ജനപദത്തെ സൃഷ്ടിച്ചതെന്ന് അനുഭവിച്ചറിയുകയായിരുന്നു, പുഴത്തടങ്ങളിലൂടെയുള്ള ഓരോ യാത്രയിലും. പുഴയ്ക്കപ്പുറമിപ്പുറം നൂറുകണക്കിന് ക്ഷേത്രങ്ങള്‍, അവയുടെ ഐതിഹ്യങ്ങള്‍, തട്ടകദൈവങ്ങളും പരസ്പരബന്ധങ്ങളും, ഉത്സവങ്ങള്‍, പുരാതനമായ കടവുകള്‍, ജന്മിഗൃഹങ്ങള്‍, വേദ-വൈദ്യ കേന്ദ്രങ്ങള്‍, കൃഷിത്തോട്ടങ്ങളും പുന്നെല്‍മണവും, പുഴയോരത്ത് പ്രകാശഗോപുരങ്ങളായ മനുഷ്യര്‍, അവര്‍ പാര്‍ത്ത ഇടങ്ങള്‍, പാട്ടുകള്‍, കഥകള്‍, കഥകളിപ്പദങ്ങള്‍... ഒരു ജന്മംകൊണ്ട് അറിഞ്ഞും അനുഭവിച്ചും തീരുന്നതല്ല ഈ പുഴ പകരുന്ന സംസ്‌കാരമെന്ന് ഓരോ യാത്രയും പഠിപ്പിക്കുന്നു.
പള്ളിപ്പുറത്തുനിന്ന് ദേശമംഗലം വഴി തിരുമിറ്റക്കോട്ടേക്ക് പോവുമ്പോള്‍ ഇരുണ്ട കാവുകളും അവയ്ക്കപ്പുറം ചെങ്കല്‍ച്ചുമരുകളുമുള്ള പഴയ കെട്ടുകളും എവിടെയൊക്കെയോ കണ്ടു. പുഴയ്ക്ക് മുകളില്‍ പ്രഭാത സൂര്യന്‍ തിരനോക്കിയപ്പോള്‍ പുല്‍ക്കാടും നീരൊഴുക്കും കുങ്കുമരശ്മി വീണ് തിളങ്ങി. പ്രധാന വഴിയില്‍നിന്ന് ഉള്ളിലേക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന്, പ്രസാദാത്മകമായ ഒരു തുറസ്സില്‍ ആധുനിക കാലത്തിന്റെ അടയാളങ്ങളൊന്നുമില്ലാത്ത, നെല്ലോല മണക്കുന്ന വയല്‍. തണുത്ത കാറ്റ്. നാടപോലെ നടുവിലൂടെ പോവുന്ന റോഡ്.
പശ്ചിമബംഗാളിലെ ഉള്‍ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ സ്വച്ഛന്ദമായ വയലുകള്‍ കണ്ടിട്ടുണ്ട്. വയലിനും വളവുകള്‍ക്കുമപ്പുറം പുഴയുടെ പ്രൗഢമായ കാഴ്ച. കിഴക്കുനിന്ന് നിയതമായ താളത്തില്‍ ഒഴുകിവരുന്ന പുഴ രണ്ട് വളവുകള്‍ തിരിഞ്ഞ് വടക്കോട്ട് പോയ്മറയുന്നു. പുഴയുടെ തീരത്ത് അനാദിയായ കാലം എന്നോ കൊത്തിവെച്ച കല്‍ക്കിരീടംപോലെ തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രം. ക്ഷേത്രം പുഴയെയാണോ പുഴ ക്ഷേത്രത്തെയാണോ വണങ്ങുന്നത് എന്ന് സംശയം തോന്നും. അതോ രണ്ടുപേരും പരസ്പരം അഭിവാദ്യം ചെയ്ത് മുഖാമുഖം നില്‍ക്കുകയോ?
വനവാസകാലത്ത് ഈ വഴിയെത്തിയ പാണ്ഡവരില്‍ യുധിഷ്ഠിരനൊഴിച്ചുള്ള നാലുപേരും ഓരോ വിഷ്ണുവിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചു. പിന്നീടെപ്പോഴോ ഇവിടെനിന്ന് കാശിക്കുപോയ ഊരാളന്‍ ബ്രാഹ്മണനൊപ്പം അദ്ദേഹത്തിന്റെ കുടയുടെ പുറത്തേറി കാശിവിശ്വനാഥന്‍ പോന്നുവത്രേ. പ്രധാനപ്പെട്ട വിഷ്ണുവിഗ്രഹത്തിന് മുന്നില്‍ ബലിക്കല്ലിലിറങ്ങി. ബലിക്കല്ല് നാലായിച്ചിതറി പുഴയില്‍പ്പതിച്ചു. കല്ലുപതിച്ചയിടം ചക്രതീര്‍ഥമായി. കാശി വിശ്വനാഥനുംകൂടി വന്നപ്പോള്‍ തിരുമിറ്റക്കോട് അഞ്ച് മൂര്‍ത്തിയായി. കാശിയില്‍ ഗംഗയെപ്പോലെ ഇവിടെ പുഴ കിഴക്കുനിന്ന് വന്ന് അമ്പലത്തിന്റെ ചുവടില്‍ത്തട്ടി വടക്കോട്ട് ഒഴുകുന്നതുകൊണ്ട് ഇവിടം പിതൃകര്‍മത്തിന് പ്രസിദ്ധമായി.
പാണ്ഡവന്‍മാര്‍ പ്രതിഷ്ഠിച്ച സ്ഥലത്ത് പാണ്ഡ്യരാജാവ് അമ്പലം പണിതു. മറ്റൊരിടത്തും കാണാത്ത രൂപഘടന. വിഷ്ണുവിന്റെ ശ്രീകോവിലിന് തൊട്ടുമുന്നിലാണ് കാശി വിശ്വനാഥന്റെ നില്‍പ്പ്. (ദൈവങ്ങളായതുകൊണ്ട് ഈഗോ ഉണ്ടാവില്ലല്ലോ. മനുഷ്യരാണെങ്കില്‍ അതുമതി കലാപത്തിന്). ശൈവവും വൈഷ്ണവവും പുഴയോരത്ത് സംഗമിക്കുന്നു. ആഴ്വാര്‍ പാട്ടുകളില്‍ പുകഴ്ത്തിയ നൂറ്റിയെട്ട് മഹാവിഷ്ണുക്ഷേത്രങ്ങളില്‍ ഒന്ന് തിരുമിറ്റക്കോടാണ്. തിരുമിറ്റക്കോടിന്റെ ഉയരത്തില്‍നിന്ന് പുഴയെ നോക്കുമ്പോള്‍ കാലമാണ് കണ്‍മുന്നിലൂടെ ഒഴുകിപ്പോകുന്നത് എന്ന് തോന്നി.
കണ്ണെത്തുന്നിടത്തെല്ലാം പുഴ മാത്രം. ഈറന്‍വെള്ളയുടുത്ത് ദര്‍ഭയും എള്ളും മണക്കുന്ന കൈയില്‍ പിതൃമോക്ഷപ്രാര്‍ഥനയുമായി പുഴയിലൂടെ നടന്നുനീങ്ങുന്നവര്‍. അവരുടെയൊക്കെ ഉള്ളംകൈയില്‍നിന്ന് ആരുടെയൊക്കെയോ ജന്മത്തെയും കര്‍മത്തെയും തന്നിലേക്ക് സ്വീകരിക്കുന്ന പുഴ. യുഗങ്ങളുടെ ഉദയാസ്തമയങ്ങള്‍ അത് കണ്ടു. കരയിലെ ജീവിതപോരാട്ടങ്ങള്‍ക്കൊപ്പം ഒഴുകി. വിശ്വാസങ്ങള്‍ക്ക് വളരാന്‍ ജലം പകര്‍ന്നു. അമ്പലത്തിലെ അഞ്ചുമൂര്‍ത്തിയെയും തൊഴുതു. അതിനൊപ്പം വലംവെച്ചൊഴുകുന്ന ജലമൂര്‍ത്തിയെയും തൊഴുതുപോയി. ദ്വാപരത്തിലെ ഏതോ പ്രഭാതത്തില്‍ ഇവിടെയെത്തിയ പാണ്ഡവരും ഇങ്ങനെ തൊഴുതിരിക്കാം.
പട്ടാമ്പിയില്‍നിന്ന് ചെറുതുരുത്തിപ്പാലം കടന്ന്, പ്രവര്‍ത്തനം നിലച്ച ടോള്‍ പ്ലാസയില്‍നിന്ന് ഇടത്തോട്ട് പോയപ്പോള്‍ ഉരുക്ക് മണക്കുന്ന കാട്ടുപൊന്തകള്‍ക്കിടയില്‍ ആരോ ഉപേക്ഷിച്ചുപോയ ജീര്‍ണിച്ച കെട്ടിടങ്ങള്‍. അതില്‍പ്പലതിനും ബ്രിട്ടീഷ് ഛായയുണ്ടായിരുന്നു. ഇന്ത്യയില്‍ റെയില്‍ ഗതാഗതം വന്നതുമുതല്‍ ആരൊക്കെയോ പാര്‍ത്ത് ജീവിച്ച്, മരിച്ചോ പിരിഞ്ഞോ പോയ ഇടം. കാട്ടുപൊന്തകള്‍ക്കപ്പുറം ഷൊര്‍ണൂര്‍ ജങ്ഷനില്‍ വന്നുപോവുന്ന ട്രെയിനുകളുടെ സൈറണുകള്‍. പൊട്ടിപ്പൊളിഞ്ഞ വഴിയുടെ അങ്ങേയറ്റത്ത്, പുഴയില്‍നിന്ന് കയറിവരുന്ന കല്‍പ്പടവുകള്‍ക്കുമുകളില്‍ മുണ്ടമുക ശാസ്താംകാവ് ക്ഷേത്രം.
മുന്നിലുള്ള അരയാല്‍ക്കൊമ്പുകളിലും പൊതിഞ്ഞുനില്‍ക്കുന്ന പച്ചമരക്കൂട്ടങ്ങളിലും കാറ്റിന്റെ നിരന്തരനൃത്തം. താഴെ തിടംവെച്ചൊഴുകുന്ന പുഴ.
ഇവിടേക്ക് നൂറ്റിപ്പത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ്, പതിനേഴുവയസ്സുള്ള ഒരു ദരിദ്ര നമ്പൂതിരി ഉപജീവനത്തിനുവേണ്ടി ശാന്തിക്കാരനായി വന്നു. അയാള്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന്, പടവുകളിറങ്ങി പുഴയില്‍ച്ചെന്ന്, കുളിച്ചീറനായി, ചെപ്പുകുടത്തില്‍ വെള്ളം ചുമന്ന് പടവുകള്‍ കിതച്ചുകയറി അമ്പലത്തില്‍ച്ചെന്ന് പൂജകള്‍ ചെയ്തു. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാല്‍ അയാള്‍ അമ്പലവട്ടത്ത് ചുറ്റിക്കറങ്ങിയും സമീപഗൃഹങ്ങളില്‍ സദ്യയുണ്ടും സമയം കഴിച്ചു.
ഒരുനാള്‍ സന്ധ്യക്ക് സ്‌കൂള്‍ വിട്ടുവരുന്ന ഒരു തിയ്യാടി പെണ്‍കുട്ടി ആല്‍മരച്ചുവട്ടില്‍വെച്ച് സ്‌കൂള്‍ പുസ്തകം തുറന്നുകാട്ടി നമ്പൂതിരിയോട് ചോദിച്ചു: ''ഈ കണക്കൊന്ന് പറഞ്ഞുതരാമോ?'' താന്‍ അക്ഷരശൂന്യനാണ്, എഴുതാനും വായിക്കാനുമറിയില്ല എന്ന് അയാള്‍ അപ്പോള്‍ ആദ്യമായി ഞെട്ടലോടെ തിരിച്ചറിഞ്ഞു. തന്നേക്കാള്‍ എത്രയോ പ്രായംകുറഞ്ഞ ആ പെണ്‍കുട്ടിയെ ഗുരുവാക്കി അന്നുമുതല്‍ അയാള്‍ പഠനം തുടങ്ങി. രാത്രി ശാന്തി കഴിഞ്ഞ് നടയടച്ച്, പുഴപോലും ഉറങ്ങിയ ഏകാന്തയാമങ്ങളില്‍ അയാള്‍ എഴുതാനും വായിക്കാനും ശീലിച്ചു. ഒരുദിവസം പായസമുണ്ടാക്കാനായി ശര്‍ക്കര പൊതിഞ്ഞുവന്ന പത്രക്കടലാസില്‍ അടിച്ച ഒരു പരസ്യം അയാള്‍ കൂട്ടിവായിച്ചു: മാന്‍മാര്‍ക്ക് കുട. വെള്ളിത്തിരുത്തിത്താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന ആ കുട്ടി പില്‍ക്കാലത്ത് വി.ടി. ഭട്ടതിരിപ്പാട് എന്നറിയപ്പെട്ടു.
വി.ടി. എന്ന രണ്ടക്ഷരത്തില്‍ ആകാശം നിറഞ്ഞു. വിധവയായും വൃദ്ധനമ്പൂതിരിമാരുടെ പല ഭാര്യമാരില്‍ ഒരാളായും അകത്തളങ്ങളിലെരിഞ്ഞിരുന്ന അന്തര്‍ജനങ്ങള്‍ക്ക് അദ്ദേഹം അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുടവ കൊടുത്തു. ബഹുവിവാഹങ്ങളിലും വാരസ്സദ്യകളിലും മുറജപങ്ങളിലും മുഴുകി ജീര്‍ണിച്ചിരുന്ന ഒരു സമുദായത്തിന്റെ ആത്മാവിന് തീകൊടുത്തു. പതിനെട്ടാംവയസ്സില്‍മാത്രം അക്ഷരം പഠിച്ച ആ മനുഷ്യന്‍ പിന്നീട്: ''...നേരം പതിറ്റടി താണു. പുഴവക്കത്തുള്ള മാമരക്കൂട്ടങ്ങളില്‍ പതിറ്റടിക്കാറ്റുവീശി.
വൃക്ഷഛായകളില്‍ അനക്കമറ്റുകിടന്നിരുന്ന കന്നുകാലികള്‍ മൂരിനിവര്‍ന്നെഴുനേറ്റു. വീണടിഞ്ഞ ചപ്പിലകള്‍ കാര്‍ന്നുതിന്ന് മേയാന്‍ തുടങ്ങി...'' എന്നും ''...ദേവസ്വം പത്തായപ്പുരയിലെ മുറി പൂട്ടി ഞാന്‍ മതിലകത്തേക്കിറങ്ങി. നീലാകാശത്തിലെ വെണ്‍മേഘനിരപോലെ അമ്പലവാസിഭവനങ്ങളുടെ ചുമരുകള്‍ ആ അമ്പലവട്ടത്തിലെ അന്ധകാരത്തില്‍ അങ്ങിങ്ങ് പൊന്തിക്കണ്ടു. വിഭാതം വിദൂരപൂര്‍വദേശത്തെങ്ങോ എത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വെട്ടം ആകാശത്ത് പൂശിത്തുടങ്ങിയിരുന്നു... മഞ്ഞുരുകി നനഞ്ഞ മണല്‍, കോരിത്തരിപ്പിക്കുന്ന കുളിര്‍കാറ്റ്, വിളര്‍ത്ത നക്ഷത്രങ്ങളുടെ വിടവാങ്ങല്‍കൊണ്ട് മൂകമായ വിയന്മണ്ഡലം...'' എന്നും ''...ആ പടുകൂറ്റന്‍ മനയുടെ നാലുകെട്ടില്‍ക്കൂടെ തുലാക്കാറ്റുപോലെ ക്ഷണത്തിലൊരു തലമുറ കടന്നുപോയി'' എന്നുമൊക്കെ എഴുതി മലയാളിയെ ഭാഷയാല്‍ മോഹിപ്പിച്ചു. ഭാഷയ്ക്ക് കാതലും കാതരതയും നല്‍കി.
പുഴയിലേക്കിറങ്ങുന്ന തേഞ്ഞ കരിങ്കല്‍പ്പടവുകളും ജീര്‍ണിച്ചുതുടങ്ങിയ മേല്‍പ്പുരയും വി.ടി.യുടെ ഓര്‍മകളുമായി അതേപോലെ നില്‍ക്കുന്നു. ആ കല്ലില്‍ച്ചവിട്ടി പുഴയോരത്ത് നിന്നപ്പോള്‍ ഏകാകിയായ ഒരു നമ്പൂതിരി അതുവഴി വാനോളം ഉയരത്തിലേക്ക് ചവിട്ടിക്കയറിപ്പോകുന്ന ദൃശ്യം മനസ്സില്‍ത്തെളിഞ്ഞു. അമ്മുക്കുട്ടിയുമായുള്ള അയാളുടെ പ്രണയഭംഗത്തിന് ഈ പടവുകളും പുരയും പുഴയും സാക്ഷിയായി. തുടര്‍ന്ന് അയാളുടെ ജീവിതപ്രതിജ്ഞകള്‍ അരയാല്‍ക്കാറ്റില്‍ക്കിടന്ന് ചിലമ്പി. പിന്നീടുള്ള അയാളുടെ വളര്‍ച്ച കണ്ട് പുഴ പുളകിതയായിരിക്കണം.
താന്‍ അക്ഷരം പഠിച്ച ഈ ദേവാലയത്തില്‍ അവസാനകാലത്ത് ഒരുതവണ വി.ടി. വന്നിരുന്നുവത്രേ. അപ്പോള്‍ അതുവഴി കടന്നുപോയ പെണ്‍കുട്ടിയോട് അദ്ദേഹം ചോദിച്ചു:
''കുട്ടി എവിടത്തെയാ''
''അമ്മുവാരസ്യാരുടെ മകളാ. അങ്ങ്?''- അവള്‍ ചോദിച്ചു.
''മേഴത്തൂര്കാരനാ...'' അത്രയേ വി.ടി. മറുപടി പറഞ്ഞുള്ളൂ എന്ന് മകന്‍ വി.ടി. വാസുദേവന്‍ ഓര്‍ക്കുന്നു.
അതിരാണിപ്പാടത്തുനിന്ന് ലോകത്തിന്റെ അതിരുകളോളം പോയിത്തിരിച്ചെത്തിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യിലെ ശ്രീധരനോട് പുതിയ കാലത്തിന്റെ പയ്യന്‍ താങ്കളാരാണ് എന്ന് ചോദിച്ചപ്പോഴും അയാള്‍ ഇതുപോലൊരു മറുപടിയാണ് പറഞ്ഞത്:
''... പഴയ കൗതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍.''
വര്‍ഷങ്ങള്‍ക്ക്മുന്‍പ് അച്ഛന്‍ പറഞ്ഞത് ഓര്‍മയുണ്ട്-
ഒരുദിവസം മുത്തച്ഛനെ ചികിത്സിക്കുന്ന വൈദ്യമഠത്തില്‍ പോയിവരുന്ന വഴി അച്ഛന്‍ മേഴത്തൂരില്‍ വി.ടിയുടെ വീട്ടില്‍ കയറി. ഫലവൃക്ഷസമൃദ്ധമായ പച്ചപ്പിന് നടുവില്‍ ഒരു ചെറിയ വീട്. ആ വീടിന്റെ പൂമുഖത്ത് തനിച്ചിരിക്കുന്ന വി.ടി. ഉച്ചസമയമായിരുന്നു. അദ്ദേഹംതന്നെ പറമ്പിലേക്കിറങ്ങി കുറച്ച് പച്ചക്കറി പറിച്ചുകൊണ്ടുവന്ന് ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന്റെ കയ്യില്‍ക്കൊടുത്തു. തൂശനില മുറിച്ചു. ലളിതവും സ്വാദിഷ്ഠവുമായ ഊണൊരുക്കി. പടിഞ്ഞിരുന്ന് പല കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ഊണുകഴിച്ച് പിരിഞ്ഞു. വി.ടി എന്നും എന്റെയച്ഛന് ഒരു യുഗപുരുഷനായിരുന്നു. നട്ടെല്ലിന് ബലംകിട്ടാനും ഭാഷ നന്നാവാനും വി.ടിയെ വായിക്കണം എന്ന് അച്ഛന്‍ എപ്പോഴും പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുച്ചയ്ക്കുതന്നെയാണ് മേഴത്തൂരിലെ വി.ടിയുടെ വീട്ടില്‍ എത്തിയത്. കൊച്ചുമകന്‍ ഡോ.രഞ്ജിത്ത് വഴികാട്ടി. രഞ്ജിത്തിന്റെ കീഴ്ത്താടിയെല്ലില്‍ വി.ടി തെളിഞ്ഞുനില്‍ക്കുന്നത്പോലെ. 'വി.ടിയുടെ വീട്' എന്നെഴുതിയ ഗേറ്റില്‍പ്പിടിച്ച് മകന്‍ വി.ടി.വാസുദേവന്‍ നില്‍പ്പുണ്ടായിരുന്നു. വി.ടിയെപ്പോലെ കുറിയ മനുഷ്യര്‍. എഴുത്തിലും സംസാരത്തിലും അച്ഛന്റെ അതേ സൗഗന്ധികം നിറയെ. എന്റെ അച്ഛന്‍ വന്ന കാലത്തേക്കാള്‍ തഴച്ചിരിക്കുന്നു വി.ടിയുടെ തോപ്പ് ഇപ്പോള്‍. നീണ്ട വഴിയുടെ ഇടതുവശം ചൂണ്ടി വാസുദേവന്‍ പറഞ്ഞു:
'ഇവിടെയാണ് അച്ഛന്‍ എരിഞ്ഞത്'
പുല്ലും കാടും പടര്‍ന്ന ആ പച്ചമണ്ണിലേക്ക് നോക്കി നില്‍ക്കവേ ഒരഗ്‌നി മറ്റൊരഗ്‌നിയെ വിഴുങ്ങുന്ന ദൃശ്യം എന്റെ മനസ്സില്‍ നിറഞ്ഞു. വീടിന്റെ മുന്‍വശം മാറ്റിയിട്ടുണ്ട്. വി.ടി ഉപയോഗിച്ചിരുന്ന മുറിയും മുകള്‍നിലയുമെല്ലാം അതേപോലെ. വിപ്ലവത്തിന്റെ കൊടുങ്കാറ്റായി കേരളമെങ്ങും ആഞ്ഞടിച്ച വി.ടി, എല്ലാ വരേണ്യരാലും ഭ്രഷ്ടരാക്കപ്പെട്ട് തിരിച്ചെത്തിപ്പണിത് പാര്‍ത്ത വീടാണിത്. സ്വന്തം പിതാവ് മരിച്ചസമയത്ത് ശവദാഹത്തിന് ആരും സഹകരിക്കാതെ മാറിനിന്നപ്പോള്‍ മൃതദേഹം അകത്ത് മുറിയില്‍വെച്ച് വി.ടി ഉമ്മറത്ത് ഇരുന്നുവത്രേ-ഒരു മുഴുവന്‍ ദിവസം. തടിച്ച ശരീരമായതിനാല്‍ ഒറ്റക്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. അപ്പോള്‍ അച്ഛനെ മൂന്നായി മുറിക്കാന്‍ വി.ടി മടവാളെടുത്തു. പിറകില്‍നിന്നൊരു വിളി: 'തമ്പ്രാാാ..'അയല്‍വാസിയായ ഈച്ചരന്‍. രണ്ടുപേരുംകൂടി ശരീരം താങ്ങിയെടുത്ത് പറമ്പിലെത്തിച്ച് കത്തിച്ചു.അവശനായി വി.ടി വീട്ടിന്റെ തിണ്ണയില്‍ ചാരിയിരുന്നു.
എത്രയെത്ര വെടിവെട്ടങ്ങള്‍! എത്രയെത്ര വിഷാദങ്ങള്‍! നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വീടിനുമുന്നില്‍നിന്ന അതേ അനുഭവം ആവര്‍ത്തിക്കുന്നതുപോലെ- തീകൊണ്ട് മേല്‍ക്കൂര തീര്‍ത്ത ഒരു വീട്. രണ്ടുവാചകം പറയണങ്കില്‍ നാലുവാചകം അച്ഛനെക്കുറിച്ച് സംസാരിക്കുന്ന രണ്ട് മക്കളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ: എന്‍.എന്‍.പിള്ളയുടെ മകന്‍ നടന്‍ വിജയരാഘവനും വി.ടിയുടെ മകന്‍ വി.ടി.വാസുദേവനും. അച്ഛന്‍ ആല്‍മരമായി അവര്‍ക്ക് മുകളില്‍ പടര്‍ന്നുനില്‍ക്കുന്നു. അച്ഛന്‍ എന്ന കൊടുങ്കാറ്റിനെ അവര്‍ ഉടലില്‍ വഹിക്കുന്നു. ഈ രണ്ട് മക്കളെത്തൊടുമ്പോഴെല്ലാം ഞാന്‍ അവരുടെ അച്ഛന്മാരെ തൊടുന്നു-അപ്പോള്‍ എനിക്ക് വല്ലാതെ പൊള്ളുന്നു.
നട്ടുച്ചയ്ക്ക് പുഴമണല്‍ പൊള്ളിച്ചുട്ടു. നീരണിഞ്ഞ് ചിറകുകുടയുന്ന ദേശാടനപ്പക്ഷികള്‍. ഉച്ചപൂജകഴിഞ്ഞ് ഉറങ്ങുന്ന ക്ഷേത്രങ്ങള്‍. ഉച്ചക്കാറ്റില്‍ വിറയ്ക്കുന്ന ആലിലകള്‍. അപ്പോഴും ചിലയിടങ്ങളില്‍ ശോഷിച്ചും ചിലയിടങ്ങളില്‍ തിടം വച്ചും പുഴ ഒഴുകിക്കൊണ്ടേയിരുന്നു-ജനിമൃതികള്‍ക്കും ജീവരാശികള്‍ക്കുമപ്പുറത്തേക്ക്, കാലത്തിന്റെ മറുപുറങ്ങളിലേക്ക്.
Content Highlights: vakkum vazhvum-column by sreekanth kottakkal