'അവളുടെ രാവുകള്‍ എന്ന സിനിമയുടെ ടൈറ്റില്‍ ആദ്യം ഇങ്ങനെ അല്ലായിരുന്നു, വേറൊരു പേരായിരുന്നു'

ഞാനും എന്റെ സംവിധായകരും
#കലൂര്‍ ഡെന്നിസ്
ഐ.വി.ശശി, കലൂര്‍ ഡെന്നിസ് / മാതൃഭൂമി ആര്‍ക്കൈവ്‌സ്, സിദ്ദീക്കുല്‍ അക്ബര്‍
ഐ.വി.ശശി, കലൂര്‍ ഡെന്നിസ് / മാതൃഭൂമി ആര്‍ക്കൈവ്‌സ്, സിദ്ദീക്കുല്‍ അക്ബര്‍

2024 മേയ് 25-ാം തീയതി രാവിലെ എന്റെ മൊബൈലില്‍ രസകരമായ ഒരു മെസേജ് വന്നു. ആര് അയച്ചതാണെന്നൊന്നും നോക്കാതെ പതിവുപോലെ ഞാന്‍ മെസേജ് എടുത്തുനോക്കി: 'കലൂര്‍ ഡെന്നീസ്സാറിന്റെ നാല്പത്തഞ്ചാം സിനിമാ-ജന്മദിനത്തിന് എന്റെ ഹൃദയംനിറഞ്ഞ മംഗളാശംസകള്‍! ങേ! എന്റെ നാല്പത്തഞ്ചാം ജന്മദിനമോ? കൊള്ളാമല്ലോ? 

എന്റെ പഴയ ചങ്ങാതിമാര്‍ ആരുടെയെങ്കിലും പണിയായിരിക്കും ഈ വ്യാജനിര്‍മിത ജന്മദിനമെന്ന് തോന്നിയെങ്കിലും എന്റെ വയസ്സിന് നല്ലൊരു ഡിസ്‌കൗണ്ട് തന്നിരിക്കുന്നതുകൊണ്ട് ഉള്ളില്‍ അറിയാതെ ഒരു ചെറുതരി സന്തോഷവും തോന്നാതിരുന്നില്ല.

എന്റെ പഴയ സര്‍ക്കിളിലുള്ള ഏത് കുട്ടപ്പായിയായിരിക്കും ഇങ്ങനെയൊരു 'നമ്പറിറക്കിയതെ'ന്ന് നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. എന്റെ പഴയ ചങ്ങാതിമാരൊന്നുമല്ല അഞ്ചെട്ടുകൊല്ലംമുന്‍പ് നടന്‍ മനുരാജ് കൊണ്ടുവന്ന് പരിചയപ്പെടുത്തിയ ഒരു കുമളിക്കാരന്‍ സഹസംവിധായകന്‍ നിഷാദ്ഖാനാണ്, എന്റെ ആദ്യസിനിമ റിലീസ്ചെയ്ത 1979 മേയ് 25 എന്റെ സിനിമാജന്മദിനമായി ആലങ്കാരികമായ ഒരു വിശേഷണം നല്‍കി അയച്ച മെസേജാണത്. നിഷാദ് അങ്ങനെയാണ്. എന്നോട് വളരെ സ്‌നേഹവും ബഹുമാനവും ആദരവുമുള്ള ഒരു പാവം കക്ഷി. ഗൂഗിളിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ പരതിനടന്ന് എന്റെ സിനിമാചരിത്രം എന്നെക്കാള്‍ നന്നായി ഓര്‍ത്തുവെച്ചിരിക്കുന്നത് നിഷാദാണ്. അയാള്‍ ഇടയ്ക്കിടയ്ക്ക് എന്റെ സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ അങ്ങനെ അയച്ചുകൊണ്ടിരിക്കും.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും നിഷാദിന്റെ ഒരു സജഷന്‍ മെസേജ് വന്നു. നൂറില്‍പ്പരം തിരക്കഥകള്‍ എഴുതിയിട്ടുള്ള സാറിന്റെ സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകരെക്കുറിച്ച് ഏതെങ്കിലും വീക്കിലിയില്‍ ഒരു തുടരന്‍പംക്തി എഴുതിക്കൂടേ സാര്‍. ഇതുവരെ തന്റെ സംവിധായകരെക്കുറിച്ച് ഒരു തിരക്കഥാകാരന്റെയും ഓര്‍മക്കുറിപ്പുകള്‍ ഒന്നും വന്നിട്ടില്ല. സാറിന് ഒന്ന് ആലോചിച്ചുകൂടെ? നിഷാദ് എന്റെ എഴുത്തിന് ഊര്‍ജംപകരുന്ന ഒരു പ്രേരണശക്തിയായതുകൊണ്ട് സജഷന് ഞാന്‍ ഒബ്‌ജെക്ഷനൊന്നും പറഞ്ഞില്ല. 

ഞാന്‍ നിമിഷനേരമിരുന്ന് ആലോചിച്ചു. നൂറിലധികം തിരക്കഥകള്‍ എഴുതിയിട്ടുള്ള എന്റെ സിനിമകളുടെ സഞ്ചാരവഴികളിലൂടെ കടന്നുപോയിട്ടുള്ള സംവിധായകരുടെ ഒരു നീണ്ടനിരതന്നെ എന്റെ മനസ്സിലേക്ക് കടന്നുവരുകയായിരുന്നു. എല്ലാ ജെനുസ്സിലുമുള്ള ചെറുതും വലുതുമായ സിനിമകള്‍ ചെയ്തിട്ടുള്ള എന്റെ സംവിധായക സുഹൃത്തുക്കളുമായുള്ള ഇണക്കവും ഇഴയടുപ്പവും പിണക്കവും അകല്‍ച്ചയും അലോസരവും, ആദ്യ സിനിമ ചെയ്യാന്‍ വന്ന വേണു ബി. നായരെന്ന പുതുമുഖസംവിധായകനുവേണ്ടി സുരേഷ്‌ഗോപിയുമായുണ്ടായ പൊരിഞ്ഞ ഉടക്കും, അതേത്തുടര്‍ന്ന് മാക്ട എന്ന സംഘടനയ്ക്ക് ഞാന്‍ രൂപംകൊടുത്തതും, പിന്നീട് പിണങ്ങിയവര്‍ തമ്മിലുള്ള ഒത്തുചേരലുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എന്റെ ഓര്‍മത്താവളത്തില്‍ ഇപ്പോഴും ചാരംമൂടിക്കിടക്കുന്നുണ്ട്.

സിനിമയിലേക്കുള്ള എന്റെ പ്രവേശം തികച്ചും യാദൃച്ഛികമായിരുന്നു. എന്റെ കൗമാര-യൗവനാരംഭത്തില്‍, സിനിമകാണലും ആനുകാലികങ്ങളില്‍ കഥയും നോവലുമൊക്കെ എഴുതിനടന്നിരുന്ന സമയത്ത്, സിനിമയില്‍ ഒരു തിരക്കഥാകാരനാകണമെന്നുള്ള മോഹമൊന്നും എന്റെ പാഴ്ക്കിനാവിന്റെ പരിസരത്തുപോലും വന്ന് എത്തിനോക്കിയിട്ടില്ല. ഒരു നിമിത്തംപോലെയാണ് മലയാളസിനിമയിലെ ജനപ്രിയസംവിധായകനായ ഐ.വി. ശശിയുടെ ഒരു ചിത്രത്തിനുവേണ്ടി കഥയെഴുതാനുള്ള ഭാഗ്യം എന്നെ തേടിയെത്തുന്നത്. 1978-ല്‍ എന്റെ ആദ്യചിത്രമായ 'അനുഭവങ്ങളേ നന്ദി'യുടെ സംവിധായകനായി വരുന്നതിനുമുന്‍പേതന്നെ എനിക്ക് ശശിയെ അറിയാം. 

1975-ല്‍ ശശിയുടെ ആദ്യചിത്രമായ 'ഉത്സവ'ത്തിന്റെ ഡിസ്ട്രിബ്യൂഷനുവേണ്ടി എറണാകുളത്തെ ഒട്ടുമിക്ക വിതരണസ്ഥാപനങ്ങളിലും കയറിയിറങ്ങി തളര്‍ന്ന് നിരാശനായി ഞങ്ങളുടെ എം.ജി. റോഡിലെ ചിത്രപൗര്‍ണമി ഓഫീസിലേക്ക് നിര്‍മാതാവായ മുരളി മൂവീസ് രാമചന്ദ്രനോടൊപ്പം കടന്നുവന്നകാലംമുതലാണ് ഞങ്ങള്‍തമ്മിലുള്ള ഇഴയടുപ്പം തുടങ്ങുന്നത്.

ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ കവിതപോലെ മനോഹരങ്ങളായ തനിയാവര്‍ത്തനങ്ങളില്ലാത്ത കൊച്ചുകൊച്ചു ചിത്രങ്ങളെടുത്ത് പുതിയൊരു ചലച്ചിത്രഭാവുകത്വത്തിന് തുടക്കംകുറിച്ച ഒരു യുവസംവിധായകനായി ശശി പേരെടുത്തിരുന്നു. ഉദാഹരണത്തിന് 'അവളുടെ രാവുകള്‍' മാത്രം മതി. പിന്നീട് ഐ.വി. ശശിയുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 

ഇത്രയ്ക്ക് വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങാടിയും ഈനാടും പോലുള്ള  ആള്‍ക്കൂട്ടസിനിമകളും വാര്‍ത്ത, 1921, ആവനാഴി, അഹിംസ, അടിമകള്‍ ഉടമകള്‍ തുടങ്ങിയ പൊളിറ്റിക്കല്‍-സോഷ്യല്‍ റിലവന്‍സുള്ള ചിത്രങ്ങളുമെടുത്തിട്ടുള്ള പ്രേക്ഷകരുടെ ആസ്വാദനബോധത്തെ മാറ്റിയെടുത്തതും സിനിമ സംവിധായകന്റെപേരില്‍ അറിയപ്പെടാന്‍തുടങ്ങിയതും ഐ.വി. ശശി എന്ന ക്രാഫ്റ്റ്മാന്റെ വരവോടെയാണ്. ക്ലാസ് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും എം.ടി.യുടെയും പത്മരാജന്റെയും ഏറ്റവും കൂടുതല്‍ ക്ലാസിക് തിരക്കഥകള്‍ക്ക് അഭ്രഭാഷ്യം നല്‍കിയ മലയാളത്തിലെ ഒന്നാംക്‌ളാസ് ചലച്ചിത്രകാരനായിരുന്നു ഐ.വി. ശശി.

സിനിമയുടെ അതിശയങ്ങളില്‍ അദ്ഭുതം കണ്ടെത്താനായി കോഴിക്കോട്ടെ ഇരുപ്പംമേടുനിന്ന് ഇറങ്ങിത്തിരിച്ച ശശിധരന്‍ എന്ന ഐ.വി.ശശിക്ക് മറ്റുള്ള സംവിധായകരില്‍ ആരിലും കാണാത്ത ചില പ്രത്യേകതയും ശീലപ്രകൃതവുമുണ്ട്. സിനിമ എന്ന കലാമാധ്യമത്തോടുള്ള പ്രതിബദ്ധതയും ആത്മാര്‍ഥതയും പ്രകടമാക്കുന്ന ശശിയുടെ ചന്തംചാര്‍ത്തലിന്റെ നേരെയനുഭവത്തിലേക്ക് നമുക്കൊന്നു പോകാം.

സീന്‍ ഒന്ന്
1977-ലെ ഒരു സായാഹ്നം. ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ പത്മരാജന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനംചെയ്യുന്ന 'വാടകയ്ക്ക് ഒരു ഹൃദയ'ത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. വൈകീട്ട് ശശിയെ കാണാന്‍ അനുഭവങ്ങളേ നന്ദിയുടെ തിരക്കഥാകാരന്‍ എസ്.എല്‍.പുരം സദാനന്ദന്‍ വരുമെന്ന് വിളിച്ചുപറഞ്ഞതുകൊണ്ട് സമയക്ലിപ്തത പാലിക്കാന്‍വേണ്ടി ഞാനും അടുത്ത സുഹൃത്തും കലാ സംവിധായകനുമായ കിത്തോയും നിര്‍മാതാവിന്റെ വലംകൈയുമായ സി.സി. ആന്റണിയും കൂടി എറണാകുളത്തുനിന്ന് ഒരു ടാക്സി വിളിച്ചാണ് ഉദയായില്‍ എത്തിയിരിക്കുന്നത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍  മധുവും സോമനും ജയഭാരതിയും ചേര്‍ന്നുള്ള ഒരു കോമ്പിനേഷന്‍ സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ കണ്ട് ശശി തിടുക്കത്തില്‍ പറഞ്ഞു. ''ജയഭാരതിക്ക് രാത്രി എട്ടരയുടെ ഫ്‌ളൈറ്റില്‍ മദ്രാസിന് പോകാനുള്ളതാണ്. ഈ സീന്‍ കഴിഞ്ഞ് ജയഭാരതി കാറില്‍ പോകുന്ന ഒരു ചെറിയ സീന്‍കൂടി എടുത്തുകഴിഞ്ഞാല്‍ അവരുടെ വര്‍ക്ക് കംപ്ലീറ്റ് തീരും. അതുകഴിഞ്ഞ് നമുക്കിരിക്കാം.'' 

ശശിയുടെ വേഗവും ചടുലതയും കണ്ട് വിസ്മയംകൂറി എസ്.എല്‍.പുരത്തിന്റെ വരവും കാത്ത് നില്‍ക്കുകയാണ് ഞങ്ങള്‍. ഒരുനിമിഷംപോലും പാഴാക്കാതെ ശശി ഓടിനടന്ന് ഷോട്ടെടുത്തുകൊണ്ടിരിക്കുകയാണ്. അതിനാടകീയമുഹൂര്‍ത്തങ്ങളുള്ള ഒരു വലിയ സീനായതുകൊണ്ട് ആറുമണികഴിഞ്ഞപ്പോഴാണ് ലാസ്റ്റ് ഷോട്ട് എടുത്തുതീര്‍ന്നത്. ഇനി കാറ് മെയിന്റോഡിലൂടെ പോകുന്ന സീന്‍ എടുക്കാന്‍പോയാല്‍ ജയഭാരതിക്ക് സമയത്തിന് കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡിലുള്ള എയര്‍പോര്‍ട്ടില്‍ എത്താനാവില്ല. എന്താണ് ചെയ്യുക? ശശിക്ക് ആകെ ടെന്‍ഷനായി. ഈ ഒരു ചെറിയ സീന്‍ എടുക്കാന്‍വേണ്ടി ഇനി ജയഭാരതിയെ മദ്രാസില്‍നിന്ന് വരുത്താനാവില്ല.

അപ്പോഴാണ് പെട്ടെന്ന് ശശിയുടെ ബുദ്ധിയില്‍ പഴയ ബാക് പ്രൊജക്ഷന്‍ മെത്തേഡ് തെളിഞ്ഞുവന്നത്. കാര്‍ റോഡിലിറക്കാതെ സ്റ്റുഡിയോയ്ക്കുള്ളില്‍ത്തന്നെയിട്ടുകൊണ്ട് ബാക് പ്രൊജക്ഷനില്‍ ഷൂട്ടുചെയ്താല്‍ അധികം സമയമെടുക്കില്ല. ജയഭാരതിക്ക് സമയത്തിന് എയര്‍പോര്‍ട്ടിലെത്തുകയുംചെയ്യാം.

ശശി ഉടനെത്തന്നെ ഈ സീന്‍ ബാക് പ്രൊജക്ഷനില്‍ എടുക്കാമെന്ന് ക്യാമറാമാന്‍ രാമചന്ദ്രബാബുവിനോട് പറഞ്ഞു. അദ്ദേഹം അതിനോട് താത്പര്യം കാണിക്കാതെ നിസ്സംഗനായിനിന്നു. ഫ്രെയിം ബ്യൂട്ടിയും പെര്‍ഫെക്ഷനും ഒന്നും ഉണ്ടാവില്ല എന്നാണ് രാമചന്ദ്രബാബുവിന്റെ ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി. ബാബുവിന്റെ വായ്മൊഴി കേട്ടപ്പോള്‍ ശശി അല്പം ശബ്ദം ഉയര്‍ത്തി ചൂടായിക്കൊണ്ട് പറഞ്ഞു. ''കാര്‍ റോഡിലിറക്കി ഷൂട്ടുചെയ്യാന്‍പോയാല്‍ സമയത്തിന് ജയഭാരതിക്ക് എയര്‍പോര്‍ട്ടില്‍ എത്താനാവില്ല. ഫ്‌ളൈറ്റ് അതിന്റെ പാട്ടിനുപോകും. നമ്മള്‍ കുറച്ചുകൂടി പ്രാക്ടിക്കലാകണം ബാബു.''

മധുവും സോമനും ജയഭാരതിയുമെല്ലാം ശശിയുടെ പ്രാക്ടിക്കലിനോടൊപ്പമാണെന്ന് അവരുടെ മുഖസൂചനകളില്‍ നിന്ന് എനിക്ക് മനസ്സിലായി. ''ബാബുവിന് ഷൂട്ടുചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഈ സീന്‍ ഞാന്‍ എടുത്തോളാം.'' ശശിയുടെ ആ തീരുമാനത്തിനുമുന്‍പില്‍ മനാമനസ്സോടെ രാമചന്ദ്രബാബു വേഗംതന്നെ ക്യാമറ ചലിപ്പിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. പതിനഞ്ച് മിനിറ്റുകൊണ്ട് ജയഭാരതി കാറില്‍പ്പോകുന്ന സീന്‍ ബാക് പ്രൊജക്ഷനില്‍ ശശി എടുത്ത് തീര്‍ത്തു. ശശി ഛായാഗ്രഹണകല പഠിച്ചിട്ടുള്ള ആളാണ്. ഷൂട്ടുകഴിഞ്ഞപ്പോള്‍ എല്ലാവരും നിറകൈയടിയോടെയാണ് ശശിയെ അഭിനന്ദിച്ചത്.

ശശി അവിടെ പ്രായോഗികതയുടെ വക്താവായി മാറുകയായിരുന്നു. 'വാടകയ്ക്ക് ഒരു ഹൃദയം' റിലീസായദിവസം ആദ്യ ഷോയ്ക്കുതന്നെപോയി ഞാന്‍ സിനിമകണ്ടു. വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ കാറില്‍പോകുന്ന ജയഭാരതിയുടെ കഥാപാത്രത്തിന്റെ ഭാവപ്രകടനത്തിലോ ഫ്രെയിം ബ്യൂട്ടിക്കോ ഒരു മങ്ങലും ഉള്ളതായി എനിക്ക് തോന്നിയില്ല. ഇതേപോലെ മറ്റൊരു അനുഭവം 'അനുഭവങ്ങളെ നന്ദി'യുടെ ഷൂട്ടിങ് സമയത്ത് ക്യാമറാമാന്‍ വിപിന്‍ദാസും എന്നോടുപറയുകയുണ്ടായി.

സീന്‍ രണ്ട്
1978-ല്‍ നിലമ്പൂര്‍ കാട്ടില്‍ വെച്ചായിരുന്നു 'അനുഭവങ്ങളെ നന്ദി'യുടെ ചിത്രീകരണംനടന്നത്. എന്റെ ആദ്യത്തെ സിനിമാക്കഥയായതുകൊണ്ടും നിര്‍മാതാക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയും ഞാന്‍ മിക്കദിവസങ്ങളിലും ലൊക്കേഷനില്‍ത്തന്നെയുണ്ടായിരുന്നു. സോമനും ജയഭാരതിയും ഞാനും കിത്തോയും നിലമ്പൂര്‍ ടൗണിലുള്ള ജയശ്രീ ഹോട്ടലിലും ഐ.വി.ശശി, സീമ, ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ രഘു, കൊച്ചിന്‍ ഹനീഫ, ശങ്കരാടി തുടങ്ങിയവര്‍ മഞ്ചേരിയിലെ മറ്റൊരു ഹോട്ടലിലുമാണ് സ്റ്റേചെയ്തിരുന്നത്.

കൊച്ചിന്‍ ഹനീഫയും ഞാനും ഒരേനാട്ടുകാരും അടുത്ത ചങ്ങാതിമാരുമായതുകൊണ്ട് ചിലദിവസങ്ങളില്‍ ഞാന്‍ അവന്റെ കൂടെപ്പോയി താമസിക്കാറുണ്ട്. ഒരുദിവസം രാത്രി ഞാനും ഹനീഫയും റൂമിലുള്ളപ്പോള്‍ ക്യാമറാമാന്‍ വിപിന്‍ദാസ് അങ്ങോട്ട് കയറിവന്നു. സംസാരത്തിനിടയില്‍ ശശിയുടെ രാത്രികാല ഷൂട്ടിങ്ങിനെക്കുറിച്ചും പടം തുടങ്ങിയാല്‍പ്പിന്നെ ശശിക്ക് ഊണും ഉറക്കവും വളരെക്കുറവാണെന്നും മറ്റുമുള്ള ശശിയുടെ ശീലപ്രകൃതത്തെക്കുറിച്ചുമൊക്കെ പറയുന്നതിനിടയില്‍ വിപിന്‍ദാസ് തലേന്ന് രാത്രിയില്‍ ഉണ്ടായ ഒരനുഭവകഥ വിവരിച്ചു.

ഐ.വി.ശശിയും കലൂര്‍ ഡെന്നിസും / ഫയല്‍ചിത്രം

ഒരുദിവസം രാത്രി നിലമ്പൂര്‍ വനത്തിലെ ഷൂട്ടിങ്ങും കഴിഞ്ഞ് ഞങ്ങള്‍ മുറിയില്‍ എത്തിയപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. വല്ലാത്ത ക്ഷീണവും തളര്‍ച്ചയുംകൊണ്ട് വന്നപാടെത്തന്നെ കുളിയും കഴിഞ്ഞ് ഞാന്‍ വേഗംതന്നെ കിടന്നുറങ്ങി. എപ്പോഴാണെന്നറിയില്ല, കോളിങ് ബെല്‍ നിരന്തരം മുഴങ്ങുന്നത് കേട്ടുകൊണ്ടാണ് ഞാനുണര്‍ന്നത്. ഈ സമയത്ത് ആരാണ് വന്ന് ബെല്‍ അടിക്കുന്നത്? ഇനി ഉറക്കത്തില്‍ സ്വപ്നം വല്ലതും കണ്ടതാണോ എന്ന സംശയത്തില്‍ ഞാന്‍ എഴുന്നേറ്റ് വാച്ചില്‍ നോക്കിയപ്പോള്‍ ഒരുമണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഈര്‍ഷ്യയോടെ ഡോര്‍ തുറന്നപ്പോള്‍ വാതുക്കല്‍ ശശി നില്‍ക്കുന്നു. ടെന്‍ഷനോടെ എന്നെ നോക്കിക്കൊണ്ട് അകത്തേക്കുകയറി എന്റെ ബഡ്ഡില്‍ ചെന്നിരുന്നുകൊണ്ട് ശശി ചോദിച്ചു, ''വിപിന്‍, രാത്രി നമ്മള്‍ ഏറുമാടത്തില്‍വെച്ച് എടുത്ത ആ സീനില്‍ മധുസാര്‍ പുറത്തേക്ക് ചാടുന്ന ഷോട്ട് കറക്ടായിട്ട് കിട്ടിയിട്ടുണ്ടോ എന്നെനിക്കൊരു സംശയമുണ്ട്.''

ഓ ഇത് ചോദിക്കാനാണോ ഈ അര്‍ധരാത്രിസമയത്ത് വന്ന് മനുഷ്യന്റെ ഉറക്കംകളഞ്ഞത്. നാളെ നേരംപുലര്‍ന്നിട്ട് ചോദിച്ചാല്‍പോരേ എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. എങ്കിലും ഞാന്‍ അനുനയത്തില്‍ പറഞ്ഞു. ''അതൊക്കെ കറക്ടായിട്ടു കിട്ടിയിട്ടുണ്ട്.''
''ഉറപ്പാണോ?, ഇല്ലെങ്കില്‍ നാളെ റീ ഷൂട്ട്ചെയ്യണം.' ''ഹേയ് അതൊന്നും വേണ്ടിവരില്ല. റഷസ് വരുമ്പോള്‍നോക്കിക്കോളൂ ശശി ധൈര്യമായിട്ടുപോയി കിടന്നുറങ്ങാന്‍ നോക്ക്''.

ഇന്നത്തെപ്പോലെ മോണിട്ടറൊന്നുമില്ലാത്ത കാലമായതുകൊണ്ട് പല സംവിധായകര്‍ക്കുമുണ്ടാകുന്ന സംശയമായിരുന്നു ശശിക്കും. പിന്നെ അവരാരും ശശിയെപ്പോലെ പാതിരാത്രിവന്ന് വിളിച്ചുണര്‍ത്തി സംശയനിവാരണം നടത്താറില്ലെന്നുമാത്രം. ഇതുപോലെതന്നെ രാവിലെ എല്ലാവരും ഉണരുംമുന്‍പേ ശശി എഴുന്നേറ്റ് കുളിച്ച് റെഡിയായി റിസപ്ഷനില്‍ വന്നുനില്‍ക്കും. ആദ്യം എഴുന്നേറ്റ് റഡിയായി വരേണ്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊഡക്ഷന്‍ ബോയിയുംവരെ എഴുന്നേറ്റുവരുന്നതേയുള്ളൂ. നേരത്തേ ഷൂട്ടിങ്ങുള്ള സമയങ്ങളില്‍ ശശിതന്നെയായിരിക്കും റിസപ്ഷനിലെ ഫോണില്‍നിന്ന് നായകനെയും നായികയെയുമൊക്കെ വിളിച്ചുണര്‍ത്തുക.

പ്രൊഡക്ഷന്‍ കണ്‍ട്രാളറോ മറ്റാരെങ്കിലുമോ ആണെങ്കില്‍ നടന്മാര്‍ അവരോട് ചൂടാകുമെന്ന് ശശിക്കറിയാം. സംവിധായകനായതുകൊണ്ട് അവര്‍ക്ക് പ്രതികരിക്കാനാവില്ലല്ലോ? ഇതാണ് ഐ.വി. ശശി. മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനായിട്ടും ഷൂട്ടിങ് തുടങ്ങിയാല്‍ തീരുന്നതുവരെ ശശിക്ക് ടെന്‍ഷനാണ്. ഇതുപോലെ ഒരുദിവസം രാവിലെ ശശി റിസപ്ഷനില്‍ നില്‍ക്കുന്നതുകണ്ട് വിപിന്‍ദാസ് പറഞ്ഞ ഉറക്കമില്ലായ്മയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ശശി പറഞ്ഞ മറുപടി ഇതാണ്. 
''എടാ ഈ ഉറക്കം വല്ലാത്തൊരു കള്ളനാണെടാ. നമ്മുടെ ആയുസ്സിന്റെ ഭൂരിഭാഗവും അപഹരിച്ചുകൊണ്ടുപോകുന്നത് അവനാണ്. പക്ഷേ, അവന്റെ വേഷംകെട്ട് എന്റെടുക്കല്‍ നടക്കില്ല. എന്റെ ജോലി തീരുന്നതുവരെ ഉറക്കത്തെ ഭദ്രമായി പൂട്ടി എന്റെ പോക്കറ്റിലിടും.'' 

ഇന്ന് ശശി നമ്മളോടൊപ്പമില്ല. നീണ്ട നാല്‍പ്പത്തിമൂന്ന് വര്‍ഷക്കാലം മലയാളസിനിമയുടെ ക്രീസില്‍ ഓള്‍റൗണ്ടറായിഓടിനടന്നിരുന്ന എന്റെ ആദ്യസിനിമാഗുരുവായ ആ സര്‍ഗധനന്‍ എന്റെ മനസ്സില്‍ ഒരു ഓര്‍മ്മച്ചിത്രമായി ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

ആ പേരിനുപിന്നില്‍ 
ഞാനും കിത്തോയും കൂടി അനുഭവങ്ങളേ നന്ദിയുടെ ചര്‍ച്ചയ്ക്കായി മദ്രാസില്‍ പോയപ്പോള്‍ ഐം.വി ശശിയും നിര്‍മാതാവായ രാമചന്ദ്രനും കൂടി അവളുടെ രാവുകളുടെ റഷസ് കാണാനായി നില്‍ക്കുകയായിരുന്നു. ഞങ്ങളെയും അത് കാണാനായി ക്ഷണിച്ചു. റഷസ് കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ രാമചന്ദ്രനോട് പറഞ്ഞു, ''രാമചന്ദ്രന്‍ ഒരു ചാക്കുമായി പോന്നോളൂ''. അതുകേട്ട് ശശി പറഞ്ഞു, ''എന്തിനാ?'' ''പണം വാരി കൊണ്ടുപോകാന്‍''. 'അവളുടെ രാവുകള്‍' പണംവാരി ചിത്രമായി ഓടുമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അതേപോലെ തന്നെ 'അവളുടെ രാവുകള്‍' എന്ന സിനിമയുടെ ടൈറ്റില്‍ അങ്ങനെയല്ലായിരുന്നു. വേറൊരു വലിയ പേരായിരുന്നു ഇട്ടിരുന്നത്. ശശി ''നിനക്ക് എന്തെങ്കിലും സജഷനുണ്ടോ'' എന്ന് ചോദിച്ചു. ഞാനാണ് 'അവളുടെ രാവുകള്‍' എന്ന പേര് പറഞ്ഞത്. 

(തുടരും)


 

Content Highlights: kaloor dennis talking about his favorite directors