'കുഴപ്പമായീന്നാ തോന്നുന്നേ...'എന്ന് പറയുന്ന രാമഭദ്രൻ; എന്ത് ഭംഗിയാണ് മുകേഷിനെ അപ്പോൾ കാണാൻ

ഗോഡ്ഫാദർ
ഗോഡ്ഫാദർ

മുകേഷിന്റെ ഒരുപാട് കോമഡി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതോടൊപ്പം സീരിയസ് വേഷങ്ങൾ മുകേഷ് തകർത്ത് അഭിനയിക്കുന്നതും നമ്മൾ കണ്ടതാണ്. മുകേഷിന്റേതായി നിരവധി റൊമാന്റിക് കോമഡി സിനിമകൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയുണ്ട്. ഒരു പക്ഷേ, നിങ്ങൾക്കും ഇഷ്ടപ്പെട്ട സിനിമയായിരിക്കും അത്. ഗോഡ്ഫാദർ. ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അഞ്ഞൂറാനും അച്ചമ്മയും മായിൻകുട്ടിയും രാമഭദ്രനും മാലുവുമെല്ലാം മനസ്സിലേക്ക് കടന്നുവരാത്തവർ ഉണ്ടാവില്ല.

തന്റെ മുത്തശ്ശി (ഫിലോമിന) പറഞ്ഞ പ്രകാരം അഞ്ഞൂറാന്റെ (എൻ.എൻ.പിള്ള) വീട്ടിൽ കലഹമുണ്ടാകണമെങ്കിൽ ഒരു പെണ്ണ് വേണം. അതിനാണ് മാലുവിനോട് (കനക) അവൾക്ക് രാമഭദ്രനോട് (മുകേഷ്) പ്രണയമാണെന്ന് പറയാൻ മുത്തശ്ശി ആവശ്യപ്പെടുന്നത്. അതുപോലെതന്നെ ആത്മാർത്ഥ സുഹൃത്തായ മായിൻകുട്ടിയുടെ (ജഗദീഷ്) നിർദ്ദേശപ്രകാരമാണ് മുകേഷിന്റെ കഥാപാത്രം മാലുവിനോട് തിരിച്ച് പ്രണയമാണെന്ന് പറയുന്നത്. ഇടയ്ക്ക് വച്ച് രണ്ടുപേരും സത്യം തുറന്നു പറയുകയും പരസ്പരം വെറുപ്പാണെന്ന് പറഞ്ഞു പിരിയുകയും ചെയ്യുന്നു. പക്ഷേ, വെറുപ്പാണെന്ന് പറയുന്നത് രാമഭദ്രനാണ്, മാലുവല്ല.

എന്നാൽ അന്നുരാത്രി രാമഭദ്രന് ഉറങ്ങാൻ കഴിയുന്നില്ല. അവൻ സുഹൃത്തായ മായിൻകുട്ടിയെ വിളിച്ചുണർത്തുന്നു. മനുഷ്യന്റെ മനസ്സിൽ തീകോരിയിട്ട് അവൻ കിടന്നുറങ്ങുന്നതു കണ്ടില്ലേ എന്ന് രാമഭദ്രൻ ദേഷ്യപ്പെടുന്നു. അപ്പോൾ മായിൻകുട്ടി പറയും: ''അതിന് നീ അവളോട് പറഞ്ഞില്ലേ നിനക്ക് അവളോട് പ്രേമം ഒന്നുമില്ല'' എന്ന്. പിന്നെ എന്താണ് പ്രശ്‌നം? അപ്പോൾ രാമഭദ്രന്റെ ഒരു മറുപടിയുണ്ട്. എക്കാലത്തെയും ക്ലാസിക് റൊമാന്റിക് കോമഡി ഡയലോഗ് ആണ് അതെന്ന് ഞാൻ പറയും. അത് ഏതാണ്ടിങ്ങനെയാണ്: ''അവളെ വെറുപ്പാണെന്ന് പറഞ്ഞെന്നുവച്ചിട്ട്. എനിക്കവളെ മറക്കാനും വെറുക്കാനും പറ്റണ്ടേ?'' അപ്പോൾ മായിൻകുട്ടിയുടെ ഒരു ചോദ്യമുണ്ട്: ''കുഴപ്പമായോ?'' ഉടനെ രാമഭദ്രന്റെ മറുപടി: ''കുഴപ്പമായി എന്നാ തോന്നുന്നെ...''അതൊരു പ്രത്യേകതാളത്തിലാണ് മുകേഷ് പറയുന്നത്. ഇപ്പോൾ നിങ്ങൾ അത് വായിച്ചതും ചിലപ്പോൾ അതേ താളത്തിൽ ആയിരിക്കും.

പിന്നീട് നിനക്ക് ശരിക്കും പ്രേമം തോന്നുന്നുണ്ടെങ്കിൽ പ്രേമിക്കണം എന്നും മായിൻകുട്ടി ധൈര്യം പകരുന്നു. അന്നുരാത്രി തന്നെ രാമഭദ്രൻ അവളുടെ ഹോസ്റ്റലിൽ കയറി പ്രേമം അവതരിപ്പിക്കുന്നു. മാലു മറുപടി കൊടുക്കാതെ പിറ്റേന്ന് വീട്ടിലേക്ക് പോകുന്നു. അന്ന് രാത്രി മാലുവിന്റെ വീട്ടിൽ രാമഭദ്രൻ അതിസാഹസികമായി ചെല്ലുകയും, അവൾ അവനെ ജീവനാണ് തനിക്ക് എന്നറിയിക്കുകയും ചെയ്യുന്നു. നർമ്മത്തിന്റെ മേമ്പൊടി ചേർത്തുള്ള ആ പ്രണയരംഗങ്ങൾ എന്തുരസമാണ്. എന്ത് സുന്ദരനാണ് ആ സമയത്ത് മുകേഷിനെ കാണാൻ. പിന്നീട് കഥ പല തലങ്ങളിലൂടെ വികസിക്കുകയും കഥാവസാനം അവരൊന്നും ചേരുകയും ചെയ്യുന്നു. ഈ സിനിമയിൽ മുകേഷിനെ ഒരു പ്രത്യേക ഭംഗിയുള്ളതായി തോന്നിയിട്ടുണ്ട്. മഞ്ഞ, പച്ച, വരകളുള്ളത് അങ്ങനെ മുകേഷ് ആ സിനിമയിലിട്ട ഷർട്ടുകളെല്ലാം അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നാണ് ഓർമ. സ്വതസിദ്ധമായ ചമ്മിയ ഒരു ചിരിയോടെ മാലുവിനൊപ്പം കടൽത്തീരത്ത് നടക്കുന്ന രാമഭദദ്രൻ. ഒപ്പം ഉണ്ണിമേനോന്റെയും ചിത്രയുടെയും ശബ്ദത്തിലുള്ള അതിമനോഹരമായ പാട്ട്-

പൂക്കാലം വന്നൂ പൂക്കാലം

തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ?

ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട രാമഭദ്രന് എല്ലാമായിരുന്നു മാലു. അവളോടൊപ്പം ജീവിക്കാനാണ് അവൻ ഇഷ്ടപ്പെടുന്നത്. കൂടുതൽ അലങ്കാരങ്ങളൊന്നുമില്ല രാമഭദ്രന് മാലുവിനോടുള്ള പ്രണയത്തിന്. എന്നിട്ടും പാട്ടുകേൾക്കുമ്പോൾ വല്ലാത്ത പ്രണയാനുഭൂതിയാണ്.

പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും

പൂവാകയിൽ നാം പൂമേട തീർക്കും എന്ന് പാടാൻ കൊതിക്കാത്തവരുണ്ടാവില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C

Content Highlights: mukesh shines in godfather malayalam movie. His portrayal of ramabhadran and his dialogues are unforgettable