സൗന്ദര്യം കൂട്ടാന്‍ കഴുതപ്പാല്‍, ആരോഗ്യത്തിന് കഴുതമാംസവും തൊലിയും; കഴുത വെറുമൊരു മൃഗമല്ല

ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

'അസ്സല്‍ കഴുത തന്നെ, നീ കഴുതയാണോ, നീയെന്തൊരു കഴുതയാണ്....'കാലങ്ങളായി ഒരാളെ മാനസികമായി തളര്‍ത്താനുപയോഗിക്കുന്ന വാചകങ്ങള്‍. ബുദ്ധിയില്ലാത്ത മനുഷ്യന്‍ എന്നുതന്നെയാണിത് അര്‍ഥമാക്കുന്നത്. കഴുതയുടെ പേര് പറഞ്ഞ് മനുഷ്യനെയോ, നേരെ തിരിച്ചോ അപമാനിക്കാന്‍ പാടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ വളരെ സ്വാഭാവികമായി ഉയരുന്നുണ്ട്. എങ്കിലും കിട്ടുന്നിടത്തെല്ലാം ആ മൃഗത്തെ വെച്ചുള്ള താരതമ്യംചെയ്യല്‍ തുടരുന്നു. 

നൂറ്റാണ്ടുകളായി മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാണ് കഴുതകള്‍. സാമാനങ്ങള്‍ പലയിടങ്ങളിലേക്ക് കൊണ്ടുപോവാനും മറ്റുമായിരുന്നു കഴുതകളെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പിന്നീട് കൃഷിയാവശ്യങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമാവശ്യമായ സാമഗ്രികള്‍ കൊണ്ടുപോവുന്നതിനും കഴുതകളെ ആശ്രയിച്ചുതുടങ്ങി. അതില്‍നിന്നാവാം 'ഭാരം ചുമക്കുന്ന കഴുത' എന്ന പ്രയോഗം തന്നെ ഉണ്ടായത്. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ചുമക്കുന്നവരെയും മറ്റുള്ളവരുടെ വിഷമങ്ങളെല്ലാം മനസ്സിലടക്കുന്നവരെയും ആ പേരില്‍ വിളിച്ചുതുടങ്ങി. അങ്ങനെ നമ്മുടെ ജീവിതത്തില്‍ ഒരുദിവസം ഒരുനേരമെങ്കിലും കഴുതയെക്കുറിച്ച് പരാമര്‍ശിക്കാതെ പോവില്ല.  

ഇന്ന് വേള്‍ഡ് ഡോങ്കി ഡേ (ലോക കഴുതദിനം). 2018-ലാണ് കഴുതകള്‍ക്കായി ഒരു ദിനം എന്ന ചര്‍ച്ചകള്‍ വരുന്നത്. അര്‍ക് റാസിഖ് എന്ന ശാസ്ത്രജ്ഞനാണ് ഇതിനു പിന്നില്‍. കഴുതകള്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന ചിന്തയില്‍നിന്നാണ് ഇതുണ്ടായത്. 2019 മുതല്‍ എല്ലാ വര്‍ഷവും മേയ് 8, ലോക കഴുതദിനമായി ആചരിച്ചുതുടങ്ങി. ഇന്നത്തെ സാഹചര്യത്തില്‍ ഈ ദിനത്തിന് കൂടുതല്‍ പ്രാധാന്യവുമുണ്ട്. 

കഴുതപ്പാലിലെ സൗന്ദര്യരഹസ്യം  
കഴുതപ്പാലിന് പണ്ടേ പ്രശസ്തി വളരെ കൂടുതലാണ്. റോമാക്കാര്‍ തങ്ങളുടെ സൗന്ദര്യപരിചരണത്തിനായി ഉപയോഗിച്ചിരുന്നത് കഴുതപ്പാലാണത്രേ. അന്ന് വീഥികളിലൂടെ നൂറുകണക്കിന് കഴുതകളെയും കൊണ്ട് കച്ചവടക്കാര്‍ നടന്നുനീങ്ങും. ആവശ്യമുള്ളവര്‍ക്ക് കഴുതപ്പാല്‍ കൊടുക്കും. പണക്കാര്‍ ദിവസവും കുടിക്കാനും പാവപ്പെട്ടവര്‍ അസുഖങ്ങള്‍ ഭേദമാക്കാനുമാണ് കഴുതപ്പാല്‍ വാങ്ങിവെക്കുക. അത്രയും ഗുണമുള്ളതാണത്രേ കഴുതപ്പാല്‍. 

ഫോട്ടോ: രഹന

റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭാര്യ പോപ്പിയ സെബീന കുളിക്കാനുപയോഗിച്ചിരുന്നത് കഴുതപ്പാലാണ്. അതുകൊണ്ട് ഓരോ യാത്രയിലും കഴുതകളുടെ വലിയ സംഘം തന്നെ അവരെ അനുഗമിക്കുമായിരുന്നു. ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയും കഴുതപ്പാലിലാണ് കുളിച്ചിരുന്നത്. 
അതിനായി ദിവസവും 700 കഴുതകളുടെ പാലാണ് ഉപയോഗിച്ചിരുന്നത്. ചര്‍മത്തിലെ, പ്രത്യേകിച്ച് മുഖത്തെ, ചുളിവുകളകറ്റാന്‍ കഴുതപ്പാല്‍ നല്ലതാണെന്ന് ക്ലിയോപാട്ര വിശ്വസിച്ചിരുന്നു. 

തന്റെ വളര്‍ച്ചയില്‍ കഴുതപ്പാലിന് വലിയ പങ്കുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വ്യവസായി അദ്ദേഹത്തിന് രണ്ട് കഴുതകളെ സമ്മാനമായി നല്‍കിയിരുന്നു. ആ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ തന്റെ ചെറുപ്പകാലം ഓര്‍ത്തെടുത്തു. ''ഞാന്‍ ജനിച്ച സമയത്ത് അമ്മയ്ക്ക് പാല്‍ കുറവായിരുന്നു. ചില ദിവസങ്ങളില്‍ വിശപ്പ് മാറ്റാനായി കഴുതപ്പാല്‍ തരുമായിരുന്നു. വളര്‍ന്നശേഷം എല്ലാ ദിവസവും കഴുതപ്പാല്‍ കുടിച്ചുതുടങ്ങി''. 

കഴുതമാംസവും കഴുതബുദ്ധിയും
പാലിനൊപ്പം തന്നെ കഴുതയുടെ മാംസത്തിനും ആവശ്യക്കാരേറെയാണ്. കഴുതകളെ കൊല്ലുന്നതും വില്‍ക്കുന്നതും ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും, അനധികൃതമായി അതിന്നും നടക്കുന്നുണ്ട്. ഇന്ത്യയില്‍ മാംസത്തിനായി കഴുതകളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ആന്ധ്രയിലാണ്. 2017-ല്‍ കഴുതമാംസം പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എങ്കിലും ഇപ്പോഴും അനധികൃതമായി കഴുതമാംസം വില്‍ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കഴുതമാംസത്തില്‍ ഔഷധമൂല്യങ്ങളുണ്ടെന്നാണ് അവരുടെ വിശ്വാസം. പുറംവേദനയ്ക്കും ആസ്ത്മയ്ക്കും ഇത് നല്ലതാണത്രേ.

ചൈനയില്‍ കഴുതയുടെ ചര്‍മത്തിന് വന്‍ ഡിമാന്റാണ്. കഴുതയുടെ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുമ്പോള്‍ കിട്ടുന്ന പ്രത്യേകതരം ഇ-ഗ്ലൂവിനുവേണ്ടിയാണ് കഴുതകളെ കൊന്നൊടുക്കുന്നത്. പ്രാചീന ചൈനീസ് വിശ്വാസപ്രകാരം ഇ-ഗ്ലൂ രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും. കഴുതകള്‍ക്കായി അവര്‍ പതുക്കെ ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഐവറി കോസ്റ്റ്, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴുതകളെ കൂട്ടത്തോടെ കൊന്നൊടുക്കാറുണ്ടായിരുന്നു. അതൊക്കെ അവയുടെ തൊലിക്കുവേണ്ടിയായിരുന്നു. കഴുതകളെ കൊല്ലുന്നത് നിരോധിച്ചശേഷവും, കൊല്ലപ്പെടുന്നവയുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ല. പിന്നീട് ചൈന മറ്റു രാജ്യങ്ങളെയും ആശ്രയിക്കാന്‍ തുടങ്ങി.  

ഫോട്ടോ: Gettyimages

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബ്രൂക്ക് ഇന്ത്യ. 2021-ല്‍ അവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, രാജ്യത്ത് കഴുതകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ്. 2012 മുതല്‍ 2019 വരെയുള്ള കാലത്താണ് ഇതേറ്റവും കൂടുതല്‍ പ്രകടമായത്. ഇതും ചൈനയിലേക്കാണ് കടത്തുന്നതെന്നാണ് ആ പഠനത്തില്‍ പറയുന്നത്. 

ബുദ്ധിയുടെ കാര്യത്തിലും കഴുത ഏറെ മുന്നിലാണെന്ന് ഡോങ്കി സാങ്ച്വറി 2013-ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇവയ്ക്ക് ഓര്‍മശക്തി വളരെ കൂടുതലാണ്. എന്തും പെട്ടെന്ന് മനസ്സിലാക്കാനും അവയ്ക്ക് കഴിയും. ബുദ്ധിയും വളരെ കൂടുതലാണ്. അതിനൊപ്പം ഏറ്റവും വിശ്വസ്തതയുള്ള മൃഗവുമാണിതെന്ന് പഠനം ഉറപ്പിച്ചുപറയുന്നു. 

എങ്കിലും ഇന്നത്തെ നിലയില്‍ പോവുകയാണെങ്കില്‍, രാജ്യത്തുനിന്ന് കഴുതകള്‍ പൂര്‍ണമായും ഇല്ലാതെയാവുമെന്നാണ് എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
 

Content Highlights: world donkey day-need to celebrate this day