നവംബറിലേക്ക് കടക്കുമ്പോഴേക്കും 'ക്രിസ്മസിന്റെ ഭവനം' തന്നെയായി മാറും സെയ്ഫൻ

നവംബർ മാസമാകുമ്പോഴേക്കും സെയ്ഫൻ (Seiffen) എന്ന ജർമൻ നഗരത്തിൽ ക്രിസ്മസിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ഇതുപോലെ ക്രിസ്മസ് ആഘോഷങ്ങളും ഊഷ്മളതയും ഒത്തുചേർന്ന മറ്റൊരിടമുണ്ടോ എന്നതും സംശയം തന്നെ. മനോഹരമായ ഓർ പർവ്വതനിരകളിൽ (Ore Mountains) സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ പട്ടണം, പരമ്പരാഗത ജർമൻ ക്രിസ്മസ് അലങ്കാരങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണ്.
ക്രിസ്മസ് കളിപ്പാട്ടങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും നിർമ്മാണ കേന്ദ്രമെന്ന നിലയിൽ സീഫെന്റെ ചരിത്രം 17-ാം നൂറ്റാണ്ട് മുതൽ തുടങ്ങുന്നു.
തുടക്കത്തിൽ തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾക്ക് പേരുകേട്ട ഈ പട്ടണം, പ്രദേശത്തെ സമൃദ്ധമായ വനങ്ങളിൽ നിന്ന് ലഭിച്ച മികച്ച ഗുണനിലവാരമുള്ള തടികൾ കരകൗശല വിദഗ്ധർ പ്രയോജനപ്പെടുത്തിയതോടെ വലിയ വളർച്ച കൈവരിച്ചു. 18-ാം നൂറ്റാണ്ടായപ്പോഴേക്കും, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ സന്തോഷം നൽകുന്ന തടികൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ സീഫെൻ പ്രശസ്തി നേടി.
നവംബർ പകുതി മുതൽ തന്നെ ഓർ മലനിരകളുടെ ഹൃദയഭാഗത്ത് പരമ്പരാഗതമായ 'സെയ്ഫൻ ക്രിസ്മസ് മാർക്കറ്റ്' നടക്കും. ആ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ക്രിസ്മസ് ഗ്രാമങ്ങളിലൊന്നായി സെയ്ഫൻ മാറുന്നു. സന്ധ്യാസമയത്ത്, കളിപ്പാട്ട നിർമ്മാണത്തിന് പേരുകേട്ട ഈ മനോഹര ഗ്രാമത്തിലുടനീളം ദീപങ്ങൾ തെളിയുമ്പോൾ, അവിടുത്തെ കരകൗശല വിദഗ്ധരുടെ വീടുകളിലും വർക്ക്ഷോപ്പുകളിലും ഒരു മാന്ത്രിക അന്തരീക്ഷം നിറയുന്നു.
സെയ്ഫെൻ ഗ്രാമത്തിലുടനീളം ചിതറിക്കിടക്കുന്ന, കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 140-ലധികം വർക്ക്ഷോപ്പുകളിലും ചെറിയ പ്രാദേശിക ഫാക്ടറികളിലുമാണ് ക്രിസ്മസ് കളിപ്പാട്ടങ്ങളും തടികൊണ്ടുള്ള അലങ്കാരവസ്തുക്കളും നിർമ്മിക്കുന്നത്. പരമ്പരാഗത ജോലിക്കാർ തടികളിൽ ഓരോന്നും കൊത്തിയെടുക്കുകയും നിറംനൽകുകയും ചെയ്യും. ക്രിസ്മസ് അലങ്കാരങ്ങളായ ക്രിസ്മസ് പിരമിഡുകളും നട്ട്ക്രാക്കറുകളുമെല്ലാം ഇവിടെയുള്ള വീടുകളിൽനിന്ന് മാർക്കറ്റുകളിലേക്കെത്തുന്നു.
പ്രധാന പാതയോരങ്ങളിലും സമീപത്തെ കുന്നിൻചെരിവുകളിലുമായി സ്ഥിതി ചെയ്യുന്ന ചെറിയ സ്റ്റുഡിയോകളിലും വീടുകളിലും, വിദഗ്ധരായ കരകൗശല വിദഗ്ധർ തങ്ങളുടെ ജോലികൾ തുടങ്ങുന്നു. ചരിത്രപ്രസിദ്ധമായ ശിൽപ്പശാലകളും, പരമ്പരാഗത നിർമ്മാണ രീതികൾ നേരിൽ കാണിച്ചുകൊടുക്കുന്ന പ്രദർശനങ്ങളും ഇവിടെയുണ്ട്. ക്രിസ്മസ് തിരക്കുകൾ തുടങ്ങുമ്പോഴേക്കും യഥാർഥത്തിൽ 'ക്രിസ്മസിന്റെ ഭവനം' തന്നെയായി മാറും സെയ്ഫൻ.
ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ്, ധാതുസമ്പന്നമായ ഈ പ്രദേശത്തെ പാറകളിൽ ഖനനം ആരംഭിച്ചപ്പോൾ, ഈ പട്ടണങ്ങളെ കെട്ടിപ്പടുത്തത് ഖനിത്തൊഴിലാളികളായിരുന്നു. 1700-കളോടെ ഈ വ്യവസായം തകരാൻ തുടങ്ങുകയും, 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തു. ഇതോടെ, വിദഗ്ധരായ തൊഴിലാളികൾ തങ്ങളുടെ കരവിരുത് മറ്റ് മേഖലകളിൽ പ്രയോഗിക്കാൻ തുടങ്ങി. തടിയിൽ കൊത്തുപണികൾ ചെയ്യുന്നതിലേക്ക് അവർ തിരിഞ്ഞപ്പോൾ, 'സെയ്ഫെൻ' കളിപ്പാട്ടഗ്രാമമെന്നതിലേക്ക് പതുക്കെ നടന്നടുക്കാനും തുടങ്ങി. അതിനൊപ്പം യൂറോപ്പിലെ ഏറ്റവും മികച്ച ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് സെയ്ഫൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Seiffen in Germany's Ore Mountains transforms into the ultimate Christmas village starting November., Famous for traditional wooden toys, nutcrackers, and Christmas pyramids since the 17th century., Home to over 140 family-owned workshops and local artisan factories., Offers a magical winter tourism experience with the historic Seiffen Christmas Market.