ലോകംമുഴുവൻ നവംബർ 20; ഇന്ത്യയിൽ നവംബർ 14-നും, എന്നുമുതലാണ് ഇന്ത്യയിൽ ശിശുദിനം മാറിയത്?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

എല്ലാ വർഷവും നവംബർ 20-നാണ് ലോകമാകെ ശിശുദിനമായി ആചരിക്കുന്നത്. എന്നാൽ ഓരോ രാജ്യത്തും ഇത് ആഘോഷിക്കുന്ന തീയതി വ്യത്യസ്തമാണ്.

1857-ൽ മസാച്യുസെറ്റ്സിലെ ചെൽസിയിലുള്ള 'യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് ദി റിഡീമർ' എന്ന പള്ളിയിലെ പാസ്റ്ററായിരുന്നു ജൂണിലെ രണ്ടാമത്തെ ഞായറാഴ്ച കുട്ടികളുടെ ദിനമായി ആചരിക്കാൻ തുടങ്ങിയത്. അന്ന് കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഒരു പ്രത്യേക ആരാധനാ ചടങ്ങും അദ്ദേഹം നടത്തി. ഈ ദിവസത്തിന് 'റോസ് ഡേ' എന്നായിരുന്നു അദ്ദേഹം ആദ്യം പേരിട്ടത്. പിന്നീട് ഇതിനെ ഫ്‌ളവർ സൺഡേ എന്നും, തുടർന്ന് ചിൽഡ്രൻസ് ഡേ എന്നും വിളിച്ചുതുടങ്ങി.

1949 നവംബർ 4-ന് മോസ്‌കോയിൽ വെച്ച് വിമൻസ് ഇന്റർനാഷണൽ ഡെമോക്രാറ്റിക് ഫെഡറേഷൻ, ജൂൺ 1 കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. പിന്നീട് 1959 നവംബർ 20-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 'കുട്ടികളുടെ അവകാശ പ്രഖ്യാപനം' (Declaration of the Rights of the Child) നടത്തിയതിന്റെ ഓർമ്മയ്ക്കായി നവംബർ 20-ന് ലോക ശിശുദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലും ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി നവംബർ 14-നാണ് ഇന്ത്യയിൽ ആചരിക്കുന്നത്.

പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ഇപ്പോൾ ശിശുദിനമായി ആചരിക്കപ്പെടുന്നത്. 1964-ൽ ജവഹർലാൽ നെഹ്റുവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആഘോഷിക്കാൻ പാർലമെന്റ് പ്രമേയം പാസാക്കിയത്. 'ബാൽ ദിവസ്' എന്നും അറിയപ്പെടുന്നു.

കുട്ടികളുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സമഗ്ര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കുട്ടികൾക്ക് വളരുന്നതിനായി സുരക്ഷിതവും അനുകൂലവുമായ ഒരു അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ഈ വാർഷികാഘോഷം എടുത്തു കാണിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: World Children's Day is observed globally on November 20 by the UN., India celebrates Children's Day on November 14, marking the birth anniversary of Jawaharlal Nehru., The tradition in India started after a parliamentary resolution following Nehru's death in 1964., The day aims to promote children's rights, education, health, and overall development.