വിജയ്ക്കും തൃഷയ്ക്കും ഉദയനിധി നന്ദി പറഞ്ഞു; ആ ബന്ധം പിന്നീട് അറസ്റ്റിലെത്തിയപ്പോൾ

സി.ജോസഫ് വിജയ്, തൃഷ കൃഷ്ണൻ, ഉദയനിധി സ്റ്റാലിൻ | PTI, Instagram
സി.ജോസഫ് വിജയ്, തൃഷ കൃഷ്ണൻ, ഉദയനിധി സ്റ്റാലിൻ | PTI, Instagram

ഇപ്പോഴത്തെ തമിഴ്‌നാട് നിയമസഭയിൽ ഒരു പ്രത്യേകതയുണ്ട്. മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനും സിനിമയുമായി ബന്ധമുള്ളവരാണ്. മാത്രമല്ല, ഇരുവരും ചെന്നൈ ലൊയോള കോളേജിൽ പഠിച്ചവരും. പിന്നീട് വിജയ് സിനിമയിലേക്കെത്തിയപ്പോൾ, ഉദയനിധി പൊതുസമൂഹത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം ഇരുവരും ഒരുസിനിമയ്ക്കുവേണ്ടി ഒരുമിച്ചു. ഒരിക്കൽ ഒരുമിച്ച് പ്രവർത്തിച്ചവർ ഇപ്പോൾ ഏറ്റുമുട്ടലിന്റെ പാതയിലാണ്.

വിജയ്‌യും ഉദയനിധിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 2008-ലാണ്. അന്ന് ഉദയനിധി നിർമിച്ച ചിത്രത്തിൽ നായകനായത് വിജയ് ആണ്. ഉദയനിധി ആദ്യമായി നിർമാതാവിന്റെ വേഷമണിഞ്ഞതും 'കുരുവി'ക്കുവേണ്ടിത്തന്നെ. സിനിമയിൽ നായികയായത് തൃഷയാണ്. ആദ്യം നായികയായി തീരുമാനിച്ചത് നയൻതാരയെ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഒടുവിൽ തൃഷയിലേക്കെത്തി. അതിനുശേഷമാണത്രേ നയൻതാരയും തൃഷയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായത്. എന്നാൽ ഇത് തൃഷ നിഷേധിക്കുകയും ചെയ്തിരുന്നു.

ധരണിയാണ് 'കുരുവി' സംവിധാനം ചെയ്തത്. 18 കോടിക്ക് നിർമിച്ച ചിത്രം, 150 ദിവസമാണ് തിയേറ്ററുകളിലോടിയത്. കഴിഞ്ഞദിവസം ഉദയനിധി അറസ്റ്റിലായതോടെ, സിനിമയുടെ വിജയാഘോഷത്തിൽനിന്ന് വിജയ്‌ക്കൊപ്പമുള്ള പഴയ ചിത്രങ്ങളും വീഡിയോകളും വീണ്ടും വൈറലാവുകയാണ്. സിനിമ 150 ദിവസം പൂർത്തിയാക്കിയപ്പോൾ, വൻ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. പരിപാടിയിൽവെച്ച് സിനിമയിൽ നായികയായതിന് തൃഷയ്ക്ക് ഉദയനിധി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ നിർമാണക്കമ്പനിയായ റെഡ് ജയന്റ് മൂവിസിനെ പിന്തുണച്ചതിന് വിജയ്‌യോടുള്ള നന്ദിയും അന്ന് ഉദയനിധി പ്രകടിപ്പിച്ചു. വിജയ്‌യും തൃഷയും ഉദയനിധിയും തമ്മിലുള്ള സൗഹൃദമായിരുന്നു ചടങ്ങിന്റെ സവിശേഷത. നിർമാതാവും നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കണ്ടത്.

വർഷങ്ങൾക്കുശേഷം വിജയ് മുഖ്യമന്ത്രിയായെത്തിയപ്പോൾ, ഉദയനിധി തങ്ങൾ രണ്ടുപേരും ലൊയോളയിലെ വിദ്യാർഥികളായിരുന്നുവെന്നും ഉദയനിധി ഓർത്തെടുത്തു. ദ്വയാർഥപരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞദിവസം ഉദയനിധി അറസ്റ്റിലായത്.

കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അതിനിടെയാണ് തൃഷയെയും വിജയ്‌യെയും ബന്ധപ്പെടുത്തിയുള്ള ദ്വയാർഥപരാമർശം നടത്തിയത്. പിന്നാലെ തഞ്ചാവൂർ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനുശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. രാഷ്ട്രീയ എതിർപ്പിനെ അടിച്ചമർത്താനും കാർഷിക മേഖലയിലെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് വിജയ് സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ഉദയനിധി പിന്നീട് ആരോപിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay and Udhayanidhi's professional history dates back to the 2008 film Kuruvi. Trisha was the lead actress in the film produced by Udhayanidhi's Red Giant Movies.