അച്ഛൻ അധികം സംസാരിക്കില്ലെന്ന് ജേസൺ സഞ്ജയ്, മകന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ച് വിജയ്

ഫോട്ടോ: PTI, Instagram
ഫോട്ടോ: PTI, Instagram

കഴിഞ്ഞ ദിവസമാണ് ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യചിത്രമായ 'സിഗ്മ' റിലീസായത്. ചിത്രം സമ്മിശ്രപ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചെന്നൈയിലെ പല തിയേറ്ററുകളിലും സഞ്ജയ്‌യുടെ അച്ഛൻ വിജയ്‌യുടെ ആരാധകരാണ് സിനിമയുടെ റിലീസിങ് ആഘോഷമാക്കിയത്.

വിജയ്‌യുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ ഈയടുത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ചെന്നൈയിലെ കുടുംബവീട്ടിൽ താമസിക്കാനുള്ള അനുമതിയും അവർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ചെങ്കൽപേട്ട് കുടുംബകോടതി സംഗീതയോടും വിജയ്‌യോടും കോടതിയിൽ എത്താൻ ആവശ്യപ്പെട്ടു. ഓൺലൈനായി വരാമെന്ന് സംഗീത പറഞ്ഞെങ്കിലും, രണ്ടുപേരും നേരിട്ട് വരാനാണ് കോടതി നിർദേശിച്ചത്.

അതിനായി കോടതി ഒരു തീയതിയും നിശ്ചയിച്ചു. എന്നാൽ അതേ ദിവസമാണ് വിവാഹമോചനഹർജി പിൻവലിക്കുകയാണെന്ന് സംഗീത പറഞ്ഞത്. അതോടെ ഹർജി കോടതി തീർപ്പാക്കുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ നടന്നിട്ടും വിജയ്‌യോ സംഗീതയോ അതിനെക്കുറിച്ച് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.

ജേസന്റെ സിനിമ റിലീസാവുന്ന ദിവസത്തിലേക്ക് ഏറെ ആകാംക്ഷയോടെയാണ് ആളുകൾ നോക്കിയിരുന്നത്. വിജയ് സകുടുംബം എത്തുമോ, ഇല്ലയോ എന്ന ചർച്ചകളും സജീവമായിരുന്നു. കാത്തിരിപ്പുകൾക്കവസാനം സംഗീതയും മകൾ ദിവ്യ താഷയും ചെന്നൈയിലെ തിയേറ്ററിൽ സിനിമ കാണാനെത്തുകയും ചെയ്തു. അതോടെ കാണികൾ ആവേശത്തിലായി. 'അണ്ണി' (ചേട്ടന്റെ ഭാര്യ) എന്ന് അവർ ആർത്തുവിളിച്ചപ്പോൾ സംഗീത അവർക്കുനേരെ പുഞ്ചിരിയോടെ കൈകൂപ്പി.

അപ്പോഴും വിജയ്‌യുടെ അസാന്നിധ്യം ചർച്ചയായി. അതേസമയത്ത് പൊതുപരിപാടികളുമായി തിരക്കിലായിരുന്നു അദ്ദേഹം. സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായി തമിഴ്നാട്ടിലെ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മധുരാന്തരകത്തേക്കെത്തി. അതിനിടെ വിജയ് ഉയർത്തിപ്പിടിച്ച ഒരു ഫോട്ടോ ഫ്രെയിം ആരാധകരുടെ മനംകവർന്നു. തിരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയ്ക്കിടെയായിരുന്നുവത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിൽനിന്ന് വിജയ്‌യും ജേസണുമുള്ള ഒരു ഫോട്ടോ ഫ്രെയിം ആരാധകൻ അദ്ദേഹത്തിനു നൽകി. അതിനുമുകളിൽ 'സിഗ്മ' എന്ന് കുറിച്ചിട്ടുമുണ്ട്. അത് കൈയിൽ വാങ്ങിയ വിജയ്, സന്തോഷത്തോടെ തലയ്ക്കുമുകളിൽ ഉയർത്തിപ്പിടിച്ചു.
 

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ്, വിജയ് സിനിമ കണ്ടുകഴിഞ്ഞാൽ അദ്ദേഹത്തിൽ നിന്ന് എന്ത് പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ജേസൺ പറഞ്ഞിരുന്നു. പേർളി മാണിയുമായുള്ള അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം വിവരിച്ചത്.

''അച്ഛൻ സാധാരണയായി അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്. അദ്ദേഹം കാര്യങ്ങൾ ആലോചിച്ച് സാവധാനമേ പ്രതികരിക്കൂ. ഞാൻ എന്തെങ്കിലും ചോദിച്ചാൽ, മറുപടി പറയാൻ അദ്ദേഹം പത്ത് സെക്കൻഡോളം സമയമെടുക്കും'', ജേസൺ പറഞ്ഞു. സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് അത് ഉൾക്കൊള്ളാൻ വിജയ്ക്ക് സമയം വേണ്ടിവരുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ''സിനിമ വിശകലനം ചെയ്യാൻ അദ്ദേഹത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും അദ്ദേഹത്തിന് ഈ സിനിമ ഇഷ്ടപ്പെടും. അദ്ദേഹം അഭിമാനിക്കുകയും ചെയ്യും'', ജേസൺ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jason Sanjay's directorial debut movie 'Sigma' released to mixed reviews., Sangeetha and daughter Divya Saasha attended the theatre screening, drawing fan excitement., Vijay publicly displayed a framed photo of himself and Jason with 'Sigma' written on it during a roadshow., Jason Sanjay mentioned in an interview that his father takes time to process things and speaks very little.