'ഡയപ്പറുകൾ മാറ്റുന്നതിൽ ഞാൻ മിടുക്കനായി, അവനെ വിട്ടുപോരാൻ മടിയാണ്'

വിക്കി കൗശൽ / AFP
വിക്കി കൗശൽ / AFP

ഇക്കഴിഞ്ഞ നവംബറിലാണ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വരവോടെ ജീവിതത്തിലുണ്ടായ വൈകാരികമാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് വിക്കി കൗശൽ. എൻഡിടിവി ഇന്ത്യൻ ഓഫ് ദി ഇയർ 2025-ൽ, വിക്കിക്ക് ആക്ടർ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചിരുന്നു. അത് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു താരം. 'ഛാവ'യിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്.

ജോലിയുടെ ഭാഗമായി നഗരത്തിന് പുറത്തേക്ക് പോകുന്നതും കുഞ്ഞിനെ വിട്ടുനിൽക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അച്ഛനായ സന്തോഷവും വികാരവും ഇപ്പോഴും വാക്കുകളിൽ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ''നന്ദി, ഈ പുരസ്‌കാരം കുടുംബത്തിനും എന്റെ കുഞ്ഞിനും സമർപ്പിക്കുന്നു. ഒരനുഗ്രഹമായിട്ടാണ് അവൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അച്ഛനായതിനുശേഷം ആദ്യമായിട്ടാണ് മുംബൈ നഗരം വിട്ടുവരുന്നത്. അത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായി തോന്നുന്നു. പക്ഷേ കുഞ്ഞ് വലുതാകുമ്പോൾ, ഇത് കാണുമ്പോൾ, അവൻ തന്റെ അച്ഛനെക്കുറിച്ച് അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'', പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിക്കി പറഞ്ഞു.

അച്ഛന്റെ വേഷം ഒരു വെല്ലുവിളിയായി തോന്നിയോ എന്ന ചോദ്യത്തിനുത്തരമായി വിക്കി പറഞ്ഞതിങ്ങനെ, ''വെല്ലുവിളികളെക്കുറിച്ചൊന്നും പറയാറായിട്ടില്ലല്ലോ. ഇപ്പോൾ എല്ലാം മാന്ത്രികമാണ്, എല്ലാം വളരെ സന്തോഷകരമാണ്. എനിക്ക് ആ വികാരങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. തീർച്ചയായും ദൈവം വളരെ ദയാലുവാണെന്ന് എനിക്ക് പറയാൻ കഴിയും. ഈ അനുഗ്രഹത്തിൽ കുടുംബം വളരെ സന്തുഷ്ടരാണ്''.

അഭിനയത്തിലും നൃത്തത്തിലും വളരെ മനോഹരമായി മികച്ചുനിന്നശേഷം, ഡയപ്പർ മാറ്റുന്നതിലും അദ്ദേഹം പ്രാവീണ്യം നേടിയോ എന്ന ചോദ്യവും വിക്കിക്ക് നേരെയുണ്ടായി. ''അഭിനയത്തേക്കാൾ ഡയപ്പറുകൾ മാറ്റുന്നതിലാണ് ഞാനിപ്പോൾ മിടുക്കൻ'', ഒരു ചിരിയോടെ വിക്കി മറുപടി പറഞ്ഞു.

43-കാരിയായ കത്രീനയും 37-കാരനായ വിക്കി കൗശലും സെപ്റ്റംബർ 15-നാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. 2021-ൽ രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു അവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vicky Kaushal shares emotional journey as a new father. Discover his newfound skills and joys