ലാദനെ കൊന്ന നെപ്ട്യൂണ്‍ സ്പിയര്‍, സദ്ദാമിനെ പിടികൂടിയ റെഡ് ഡോണ്‍, ഇറാനെ കടന്നാക്രമിച്ച മിഡ്‌നൈറ്റ് ഹാമ്മര്‍; അമേരിക്കന്‍ ഓപ്പറേഷനുകള്‍

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലോകം വീര്‍പ്പുമുട്ടി കണ്ടുകൊണ്ടിരിക്കവെയാണ് അമേരിക്കന്‍ ബോംബുകള്‍ അശനിപാതമായി ഇറാന്‍ മണ്ണില്‍ പതിച്ചത്. അതുവരെ കാര്യമായ പ്രതികരണം നടത്താതിരുന്ന അമേരിക്കയില്‍ നിന്ന് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചതല്ല. ഇതിനുമുന്‍പും അമേരിക്കയുടെ സൈനികനീക്കങ്ങള്‍ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 2000-ത്തിന് ശേഷം അമേരിക്ക നടത്തിയതില്‍ വിദേശമണ്ണില്‍ നടന്നതും അത്യന്തം ആസൂത്രിതമായതും അതീവ കൃത്യതയുള്ളതുമായ മൂന്ന് ഓപ്പറേഷനുകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമ്മര്‍-ജൂണ്‍ 2025
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ഏറ്റവും പുതിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമ്മര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഇതാദ്യമായല്ല അമേരിക്ക സൈനിക കരുത്ത് കാട്ടി ലോകത്തെ അമ്പരപ്പിക്കുന്നത്. എന്നാല്‍ തുടര്‍ന്നുപോരുന്ന ഇസ്രായേല്‍-പലസ്തീന്‍ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ആക്രമണം നടക്കുമെന്ന് ആരും കരുതിയില്ല.
മിലിട്ടറി ടെക്നോളജിയില്‍ ഇപ്പോഴും തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന അമേരിക്കയുടെ സന്ദേശം കൂടിയായി ഈ ആക്രമണം. ബങ്കറുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുടെ ആദ്യ പരീക്ഷണം കൂടിയായിരുന്നു ഇത്. 18 മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ ഏഴ് ബി 2 ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്. 125 ലധികം എയര്‍ക്രാഫ്റ്റുകള്‍ അമേരിക്ക ആക്രമണത്തിനുപയോഗിച്ചു. ഒരു മിസൈല്‍ സബ്മറൈനും അനവധി ഏരിയല്‍ ഇന്ധന ടാങ്കറുകളും രണ്ട് ഡസനിലധികം ടോമഹോക്ക് മിസൈലുകളും ആക്രമണത്തിന്റെ ഭാഗമായി. 30000 പൗണ്ട് ഭാരമുള്ള സ്‌ഫോടകവസ്തുക്കളാണ് ഓരോ ബി 2 ബോംബും ഇറാനുമേല്‍ വര്‍ഷിച്ചത്. ഒരു ബി 2 പൈലറ്റ് സ്ത്രീയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
എയര്‍ക്രാഫ്റ്റുകള്‍ വ്യോമപാത ലംഘിക്കുന്നതിനു മുന്‍പ് അമേരിക്കന്‍ സബ്മറൈനുകള്‍ ടോമഹാക്ക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇറാന്റെ റഡാറുകള്‍ക്ക് അമേരിക്കന്‍ നീക്കം മനസിലാക്കാന്‍ പോലുമായില്ല. അര മണിക്കൂറോളം ബോംബ് വര്‍ഷം നീണ്ടു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് അമേരിക്ക അവകാശപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യവേട്ടയുടെ പേരാണ് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍. ഏറ്റവും നീണ്ട ഓപ്പറേഷനും ഇതുതന്നെ. പത്തുവര്‍ഷമാണ് അമേരിക്ക എന്ന രാജ്യം ഉസാമ ബിന്‍ലാദന്‍ എന്ന കൊടും കുറ്റവാളിക്കായി തിരച്ചില്‍ നടത്തിയത്. ഉസാമ ചുക്കാന്‍ പിടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അഥവാ സെപ്റ്റംബര്‍ 11 ഭീകരാക്രമണം അമേരിക്കക്കുണ്ടാക്കിയ നഷ്ടം അത്രയ്ക്കധികമായിരുന്നു.
മൂന്ന് എയര്‍പ്ലെയിനുകള്‍ ഹൈജാക്ക് ചെയ്ത ഭീകരര്‍ രണ്ടെണ്ണം വേള്‍ഡ് ട്രേയ്ഡ് സെന്ററിലും ഒന്ന് പെന്റഗണിലും നാലാമത്തേത് പെന്‍സില്‍വാനിയയിലും ഇടിച്ചിറക്കി. രണ്ടായിരത്തി എഴുനൂറിലധികം പേര്‍ ന്യൂയോര്‍ക്കിലും 184 പേര്‍ പെന്റഗണിലും പെന്‍സില്‍വാനിയയില്‍ 40 പേരുമാണ് മരിച്ചത്. കത്തിയെരിഞ്ഞ മൃതദേഹങ്ങള്‍ പലതും കണ്ടുകിട്ടിയില്ല. 19 ഭീകരവാദികളും മരിച്ചു.
ആക്രമണത്തിന്റെ സൂത്രധാരന്‍ അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ആണെന്ന് അന്നേ വ്യക്തമായി. ഉത്തരവാദിത്തം ആ സംഘടന ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കയുടെ മണ്ണില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നീതിക്കായി മുറവിളി നടത്തി.
9/11 ആക്രമണകാലത്ത് പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ഡബ്ല്യൂ ബുഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉസാമയെ കണ്ടെത്തുന്നവര്‍ക്കോ കൊലപ്പെടുത്തുന്നവര്‍ക്കോ 25 മില്യണ്‍ ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. അല്‍ക്വഇദയുടെ ആസ്ഥാനം അഫ്ഗാനിസ്താൻ ആയിരുന്നു. വന്‍കരകള്‍ക്കപ്പുറം കടലുകള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറം ഒളിച്ചു കഴിയുന്ന ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ. അഫ്ഗാനില്‍ അമേരിക്കന്‍ സൈനികര്‍ എത്ര തിരഞ്ഞിട്ടും ഉസാമയെ കണ്ടെത്താനായില്ല. അഫ്ഗാന്‍ പാക് അതിര്‍ത്തിയിലെ ടോറ ബോറ പര്‍ വതമേഖലയില്‍ ഉസാമയുടെ സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയെങ്കിലും തിരച്ചില്‍ വിഫലമായി.
2009-ല്‍ ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. സമാധാനപ്രിയനും മിതഭാഷിയുമായ ഒബാമയുടെ കാലത്ത് അന്വേഷണത്തെപ്പറ്റി അധികം വാര്‍ത്തകള്‍ വന്നില്ല. അമേരിക്ക ഉഴപ്പുകയാണോയെന്ന് ലോകത്തിനു തോന്നി. അങ്ങനെയിരിക്കെ 2011 മെയ് 1-ന് ഒബാമ ഔദ്യോഗികമായി ഒരു വിവരം ലോകത്തെ അറിയിച്ചു- ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു.
അമേരിക്കന്‍ നേവി ഉദ്യോഗസ്ഥന്മാര്‍ നടത്തിയ ആക്രമണത്തിലാണ് മരണം. പാകിസ്താനിലെ അബൊട്ടാബാദിലാണ് ബിന്‍ലാദന്‍ താമസിച്ചിരുന്നത്. ചുറ്റും സുരക്ഷാ സംവിധാനമുള്ള മൂന്നു നില വീട്ടിലായിരുന്നു താമസം. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്ന് വെറും 56 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊടുംതീവ്രവാദി സുഖവാസം നടത്തിയിരുന്നത്. തൊട്ടടുത്തായിരുന്നു പാക് മിലിട്ടറി ബേസും.
ഉസാമ പാകിസ്താനിലുണ്ടെന്ന് അമേരിക്കയ്ക്ക് വിവരം കിട്ടുന്നത് 2010-ലാണ്. കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. മാര്‍ച്ച് 2022-ലാണ് അബൊട്ടാബാദിലാണെന്ന് കണ്ടെത്തുന്നത്. പാകിസ്താനുമായി നേരിട്ട് സംഘര്‍ഷം വേണ്ടെന്നുവെച്ച ഒബാമയാണ് സര്‍ജിക്കല്‍ റെയിഡ് എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
79 കമാണ്ടോകളും ഒരു ട്രെയിന്‍ഡ് ഡോഗും അടങ്ങിയ സംഘമാണ് ഓപ്പറേഷന് ഉസാമയുടെ വീട്ടിലിറങ്ങിയത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയാണ് സംഘം അകത്തുകയറിയത് എല്ലാവരും നൈറ്റ് വിഷന്‍ സാധ്യമാക്കുന്ന പ്രത്യേക കണ്ണടകള്‍ ധരിച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് നിലകളിലും ഓഫീസര്‍മാരെത്തി. ഉസാമയും ഒരു മകനും അടുത്ത അനുയായികളും കൊല്ലപ്പെട്ടു. ഒരു സ്ത്രീയും മരണത്തിനിരയായി.
ഉസാമയുടെ മൃതദേഹം അപ്പോള്‍ തന്നെ സംഘം കടലില്‍ സംസ്‌കരിച്ചു. മതവിശ്വാസപ്രകാരം ഭൂമിയില്‍ അടക്കിയാല്‍ ആ സ്ഥലത്ത് ഭാവിയില്‍ തീവ്രവാദികള്‍ സ്മാരകം പണിതുയര്‍ത്തിയേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എവിടെയാണ് ഉസാമയുടെ മൃതദേഹം സംസ്‌കരിച്ചതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്റ്റാര്‍ എന്ന് പേരിട്ട ഉസാമ ബിന്‍ലാദന്‍ വേട്ടയുടെ വിശദാംശങ്ങള്‍ പലതും ഇനിയും പുറത്തുവന്നിട്ടില്ല. രക്തരൂക്ഷിതമായ ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഹിംസ പ്രോത്സാപ്പിക്കുമെന്നുള്ളതിനാല്‍ പുറത്തുവിടുന്നില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു.
3. ഓപ്പറേഷന്‍ റെഡ് ഡോണ്‍- ഡിസംബര്‍ 2003
ഉസാമ ബിന്‍ ലാദന് മുന്‍പ് ഒരു വ്യക്തിയെ കണ്ടെത്താനായി അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനാണ് ഓപ്പറേഷന്‍ റെഡ് ഡോണ്‍. സദ്ദാം ഹുസൈനായിരുന്നു ലക്ഷ്യം.
2003 മാര്‍ച്ച് 3-നാണ് ഇറാഖിലേക്ക് അമേരിക്കന്‍ സൈന്യം ഇരച്ചുകയറുന്നത്. മൂന്നാഴ്ച കൊണ്ട് ബാഗ്ദാദ് വീണു. ആസന്നമായ പതനം മുന്‍കൂട്ടി കണ്ട മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഒളിവില്‍പോയി. സദ്ദാമിന്റെ ജന്മനാടായ തിക്രിത് പൂര്‍ണമായും അമേരിക്കന്‍ അധീനതയിലായിരുന്നു. അവിടെയൊക്കെ തിരഞ്ഞിട്ടും സദ്ദാമിനെ കണ്ടെത്താനായില്ല. സദ്ദാമിനെ പിടികൂടിയേ മടങ്ങൂ എന്നായി അമേരിക്കയുടെ നിലപാട്.
സദ്ദാമിന്റെ കുടുംബാംങ്ങളെയും സുഹൃത്തുക്കളെയും അനുയായികളെയും ചുറ്റിപ്പറ്റിയായിരുന്നു ആദ്യമൊക്കെ അന്വേഷണം. സദ്ദാമിന്റെ വിശ്വസ്തരായിരുന്ന നിരവധി നേതാക്കള്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ പിടികൂടപ്പെട്ടു. എന്നാല്‍ പരാജയത്തോടെ സദ്ദാമിന്റെ രാഷ്ട്രീയ ശൃംഖല തകര്‍ന്നെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം പൂര്‍ണമായും വ്യക്തിബന്ധങ്ങളിലേക്ക് ചുരുക്കി.
ഒന്‍പത് മാസമാണ് സദ്ദാമിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടന്നത്. സദ്ദാം ഹുസൈന് വര്‍ഷങ്ങളായി അടുപ്പമുള്ളവരെ പലയാവര്‍ത്തി ചോദ്യം ചെയ്തു. സംശയമുള്ളവരെ പട്ടികപ്പെടുത്തി നിരീക്ഷണവലയത്തിലാക്കി. ആളുകളുടെ മൊഴികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ വലിയ തുമ്പുകളായി മാറി. ഒടുവില്‍ ബാസിം ലത്തീഫ് എന്നയാള്‍ പിടിയിലായി. സദ്ദാമിന്റെ വലംകൈയായ ഇബ്രാഹിം അല്‍ മുസ്ലിറ്റ് എന്നയാളിലേക്ക് അന്വേഷണമെത്തി. ടാസ്‌ക് ഫോഴ്‌സ് അയാളെ കണ്ടെത്തി.
അത് വമ്പന്‍ വഴിത്തിരിവായി മാറി. ടൈഗ്രിസ് നദീതീരത്തുള്ള ഫാം ഹൗസുകളിലൊന്നില്‍ സദ്ദാമുണ്ടെന്നായി അന്തിമ നിഗമനം. 1984-ല്‍ പുറത്തിറങ്ങിയ ഒരു സിനിമയുടെ പേരാണ് റെഡ് ഡോണ്‍. ഓപ്പറേഷന് ആ പേര് മതിയെന്ന് തീരുമാനിച്ചു. സിനിമയിലേതെന്ന പോലെ മുഖ്യ ലക്ഷ്യങ്ങളെ വോള്‍വറിന്‍ എന്ന കോഡ് ഉപയോഗിച്ചും സൂചിപ്പിച്ചു.
രണ്ട് ഫാം ഹൗസുകളിലും ആക്രമണം നടന്നു. ഒന്നും കണ്ടെത്താനാകാതെ തിരിച്ചു പോകവെയാണ് യാദൃച്ഛികമായി ഭൂമിക്കടിയിലെ മുറിയില്‍ സദ്ദാമുണ്ടെന്ന് മനസ്സിലാക്കുന്നത്. അദ്ദേഹത്തെ പിടികൂടി വൈകാതെ തന്നെ വിചാരണ തുടങ്ങുകയും ചെയ്തു.
Content Highlights: Discover 3 covert US military operations: Neptune Spear, Red Dawn, & Midnight Hammer. Learn their targets, methods, and impact.