'വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം, അപ്പോൾ എന്തെങ്കിലും സംഭവിക്കും'-പ്രതികരിച്ച് തൃഷ

തൃഷ | PTI
തൃഷ | PTI

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയപ്പോര് മുറുകകയാണ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ), വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഏക എതിരാളിയായിരിക്കുമെന്ന് കഴിഞ്ഞദിവസം നടൻ വിജയ് അവകാശപ്പെട്ടിരുന്നു. ഇതിനെതിരേ ഒരു ബിജെപി നേതാവ് നടത്തിയ പരാമർശം വലിയ വിവാദമായി. ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ വിജയ് പരിചയസമ്പത്തില്ലാത്ത നേതാവാണെന്ന് ആരോപിച്ചു. ഒപ്പം പരിചയസമ്പത്തുണ്ടാക്കാൻ അദ്ദേഹം നടി തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്ന വിവാദപരാമർശവും നടത്തി.

"മുകളിൽ കയറാൻ പോലും കഴിയാത്തൊരാൾ സ്വർഗ്ഗാരോഹണം സ്വപ്നം കാണുന്നു" എന്നാണ് നൈനാർ ആദ്യം പറഞ്ഞത്. "പാവം, അയാൾക്ക് തീരെ പരിചയമില്ല. ആദ്യം, അവൻ വീട്ടിൽ നിന്ന് പുറത്തുവരണം. ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരൂ, അപ്പോൾ എന്തെങ്കിലും സംഭവിക്കും," നാഗേന്ദ്രൻ പറഞ്ഞു. പിന്നീട്, തന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ബിജെപി നേതാവ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. "ഞാൻ അത് ഒരിക്കൽ മാത്രമേ പറഞ്ഞുള്ളൂ," എന്നായിരുന്നു വിശദീകരണം.

ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് തൃഷ കൃഷ്ണനിപ്പോൾ. തിങ്കളാഴ്ച, തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയമോപദേഷ്ടാവ് വഴി നടി ഇതിനെതിരേ ഔദ്യോഗിക പ്രസ്താവനയിറക്കി. "എൻ്റെ ക്ലയിൻ്റ്, പ്രശസ്ത ഇന്ത്യൻ ചലച്ചിത്രതാരം മിസ് തൃഷ കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം, താഴെ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനായി ഈ അറിയിപ്പ് പുറപ്പെടുവിക്കുന്നു. എൻ്റെ ക്ലയിൻ്റിനെക്കുറിച്ചുള്ള അരോചകമായ പരാമർശം മാധ്യമങ്ങളിൽ പ്രചരിക്കുന്നതു സംബന്ധിച്ചാണിത്."

"സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം അരോചകവും അനുചിതവുമായ പരാമർശം ഉണ്ടാകുമെന്ന് എൻ്റെ ക്ലയിൻ്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എൻ്റെ ക്ലയിൻ്റിന് ഒരു രാഷ്ട്രീയ പാർട്ടികളുമായും ബന്ധമില്ലെന്നും ഭാവിയിൽ അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ കാലങ്ങളിൽ നിരന്തരം നിലനിർത്തിയിരുന്നതുപോലെ, രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നു."

"എൻ്റെ ക്ലയിൻ്റ് തൻ്റെ തൊഴിൽ കൊണ്ട് മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്നു, അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെടുന്നതിലൂടെയല്ല. ഏറ്റവും പ്രധാനമായി, വ്യക്തിപരമായ ജീവിതം ഒരിക്കലും പൊതു ചർച്ചയുടെ വിഷയമാകരുത് എന്നത് ഒരു സാധാരണ ചൊല്ലാണ്, ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ പൊതു സംവാദങ്ങളിൽ ഉത്തരവാദിത്തവും സമചിത്തതയും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ ക്ലയിൻ്റിൻ്റെ പേര് ബന്ധമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു."-കുറിപ്പിൽ പറയുന്നു.  "അനാദരവ് വിളിച്ചുപറയണം, എപ്പോഴും വിളിച്ചുപറയുകയും ചെയ്യും"- എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

അതേസമയം, ബിജെപി "സ്ത്രീകളെ അനാദരിക്കുന്നു" എന്ന് ഡിഎംകെ നേതാക്കൾ ആരോപിച്ചു. അയാൾ അങ്ങനെ സംസാരിക്കും. അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിക്ക് എതിരായിരിക്കുന്നത്. അവർ സ്ത്രീകളെ ദുരുപയോഗം ചെയ്യും. അതിൽ അവർ പ്രസിദ്ധരാണ് എന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും  പരാമർശത്തെ അപലപിച്ചു. രാഷ്ട്രീയത്തിലേക്ക് എന്തിനാണ് തൃഷയുടെ പേര് വലിച്ചിഴച്ചതെന്ന് അദ്ദേഹം ചോദിച്ചു. "ഇത് ഞെട്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് അദ്ദേഹം തൃഷയെക്കുറിച്ച് സംസാരിക്കുന്നത്? രാജ്യത്ത് ബിജെപിക്ക് ധാരാളം ജോലികളുണ്ട്, എന്നിട്ടും അദ്ദേഹം വ്യക്തിജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ശരിയല്ല. രാഷ്ട്രീയത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ നടത്തരുത്. അത്തരം പരാമർശങ്ങളാൽ ആരെയും അപകീർത്തിപ്പെടുത്തരുത്," അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Trisha Krishnan issues a strong statement condemning Tamil Nadu BJP Chief Nainar Nagendran`s inappropriate personal remarks referencing her.