മുൻപ്രധാനമന്ത്രിയുടെ മകനുമായി സുകന്യയ്ക്ക് ബന്ധമുണ്ടെന്ന് വീരപ്പൻ ആരോപിച്ചു; സൺ ടിവി മുട്ടുമടക്കി

നടി സുകന്യയുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് അവസാനം. തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ആരോപിച്ചാണ് സൺ ടി.വി.ക്കെതിരെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വനംകൊള്ളക്കാരൻ വീരപ്പൻ സുകന്യക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതിലും നീക്കംചെയ്യുന്നതിലും സൺ ടി.വി പരാജയപ്പെട്ടുവെന്ന് വിധിച്ചുകൊണ്ടാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാൻ അധികാരമുണ്ടായിട്ടും അത് നീക്കം ചെയ്യുന്നതിൽ സൺ ടി.വി പരാജയപ്പെട്ടു എന്നാണ് വിധി. 2015-ൽ ചെന്നൈയിലെ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൺ ടി.വി. നെറ്റ് വർക്ക് സമർപ്പിച്ച ഹർജി പരിഗണിച്ചശേഷമാണ് കോടതി ഈ ഉത്തരവിട്ടത്.
സംഭവങ്ങളുടെ തുടക്കം 1996 ഏപ്രിൽ 17-നായിരുന്നു. അന്ന് സൺ ടി.വി വീരപ്പനുമായുള്ളൊരു അഭിമുഖം പ്രസിദ്ധീകരിച്ചു. 'നേരുക്കു നേർ' എന്നായിരുന്നു അതിന് പേരിട്ടത്. നക്കീരൻ എഡിറ്റർ ആർ.ആർ.ഗോപാൽ നടത്തിയ വീരപ്പന്റെ അഭിമുഖമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആ അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ വീരപ്പൻ ഉന്നയിച്ചതായി പറഞ്ഞാണ് സുകന്യ കേസുകൊടുത്തത്. അതുമാത്രമല്ല ആ ബന്ധത്തിന്റെ വീഡിയോ പകർത്തി 1996-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അത് രാഷ്ട്രീയ വിലപേശലിനായി ഉപയോഗിച്ചതായും പരാതിയിൽ സുകന്യ പറഞ്ഞിരുന്നു.
വീരപ്പന്റെ ആരോപണങ്ങൾ പൂർണ്ണമായും അസത്യമാണെന്നും തന്റെ അന്തസ്സിനും പ്രശസ്തിക്കും സമൂഹത്തിലെ സ്ഥാനത്തിനും ആ ആരോപണങ്ങൾ ഗുരുതരമായ കോട്ടം വരുത്തിയെന്നും താരം വാദിച്ചു. തന്റെ നഷ്ടം ഒരു കോടി രൂപയിൽ കൂടുതലാണെന്ന് അവർ ആരോപിച്ചെങ്കിലും, പിന്നീട് കോടതിയിലെത്തിയപ്പോൾ നഷ്ടപരിഹാരത്തുക പത്തുലക്ഷമായി അവർ പരിമിതപ്പെടുത്തി.
തെളിവുകൾ പരിശോധിച്ച വിചാരണക്കോടതി പരിപാടിക്കിടെ സംപ്രേഷണം ചെയ്ത പ്രസ്താവനകൾ അപകീർത്തികരമാണെന്നും വീരപ്പന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൺ ടി.വി.യും അഭിമുഖം നടത്തിയയാളും വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നുമുള്ള നിഗമനത്തിലെത്തി. ആ അഭിമുഖം എഡിറ്റ് ചെയ്യാനുള്ള അധികാരമുണ്ടായിട്ടും ചാനൽ അതു ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു. സുകന്യയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
ഇതിനെതിരെ ചാനൽ ഹൈക്കോടതിയെ സമീപിച്ചു. നക്കീരൻ റെക്കോർഡ് ചെയ്ത വീരപ്പന്റെ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ആരോപണങ്ങൾക്ക് ഉത്തരവാദിയല്ലെന്നും സൺ ടിവി കോടതിയിൽ വാദിച്ചു. എന്നാൽ, സൺ ടി.വി.ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു, നഷ്ടപരിഹാരം ശരിവെക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madras High Court upheld the compensation order against Sun TV. The case stems from a 1996 interview featuring Veerappan on 'Nerukku Ner'.