ഭരണഘടന എഴുതിയ മൂന്ന് മലയാളി സ്ത്രീകള്‍- അമ്മു സ്വാമിനാഥന്‍,ദാക്ഷായണി വേലായുധന്‍,ആനി മസ്‌ക്രീന്‍

ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഭരണഘടനാ കമ്മിറ്റിയുടെ അംഗസംഘ്യ കാര്യമായി കുറഞ്ഞു. ആ കമ്മിറ്റിയില്‍ 15 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ബീഗം ഐസാസ് റസൂല്‍, ദുര്‍ഗാബായി ദേശ്മുഖ്, ഹന്‍സ ജീവരാജ് മെഹ്ത, കമല ചൗധരി, ലീല റോയ്, മാലതി ചൗധരി, പൂര്‍ണിമ ബാനര്‍ജി, രാജകുമാരി അമൃത് കൗര്‍, രേണുക റേ, സരോജിനി നായിഡു, സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, ആനി മസ്‌ക്രീന്‍ എന്നിവരാണ് ഭരണഘടന തയ്യാറാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍.
അതില്‍പെട്ട മൂന്ന് മലയാളി സ്ത്രീകളെ പരിചയപ്പെടാം
1. അമ്മു സ്വാമിനാഥന്‍
പാലക്കാട് ആനക്കര സ്വദേശിനി. മദ്രാസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം. 1917-ല്‍ ആനി ബെസന്റിനും മാര്‍ഗരറ്റ് കസിന്‍സിനും മാലതി പട്‌വര്‍ധനും ദാദോബായിക്കും അംബുജാമ്മാളിനും ഒപ്പം വിമന്‍സ് ഇന്ത്യ അസോസിയേഷന്‍ സ്ഥാപിച്ചു. പിന്നീട് ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സത്യജിത് റേ പ്രസിഡന്റായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. പില്‍ക്കാലത്ത് സെന്‍സര്‍ ബോര്‍ഡിന്റെ പ്രസിഡന്റായി.
2. ദാക്ഷായണി വേലായുധന്‍
കൊച്ചി ബോള്‍ഗാട്ടിയില്‍ ജനിച്ച ദളിത് നേതാവാണ് ദാക്ഷായണി. പുലയ സമുദായക്കാരിയായ ദാക്ഷായണി, ആ സമൂഹത്തില്‍ ആദ്യകാലത്ത് വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലരില്‍ പെടുന്നു. ആദ്യമായി മേല്‍വസ്ത്രം ഉപയോഗിച്ച പുലയ സ്ത്രീകളില്‍ ഒരാളായും ദാക്ഷായണിയെ ചരിത്രം അടയാളപ്പെടുത്തുന്നു. കൊച്ചി ഭരണകൂടമാണ് കൊച്ചി ലെജിസ്‌ളേറ്റിവ് കൗണ്‍സിലിലേക്ക് ദാക്ഷായണിയെ നാമനിര്‍ദേശം ചെയ്തത്. ഭരണഘടനാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ദളിത് സ്ത്രീയാണ് ദാക്ഷായണി.
3. ആനി മസ്‌ക്രീന്‍
തിരുവനന്തപുരത്തെ ഒരു ലാറ്റിന്‍ കത്തോലിക്കാ കുടുംബാംഗം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലെ സമുന്നത നേതാവായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ ആദ്യ വനിത. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് പലവട്ടം തടവിലാക്കപ്പെട്ടു. തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും ആനിയുടെ പ്രയത്‌നമുണ്ട്. 1952-ല്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിന്റെ ആദ്യ വനിതാ എം.പി.യായി.
Content Highlights: the malayali women in indian constitution commitee