രാജകുടുംബത്തെ തടങ്കലിലാക്കിയ, വിപ്ലവത്തിന് തുടക്കമിട്ട പെണ്ണുങ്ങള്‍

ഏതാനും പുരുഷചിന്തകന്മാരുടെ ആഹ്വാനങ്ങളും ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ പ്രതിഷേധങ്ങളും മാത്രമാണ് പലര്‍ക്കും ഫ്രഞ്ച് വിപ്ലവം. എന്നാല്‍ ലോകത്തെ തന്നെ രാഷ്ട്രീയമായി ഉടച്ചുവാര്‍ത്ത ഫ്രഞ്ച് വിപ്ലവത്തിന് കരിങ്കല്‍ത്തറ പാകിയത് ഒരുകൂട്ടം സ്ത്രീകളാണ്. 1789 ഒക്ടോബര്‍ 5-നാണ് വേഴ്സെയില്‍സ് മാര്‍ച്ച് അരങ്ങേറിയത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആണിക്കല്ലായി മാറി, ഈ പെണ്‍മുന്നേറ്റം.
ഫ്രഞ്ച് മണ്ണ് വിപ്ലവത്തിന് തയ്യാറെടുക്കുന്ന കാലം. അവശ്യവസ്തുക്കളുടെ തീവിലയും ഭക്ഷ്യക്ഷാമവും കൊണ്ട് ജനം പൊറുതിമുട്ടി. കലാപകാരികളുമായി സന്ധിയില്ലാത്ത സമരത്തിലായിരുന്ന രാജാവും കൂട്ടരും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനോ പരിഹരിക്കാനോ മിനക്കെട്ടില്ല. ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ രാജാവും പ്രഭുക്കന്മാരും ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവെക്കുകയാണെന്ന് ശ്രുതി പരന്നു.
വേഴ്സെയില്‍സിലെ കൊട്ടാരത്തില്‍ രാജകുടുംബം സുഖജീവിതം നയിക്കുകയായിരുന്നു. വിശപ്പു കാളുന്ന വയറുമായി അടിത്തട്ടിലുള്ളവര്‍ പെടാപ്പാട് പെടുമ്പോള്‍ ആഡംബരത്തിനും ധൂര്‍ത്തിനും ഒരു കുറവുമില്ലായിരുന്നു കൊട്ടാരത്തില്‍. രാജാവ് ലൂയി പതിനാറാമന്‍ വേട്ടയ്ക്ക് പോയും വിരുന്നുകള്‍ നടത്തിയും നേരം പോക്കി. രാജ്ഞി മേരി അന്റോയ്‌നെറ്റിന് ഫാഷനിലും അലങ്കാരത്തിലുമായിരുന്നു കമ്പം. കൊട്ടാരത്തിലേക്ക് അമൂല്യമായ അലങ്കാരവസ്തുക്കള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. കൊട്ടാരപരിസരം അനുദിനം മോടിപിടിപ്പിച്ചു.
ഒക്ടോബര്‍ ഒന്നിന് വേഴ്സെയില്‍സിലെ റോയല്‍ ഓപ്പറ തീയറ്ററില്‍ രാജാവും അനുയായികളും ചേര്‍ന്ന് ആഘോഷപൂര്‍വം വമ്പന്‍ വിരുന്നൊരുക്കി. ഇരുനൂറിലധികം അതിഥികള്‍ക്ക് വയറുപൊട്ടും വരെ അമൃതേത്ത്. വറുതിക്കാലത്ത് രാജാവ് നടത്തിയ വിരുന്നൂട്ടിനെതിരെ ഫ്രഞ്ച് ജനത ഒന്നടങ്കം സംഘടിച്ചു.
ഒക്ടോബര്‍ 5-ന് പാരീസിലെ സിറ്റി ഹാളില്‍ ഒത്തുചേര്‍ന്ന പെണ്‍കൂട്ടം അധികാരികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിശപ്പടക്കാന്‍ ഭക്ഷണം ആവശ്യപ്പെട്ട സ്ത്രീകള്‍ക്ക് നല്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. നേരെ കൊട്ടാരത്തിലേക്ക് പോകാനും രാജാവിനെ നേരില്‍ കാണാനും സ്ത്രീകള്‍ ധാരണയിലെത്തി.
പാരീസില്‍ നിന്ന് വേഴ്സെയില്‍സിലെ കൊട്ടാരത്തിലേക്ക് 12 മൈല്‍ ദൂരം അവര്‍ നടന്നു. സുരക്ഷാസേനയുടെ ആക്രമണം മുന്നില്‍ക്കണ്ടുകൊണ്ട് ചെറു ആയുധങ്ങളുമായായിരുന്നു നടത്തം. സുരക്ഷാസേന കാവല്‍ ഇരട്ടിയാക്കി. എന്നിട്ടും, ആള്‍ക്കൂട്ടത്തിനോട് പിടിച്ചുനില്‍ക്കാനായില്ല. ഏതാനും സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാ കടമ്പകളും കടന്ന് സ്ത്രീകള്‍ രാജസമക്ഷം പരാതി ബോധിപ്പിച്ചു.
രാജകുടുംബം തങ്ങള്‍ക്കൊപ്പം പാരീസിലേക്ക് മടങ്ങണമെന്നായി സ്ത്രീ സംഘം. അവരുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ രാജാവിന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ അടുത്ത ദിവസം, ഒക്ടോബര്‍ 6-ന് രാജകുടുംബം പ്രതിഷേധക്കാരുടെ അകമ്പടിയോടെ പാരീസിലേക്ക് മടങ്ങി. പാരീസിലെ ട്വീലറീസ് കൊട്ടാരത്തില്‍ രാജകുടുംബത്തെ വീട്ടുതടങ്കലിലാക്കിയാണ് പെണ്‍കൂട്ടം പിരിഞ്ഞത്.
Content Highlights: the female participation in french revolution