മറ്റെല്ലാ കലാകാരന്മാരെക്കാളും ഉയർന്ന പ്രതിഫലം എആർ റഹ്മാൻ വാങ്ങുന്നുണ്ട്- തസ്‌ലിമ നസ്രീൻ

ബോളിവുഡിൽ തന്റെ അവസരങ്ങൾ കുറഞ്ഞതിന് സാമുദായിക വിവേചനം കാരണമായിട്ടുണ്ടാവാമെന്ന് സംഗീതജ്ഞൻ എആർ റഹ്മാൻ അഭിപ്രായപ്പെട്ടത് ദിവസങ്ങൾക്കുമുമ്പാണ്. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീൻ. ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പോലുള്ളവരെ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. ഓസ്കാർ അവാർഡ് നേടിയ സംഗീതസംവിധായകൻ പരിതാപകരമായ അവസ്ഥയിലാണെന്ന് പറയുന്നത് അനുചിതമാണെന്നാണ് തസ്‌ലിമയുടെ അഭിപ്രായം.
ധനികരായവർക്ക് യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ലെന്നും എക്സിൽ കുറിച്ച കുറിപ്പിൽ അവർ പറയുന്നു. "എ.ആർ. റഹ്‌മാൻ ഒരു മുസ്ലീമാണ്, ഇന്ത്യയിൽ വളരെ പ്രശസ്തനുമാണ്. ഞാൻ കേട്ടിടത്തോളം, മറ്റെല്ലാ കലാകാരന്മാരെക്കാളും ഉയർന്ന പ്രതിഫലം അദ്ദേഹം വാങ്ങുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹം ഏറ്റവും ധനികനായ സംഗീതജ്ഞനായിരിക്കും. മുസ്ലീം ആയതുകൊണ്ട് ബോളിവുഡിൽ തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഷാരൂഖ് ഖാൻ ഇപ്പോഴും ബോളിവുഡിന്റെ 'ബാദ്ഷാ'യാണ്, സൽമാൻ ഖാൻ, ആമിർ ഖാൻ, ജാവേദ് അക്തർ, ഷബാന അസ്മി - ഇവരെല്ലാം സൂപ്പർ താരങ്ങളാണ്"- തസ്‌ലിമ എഴുതി.
അവർ തുടർന്നു, "പ്രശസ്തരും ധനികരും ഒരിക്കലും എവിടെയും ബുദ്ധിമുട്ടുകൾ നേരിടില്ല. അവരുടെ മതവും ജാതിയും കമ്മ്യൂണിറ്റിയും എന്താണെന്നത് വിഷയമേയല്ല. എന്നെപ്പോലുള്ള പാവപ്പെട്ടവർക്കാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നത്".
തൻ്റെ ദുരിതഅനുഭവങ്ങൾ പോസ്റ്റിലവർ വിശദീകരിക്കുന്നുണ്ട്. "തീവ്ര നാസ്തികയാണെങ്കിലും, എൻ്റെ പേര് കാരണം ഞാൻ ഒരു മുസ്ലീമാണെന്ന് അനുമാനിക്കപ്പെടുന്നു. മുസ്ലീം വിരുദ്ധരായവർ, ഒരാൾ നാസ്തികനാണോ വിശ്വാസിയാണോ എന്ന് ശ്രദ്ധിക്കുന്നില്ല. ആരുമെനിക്ക് അപ്പാർട്ട്മെന്റ് വാടകയ്ക്ക് തരുന്നില്ല. ആശുപത്രിയിൽ പോകുമ്പോൾ, അവരെന്നെ വഞ്ചിക്കുന്നു, കാൽ മുറിക്കുന്നു. ഹൈദരാബാദിൽ നാസ്തികയായതിൻ്റെ പേരിൽ അടികൊള്ളുന്നു, ഔറംഗബാദിൽ എനിക്ക് കാലുകുത്താൻ കഴിയില്ല, പശ്ചിമ ബംഗാളിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾ എആർ റഹ്‌മാൻ്റെയോ ബോളിവുഡിലെ മുസ്ലീം താരങ്ങളുടെയോ ജീവിതത്തിൻ്റെ വിദൂര പരിധികളിൽ പോലും വരുന്നില്ല."
"ഞാനൊരു പൗരനല്ല. വോട്ട് ചെയ്യാനുള്ള അവകാശമൊഴികെ മറ്റെല്ലാം പൗരനും താമസക്കാരനും തമ്മിൽ ഒരുപോലെയാണ് - നിയമം അങ്ങനെയാണ് പറയുന്നത്. പല പൗരന്മാരും സ്നേഹം കൊണ്ടല്ല ഇന്ത്യയിൽ ജീവിക്കുന്നത്, ഞാൻ ജീവിക്കുന്നത് ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടാണ്. ഞാൻ തത്വങ്ങളിലും ലക്ഷ്യങ്ങളിലും നിന്ന് ഒരിക്കലും വ്യതിചലിക്കുന്നില്ല. നാസ്തികയായിട്ടും ഇസ്ലാമിന്റെ പേരിൽ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ഈ നാട്ടിലെ സ്ത്രീകളും പുരുഷന്മാരും എൻ്റെ സ്വന്തം ആളുകളാണ്. ഈ മണ്ണിൻ്റെ സംസ്കാരം എൻ്റെ സംസ്കാരം കൂടിയാണ്. ഇതുപേക്ഷിച്ച് ഞാനെത്ര ദൂരം പോകാനാണ്? എആർ. റഹ്‌മാനെ ഹിന്ദുക്കളും മുസ്ലീങ്ങളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും നാസ്തികരും വിശ്വാസികളുമെല്ലാം ആരാധിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണെന്ന് പറയുന്നത് അദ്ദേഹത്തിന് ചേരുന്നില്ലെ"ന്നും അവർ പറഞ്ഞു.
റഹ്‌മാനെതിരേയുള്ള വിവാദം
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ, തമിഴ് സംഗീതജ്ഞൻ എന്ന നിലയിൽ ബോളിവുഡിൽ നിന്ന് എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ എന്ന് റഹ്‌മാനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു-ഇതുവരെ അതിനെപ്പറ്റി അറിയാത്തതാവാം. ഞാനിതുവരെ ഒന്നും അനുഭവിച്ചിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായി അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അധികാരക്കൈമാറ്റം വന്നതുകൊണ്ടും, ക്രിയാത്മകമല്ലാത്ത ആളുകൾ അധികാരത്തിൽ വന്നതുകൊണ്ടുമാവാം. സാമുദായിക വിഷയവും കാരണമാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീടദ്ദേഹം പറഞ്ഞതിൽ ക്ഷമ ചോദിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. നിതേഷ് തിവാരിയുടെ രാമായണത്തിലാണിപ്പോൾ റഹ്‌മാൻ പ്രവർത്തിക്കുന്നത്. ഗ്രാമി ജേതാവായ സംഗീതസംവിധായകൻ ഹാൻസ് സിമ്മറുമായി ചിത്രത്തിൽ അദ്ദേഹം സഹകരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Taslima Nasreen criticizes AR Rahman`s communal bias claim, citing SRK & Salman. She shares personal struggles vs. the composer`s privileged position.