നാനാ പടേക്കറുടെ വിയോഗത്തെ 'പോസിറ്റീവ് ഡെവലപ്‌മെന്റ്' എന്ന് തനുശ്രീ, ക്ഷേത്രവും സന്ദർശിച്ചു

തനുശ്രീ ദത്ത / AP
തനുശ്രീ ദത്ത / AP

ദിവസങ്ങൾക്കുമുമ്പാണ് നടൻ നാനാ പടേക്കർ ഹൃദയാഘാതത്തത്തുടർന്ന് വിടവാങ്ങിയത്. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. ഒരു സിനിമാസെറ്റിൽ വെച്ച് വർഷങ്ങൾക്ക് മുമ്പ് നാന തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് നടി തനുശ്രീ ദത്ത മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതു വലിയ ചർച്ചകളിലേക്കും വഴിവെച്ചു. നാനയുടെ മരണത്തിന് ശേഷം തനുശ്രീ നടത്തിയ ഒരു പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണിപ്പോൾ. പുതിയ വാർത്ത 'എന്റെ ജീവിതത്തിലെ ഒരു പോസിറ്റീവ് സംഭവവികാസമാണ്' എന്നാണ് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മഹാകാൽ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥന നടത്തുന്ന ഒരു വീഡിയോയും തനുശ്രീ പങ്കുവെച്ചിട്ടുണ്ട്.

"മഹാകാൽ ബാബയുടെ ദർബാറിലെ എന്റെ വിശ്വാസം! എന്റെ ജീവിതത്തിന് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ നിന്ന് എന്നെ രക്ഷിച്ചതും നാനയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ നൂറുകണക്കിന് മാരണക്രിയകളിൽ നിന്ന് എന്നെ സംരക്ഷിച്ചതും അദ്ദേഹമാണ്," എന്നാണവർ വീഡിയോക്ക് കുറിപ്പ് നൽകിയത്.

"എന്റെ ജീവിതത്തിലെ ഇത്തരമൊരു നല്ല മാറ്റത്തിന് തൊട്ടുപിന്നാലെ മഹാകാൽ സന്ദർശിക്കാൻ സാധിച്ചത് എന്ത് യാദൃശ്ചികതയാണ്. മരണവാർത്തയുടെ ആധികാരികതയിൽ എനിക്ക് ഗുരുതരമായ സംശയങ്ങളുണ്ടെങ്കിലും, ഈ തിന്മ എന്നെന്നേക്കുമായി ഇല്ലാതായി എന്നും എന്റെ ജീവിതത്തിലെ എല്ലാ തിന്മകളും ഓരോന്നായി നശിച്ചുപോകുമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു."

"ഈ ആളുകൾ ഇപ്പോഴും ശ്വസിക്കുന്നത് തുടരുകയാണെങ്കിൽ എനിക്ക് ലോകത്തിലെ എന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല, ഞാൻ ഇവിടെനിന്നും പോകുകയും ചെയ്യും. അവരെല്ലാവരും പോകണം, അവരുടെ മരണം പൂർണ്ണമായി സ്ഥിരീകരിക്കുകയും വേണം. അവരുടെ അങ്ങേയറ്റത്തെ നെഗറ്റീവിറ്റിയും നിരന്തരമായ ഗൂഢാലോചനകളും ഇനി എനിക്ക് സഹിക്കാൻ കഴിയില്ല."

2009-ൽ പുറത്തിറങ്ങിയ 'ഹോൺ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നാന പടേക്കർ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് തനുശ്രീ ആരോപിച്ചത്. 2018-ലെ മീ ടൂ തുറന്നുപറച്ചിലുകൾക്കിടയിലാണ് ഇതും പരസ്യമായത്. ആരോപണങ്ങൾ നിഷേധിച്ച നാനാ പടേക്കർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ 2019-ൽ കേസ് അവസാനിപ്പിച്ചു. നിയമപരമായ കാലപരിധി കഴിഞ്ഞാണ് പരാതി നൽകിയതെന്നതിനാൽ 2025-ൽ മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നാനയ്‌ക്കെതിരെയുള്ള ക്രിമിനൽ നടപടികൾ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tanushree Dutta called Nana Patekar's death a positive development in her life., Tanushree visited the Mahakal Temple and shared her thoughts on Instagram., Tanushree previously accused Nana Patekar of sexual harassment during the 2018 Me Too movement.