“പലരും പ്രായമാകുന്നതിനെ ഒരു രോഗം പോലെയാണ് കാണുന്നത്, അത് മനോഹരമാണ്, ആളുകൾ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല”- തമന്ന ഭാട്ടിയ

തമന്ന ഭാട്ടിയ/ ഇൻസ്റ്റഗ്രാം(tamannaahspeaks)
തമന്ന ഭാട്ടിയ/ ഇൻസ്റ്റഗ്രാം(tamannaahspeaks)

മുപ്പതുവയസ്സു പിന്നിട്ട സ്ത്രീകളോടുള്ള സിനിമാ വ്യവസായത്തിന്റെ മാറുന്ന കാഴ്ചപ്പാടിനെക്കുറിച്ച് നടി തമന്ന ഭാട്ടിയ അടുത്തിടെ സംസാരിക്കുകയുണ്ടായി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ, ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ തനിക്ക് പത്തു വർഷത്തെ പദ്ധതിയുണ്ടായിരുന്നതായും താരം വെളിപ്പെടുത്തി. മുപ്പതുകളിൽ എത്തിയ നടിമാർക്ക് വേണ്ടി ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇന്നത്തെ സിനിമാലോകം തയ്യാറാകുന്നുണ്ടോ എന്ന ചോദ്യത്തിന് തമന്നയുടെ മറുപടി ഇങ്ങനെയായിരുന്നു:

“അതെ, തീർച്ചയായും. മുപ്പതുവയസ്സു പിന്നിട്ട സ്ത്രീകൾക്കായി കൂടുതൽ കഥാപാത്രങ്ങൾ എഴുതപ്പെടുന്നുണ്ട്. മുൻപ് ഈ പ്രായം കഴിഞ്ഞ സ്ത്രീകളെ അധികം സ്ക്രീനിൽ കാണിക്കാറുണ്ടായിരുന്നില്ല. സത്യത്തിൽ, ഞാൻ ഒരു നടിയായപ്പോൾ എനിക്കൊരു 10 വർഷത്തെ പദ്ധതിയുണ്ടായിരുന്നു. ഞാൻ അഭിനയം തുടങ്ങുമെന്നും, മുപ്പതുവരെ ജോലി ചെയ്യുമെന്നും, അതിനുശേഷം വിവാഹം കഴിച്ച് കുട്ടികളുണ്ടാകുമെന്നും കരുതി. ഭാഗ്യവശാൽ, എൻ്റെ ഇരുപതുകളുടെ അവസാനത്തിൽ തന്നെ എൻ്റേതായ ഒരിടം ഞാൻ കണ്ടെത്തി. അപ്പോഴേക്കും സിനിമാലോകം മികച്ച വേഷങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു. ഇത് ഒരു പൊതുവായ മാറ്റമാണെന്ന് ഞാൻ കരുതുന്നു. പലരും പ്രായമാകുന്നതിനെ ഒരു രോഗം പോലെയാണ് കാണുന്നത്. പ്രായമാകുന്നത് വളരെ മനോഹരമാണ്. ആളുകൾ എന്തിനാണ് പ്രായമാകുന്നതിനെ ഇത്രയധികം ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല.”

നിരവധി ചിത്രങ്ങളാണ് വരും വർഷങ്ങളിൽ തമന്നയെ കാത്തിരിക്കുന്നത്. വിശാൽ ഭരദ്വാജിന്റെ ആക്ഷൻ ത്രില്ലറായ 'ഓ റോമിയോ'യിൽ ഷാഹിദ് കപൂറിനൊപ്പമാണ് തമന്ന അടുത്തതായി അഭിനയിക്കുന്നത്. ബാലാജി മോഷൻ പിക്‌ചേഴ്‌സും ടിവിഎഫും ചേർന്ന് നിർമ്മിക്കുന്ന 'വ്വാൻ:ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്' എന്ന മിത്തോളജിക്കൽ  ത്രില്ലറിൽ സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പവും അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഇതുകൂടാതെ, രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന, മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആക്ഷൻ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായി തമന്ന അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വരുൺ ധവാൻ നായകനാകുന്ന അനീസ് ബസ്മിയുടെ കോമഡി ചിത്രം 'നോ എൻട്രി 2'-ലും തമന്ന അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Tamannaah Bhatia discusses the evolving film industry`s perspective on actresses over 30, highlighting a shift towards richer, more mature roles.