‘മരിക്കുംമുമ്പ് സഞ്ജയ് കമ്പനി ബോർഡിൽ നിന്ന് പ്രിയയെ നീക്കി, മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവരത് തിരിച്ചുപിടിച്ചു’

സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്
സഞ്ജയ് കപുർ, പ്രിയ സച്ച്ദേവ്

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കൾക്കുവേണ്ടിയുള്ള നിയമപോരാട്ടം ശക്തമാകുന്നതിനിടെ, അദ്ദേഹത്തിന്റെ അമ്മ റാണി കപുർ മരുമകളായ പ്രിയ സച്ച്ദേവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂണിൽ സഞ്ജയ് അന്തരിച്ച ശേഷം പ്രിയ സ്വത്തുക്കളും കമ്പനിയും കൈക്കലാക്കാൻ ശ്രമിച്ചു എന്ന ആരോപണം നിലവിലുണ്ട്. 'എന്തോ ഒന്ന് തിരുത്താൻ' ആഗ്രഹിച്ചിരുന്നതിനാൽ സഞ്ജയ് 2023-ൽ തന്നെ പ്രിയയെ കമ്പനി ബോർഡിൽ നിന്ന് നീക്കിയിരുന്നുവെന്ന് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദം കേൾക്കലിനിടെ, റാണി കപുർ അവകാശപ്പെട്ടു.

റാണി ഉന്നയിച്ച ആരോപണങ്ങൾ കോടതി വിശദമായി കേട്ടു. സഞ്ജയ്‌യുടെ മരണത്തിൽ ദുഖിക്കുന്നതിന് പകരം സ്വത്തുക്കളുടെയും ബിസിനസ്സിന്റെയും നിയന്ത്രണമേറ്റെടുക്കാൻ പ്രിയ അതിവേഗം നീങ്ങുകയാണ് ചെയ്തത്. 2023 മാർച്ച് 31-ന് സഞ്ജയ്, തന്റെ കമ്പനിയായ സോനാ കോംസ്റ്റാറിന്റെ ഹോൾഡിങ് സ്ഥാപനമായ എഐപിഎല്ലിൽ നിന്ന് പ്രിയയെ നീക്കിയിരുന്നു, "എന്തോ ഒന്ന് തിരുത്തേണ്ടതുണ്ട്" എന്ന് നിക്ഷേപകരോട് പറഞ്ഞിരുന്നു. ജൂണിൽ സഞ്ജയ് മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പ്രിയ കമ്പനിയുടെ എംഡിയായി ചുമതലയേറ്റതും അടുത്ത ആഴ്ച ഡയറക്ടർ സ്ഥാനം തിരിച്ചുപിടിച്ചതും ഇതിന് വിരുദ്ധമാണെന്ന് റാണി പറഞ്ഞു.

സഞ്ജയ് ഏതെങ്കിലും വിൽപ്പത്രം തയ്യാറാക്കിയതായി അറിയില്ല. തന്റെ നേട്ടത്തിനെല്ലാം അമ്മയാണ് കാരണമെന്ന സഞ്ജയ്‌യുടെ നിലപാടിന് വിരുദ്ധമായതുകൊണ്ട്, പ്രിയ ഹാജരാക്കിയ രേഖ വ്യാജമാകാനാണ് സാധ്യതയെന്നും റാണി പറഞ്ഞു. സഞ്ജയ്‌യുടെ മുൻഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെ മക്കൾ നൽകിയ ഹർജിയിൽ നിന്നാണ് കേസിന്റെ തുടക്കം. അച്ഛന്റെ വിൽപ്പത്രം വ്യാജമായി നിർമിച്ചതാണെന്നും സ്വത്തിൽ നിന്ന് അവരെ ഒഴിവാക്കിയെന്നും ആരോപിച്ച് പ്രിയക്കെതിരെ അവർ ഹർജി നൽകിയിരുന്നു.

ജൂൺ 12-ന് ഇംഗ്ലണ്ടിൽ പോളോ മത്സരത്തിനിടെയാണ് സഞ്ജയ് കപൂർ കുഴഞ്ഞുവീണ് മരിക്കുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2003 മുതൽ 2016 വരെ കരിഷ്മയായിരുന്നു സഞ്ജയുടെ ഭാര്യ. 2017-ൽ പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunjay Kapur`s mother alleges Priya Sachdev was removed from company board pre-death; questions will and asset control.