സഫീറയല്ല, സമൈറയാണ് സഞ്ജയ് കപുറിൻ്റെ മകളെന്ന് സഹോദരി, സ്വത്തുതർക്കം മുറുകുന്നു

റാണി കപുർ, പ്രിയ സച്ച്ദേവ്, സഞ്ജയ് കപൂർ, കരിഷ്മ കപൂർ എന്നിവർ മക്കൾക്കൊപ്പം
റാണി കപുർ, പ്രിയ സച്ച്ദേവ്, സഞ്ജയ് കപൂർ, കരിഷ്മ കപൂർ എന്നിവർ മക്കൾക്കൊപ്പം

നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവ് സഞ്ജയ് കപുർ മരിച്ചതോടെ അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശത്തെച്ചൊല്ലിയുള്ള തർക്കം കോടതിയിലാണ്. മൂന്നാംഭാര്യ പ്രിയ സച്ച്ദേവ് വ്യാജവിൽപത്രമുണ്ടാക്കി കരിഷ്മയുടെ മക്കളായ സമൈറയേയും കിയാനെയും സ്വത്തവകാശത്തിൽ നിന്ന് പുറത്താക്കിയെന്നാരോപിച്ചുള്ള കേസാണ് കോടതിയിലുള്ളത്. ഇതിനിടെ, പ്രിയ സച്ച്ദേവിൻ്റെ മകൾ സഫീറ അദ്ദേഹത്തിൻ്റെ വളർത്തുമകളാണെന്നും സമൈറയാണ് യഥാർഥ മകളെന്നും ചൂണ്ടിക്കാട്ടുകയാണ് സഹോദരി മന്ദിര കപൂർ.

"വിൽപ്പത്രത്തിൽ സഫീറയെ മകളെന്നാണ് വിശേഷിപ്പിച്ചത്. സമൈറയാണ് മകൾ, സഫീറയല്ല. സഫീറ വളർത്തുമകളാണ്. അവളുടെ യഥാർഥ അച്ഛൻ ജീവിച്ചിരിപ്പുണ്ട്"- മന്ദിര ചൂണ്ടിക്കാട്ടി. വിക്രം ചത്വാലിലുള്ള മകളായ സഫീറയ്ക്കും മകൻ അസാരിയസിനും വേണ്ടി സഹോദരൻ്റെ രക്തബന്ധം ഇല്ലാതാക്കാനും പാരമ്പര്യം തട്ടിയെടുക്കാനും പ്രിയ ശ്രമിക്കുകയാണെന്ന് മന്ദിര ആരോപിക്കുന്നു.

നിങ്ങൾ എങ്ങനെയാണ് ആ കുടുംബത്തോട് ഇത് ചെയ്യുന്നതെന്ന് മന്ദിര ചോദിച്ചു. "എൻ്റെ സഹോദരൻ സഫീറയെ സ്നേഹിച്ചിരുന്നു എന്നത് ആരും നിഷേധിക്കുന്നില്ല. പക്ഷേ സമൈറ ഉള്ളപ്പോൾ നിങ്ങൾ എല്ലാം കയ്യടക്കരുത്. സഫീറയെ 'മകൾ' എന്ന് വിശേഷിപ്പിക്കരുത്. അവൾ വളർത്തുമകളാണ്. കുടുംബപരമ്പര തിരുത്തിയെഴുതുന്നത് നിർത്തുക."-അവർ പറഞ്ഞു.

സഞ്ജയ്ക്ക് കരിഷ്മയിൽ പിറന്ന മക്കളായ സമൈറയുടെയും കിയാൻ്റെയും പേരുകൾ പരാമർശിക്കാതെ, അസാരിയസ്, സഫീറ എന്നിവരുടെ പേരുകൾ മാത്രമാണ് പ്രിയ കോടതിയിൽ ഹാജരാക്കിയ വിൽപ്പത്രത്തിലുള്ളത്. ചില പേരുകളും വിലാസങ്ങളും തെറ്റായി നൽകിയത് വിൽപ്പത്രത്തിലെ അബദ്ധങ്ങളായി അഭിഭാഷകൻ കോടതിയിൽ എടുത്തുകാട്ടിയിരുന്നു.

ഇതിനെപ്പറ്റി മന്ദിരയുടെ പ്രതികരണമിങ്ങനെ, "എൻ്റെ സഹോദരൻ എല്ലാ കാര്യങ്ങളിലും കൃത്യത പുലർത്തുന്ന ആളായിരുന്നു. നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ മകൻ്റെ പേര് തെറ്റായി എഴുതാനാവില്ല. മകളുടെ വിലാസം തെറ്റായി നൽകാനും കഴിയില്ല. ഇതൊന്നും തെറ്റുകളല്ല, കള്ളം വെളിപ്പെടുത്തുന്ന സൂചനകളാണ്. ഏഴു വർഷം ഒരാളോടൊപ്പം ജീവിച്ചതുകൊണ്ട്, ഞങ്ങൾ വളർന്നുവന്ന ശീലങ്ങൾ നിങ്ങൾക്ക് മായ്ക്കാനാവില്ല. ഏഴു വർഷത്തിനുള്ളിൽ ആരും മറ്റൊരാളായി മാറില്ല. അക്ഷരത്തെറ്റുകൾ, സർവ്വനാമങ്ങളുടെ തെറ്റായ ഉപയോഗം, നിങ്ങൾ ഒരു കുടുംബത്തെ മുഴുവൻ വഞ്ചിക്കുകയാണ്. നിങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മോഷ്ടിച്ചു. നിങ്ങൾ അവകാശപ്പെടുന്നപോലെ ഇത് നിങ്ങളുടേതല്ല. നിങ്ങൾ എന്തുചെയ്തു? വിവാഹം കഴിച്ചോ? ശരിക്കും? ഒരു കുഞ്ഞുണ്ടായി, ഇപ്പോൾ ഇതെല്ലാം നിങ്ങളുടേതായി. എല്ലാവരും ഇതുപോലെ വിവാഹം കഴിക്കണം, അല്ലേ? എല്ലാവരും പോയി വിവാഹം കഴിക്കുക, ഒരു കുഞ്ഞിനെ ഉണ്ടാക്കുക, എന്നിട്ട് എല്ലാം സ്വന്തമാക്കുക," മന്ദിര പറഞ്ഞു.

അതേസമയം, പ്രിയ ഹാജരാക്കിയ വിൽപ്പത്രം വ്യാജമാണെന്ന് അവകാശപ്പെട്ട് സമൈറയും കിയാനും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസ് ഡിസംബർ 16-ലേക്ക് മാറ്റിയിരിക്കുകയാണ്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mandhira Kapur, Sunjay`s sister, clarifies Samaira is his biological daughter, not stepdaughter Safira amid legal estate battle. Learn more.