'സഞ്ജയ് കപുറിന്റേത് സ്വാഭാവികമരണമല്ല', ഞെട്ടിക്കുന്ന അവകാശവാദവുമായി സഹോദരി

സോന കോംസ്റ്റാർ ചെയർമാനും വ്യവസായിയുമായ സഞ്ജയ് കപുർ ഇക്കൊല്ലം ജൂണിലാണ് ലണ്ടനിൽ പോളോ കളിക്കുന്നതിനിടെ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അദ്ദേഹം വിടവാങ്ങിയതോടെ 30,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശം സംബന്ധിച്ച് വലിയ തർക്കങ്ങൾ നടക്കുകയാണ്. മൂന്നാംഭാര്യ പ്രിയ സച്ച്ദേവ് സഞ്ജയുടെ സ്വത്തുക്കൾ മുഴുവൻ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്, മക്കൾ സമൈറയും കിയാനും നൽകിയ പരാതി കോടതിയിലുണ്ട്. കരിഷ്മ കപൂറിന്റെയും സഞ്ജയ് കപുറിന്റെയും മക്കളാണിവർ.
ഇതിനിടെ, സഹോദരന്റേത് സ്വാഭാവിക മരണമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് സഞ്ജയുടെ സഹോദരി മന്ദിര. പ്രിയക്ക് നേരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടവർ. "ഞങ്ങൾ, കപുറുകൾ, ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും. പ്രിയ ഈ കുടുംബത്തിൻ്റെ മുഖമല്ല. അവൾക്ക് ഈ കമ്പനിയുടെ മുഖമാകാൻ കഴിയില്ല. അവളിവിടെ ഉണ്ടാകേണ്ട കാര്യമേയില്ല."- ഇൻകൺട്രോവേർഷ്യൽ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ അവർ പറഞ്ഞു.
"സോന കോംസ്റ്റാറുമായുള്ള ഞങ്ങളുടെ ബന്ധം വളരെ വ്യക്തിപരമായിരുന്നു. സോനയിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഇത് ഞങ്ങളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതുപോലെയാണ്, ഞങ്ങൾ ഇതിനെതിരെ പോരാടും. അവരിതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല, എൻ്റെ അച്ഛൻ്റെ കഠിനാധ്വാനവും പാരമ്പര്യവും അദ്ദേഹത്തിൽ നിന്ന് ദൂരേക്ക് പോകാൻ ഞാനനുവദിക്കില്ല. സത്യം പുറത്തുവരും. നിങ്ങൾ ഞങ്ങളെ തോൽപ്പിക്കാൻ ഞങ്ങളുടെ പണം ഉപയോഗിക്കുകയാണ്. അതാണ് വിചിത്രമായ കാര്യം"- അവർ കൂട്ടിച്ചേർത്തു.
സഞ്ജയ് ഒരിക്കലും സമൈറയേക്കാളും കിയാനേക്കാളുമധികം പ്രാധാന്യം പ്രിയക്കു നൽകില്ലെന്നും മന്ദിര പറഞ്ഞു. കുട്ടികളെക്കുറിച്ച് അവനൊരു ശ്രദ്ധയുമില്ലെന്നും അവരെ ഒഴിവാക്കാൻ ആഗ്രഹിച്ചെന്നും വിശ്വസിക്കുന്നില്ല. ഒരു കാരണവശാലും മൂന്നാംഭാര്യക്ക് വേണ്ടി കുട്ടികളെ ഒഴിവാക്കില്ല. മാത്രമല്ല, എൻ്റെ സഹോദരൻ സ്വാഭാവികമായി മരിച്ചതായി തോന്നുന്നില്ല. ക്ഷമിക്കണം. എൻ്റെ സഹോദരൻ ആരോഗ്യവാനായിരുന്നുവെന്നും മന്ദിര പറഞ്ഞു.
അതേസമയം, കോടതിയിലെ വാദത്തിനിടെ, സഞ്ജയുടെ അമ്മ റാണി കപൂറിന് കമ്പനിയിൽ നിന്ന് പ്രതിമാസം 21 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് പ്രിയ വാദിച്ചിരുന്നു. ഈ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മന്ദിര പറഞ്ഞതിങ്ങനെ- "രക്തബന്ധവും പുറത്തുനിന്നുള്ളയാളും തമ്മിൽ വ്യത്യാസമുണ്ട്. എൻ്റെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ, അമ്മയ്ക്ക് കൂടുതൽ ലഭിച്ചിരുന്നു, അതാണ് സത്യം. നിർഭാഗ്യവശാൽ, അവർക്ക് ലഭിക്കുന്നത് എന്താണെന്ന് അവർ ഒരിക്കലും പരിശോധിച്ചിരുന്നില്ല. ഇപ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്. അവർക്ക് വെറും 12 ലക്ഷം രൂപ മാത്രമാണ് കിട്ടുന്നതെന്നത് നാണക്കേടാണ്. എന്നാൽ പുറത്തുനിന്നുള്ള പ്രിയക്ക് പ്രതിമാസം ഏകദേശം മൂന്നുമുതൽ അഞ്ചുകോടി രൂപ വരെ ലഭിക്കുന്നുണ്ട്. ഒരു കമ്പനിയിൽ നിന്ന് മാത്രം അവർക്ക് ഒരു കോടി രൂപ ലഭിക്കുന്നു, അവളെല്ലാം ഏറ്റെടുത്തു, കമ്പനിയുടെ സ്രഷ്ടാവിന് 12 ലക്ഷം രൂപയേ കിട്ടുന്നുള്ളൂ"- അവർ പറഞ്ഞുനിർത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunjay Kapur`s sister alleges unnatural death & attacks third wife Priya Sachdev over Rs 30,000 crore inheritance battle. Claims of Rs 5 crore payout to outsider.