വിവ് റിച്ചാര്‍ഡ്സിന്റെ അരങ്ങേറ്റം നടന്ന ചിന്നസ്വാമി സ്റ്റേഡിയം;സോളാര്‍ പാനലുകളുള്ള ലോകത്തെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം

എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തം എല്ലാവരെയും നടുക്കിയിരിക്കുകയാണ്. ഐപിഎൽ ജേതാക്കളായ ബംഗളൂരു റോയൽ ചാലഞ്ചേഴ്‌സ് ടീമിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനായി ആളുകൾ തിക്കിത്തിരക്കി എത്തിയതോടെയാണ് അപകടമുണ്ടായത്. മൂന്നുലക്ഷത്തോളം പേർ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി ഉണ്ടായിരുന്നുവെന്നാണ് സൂചന. തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) സ്‌റ്റേഡിയം എന്നാണ് ചിന്നസ്വാമി സ്‌റ്റേഡിയം അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പേരുമാറ്റിയത്. മൈസൂരു സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയഷൻ സ്ഥാപകാംഗമായ എം.ചിന്നസ്വാമിയുടെ സ്മരണാർഥമായിരുന്നുവത്. കെ.എസ്.സി.എ.യിൽ നാല്പത് വർഷത്തോളം അംഗമായിരുന്നു ചിന്നസ്വാമി. മൂന്നുവർഷത്തോളം ബി.സി.സി.ഐ.യുടെ പ്രസിഡന്റുമായിരുന്നു.
നഗരത്തിന്റെ ഹൃദയഭാഗത്തായി, കബ്ബൺ പാർക്കിന് സമീപമാണ് സ്റ്റേഡിയം. കർണാടക സർക്കാരിന്റെ കീഴിലാണുള്ളതെങ്കിലും, പിന്നീട് കെ.എസ്.സി.എ.ക്ക് 100 വർഷത്തേക്ക് ലീസിന് കൊടുക്കുകയായിരുന്നു. സ്റ്റേഡിയം പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കാൻ സോളാർ പാനലുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമെന്ന പെരുമയുമുണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന്. ജർമനിയിലെ ഫ്രീബർഗ് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവിടെയും സോളാർ പാനലുകൾ സ്ഥാപിച്ചതെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. ബി.സി.സി.ഐ 2000-ൽ നാഷണൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ചതും സ്‌റ്റേഡിയത്തിനോട് ചേർന്നാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്തുന്നത് 1972-73 കാലഘട്ടത്തിലാണ്. ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നത് 1974 നവംബറിലാണ്. വെസ്റ്റ് ഇൻഡീസായിരുന്നു അന്ന് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സ് ആദ്യ ടെസ്റ്റ് മാച്ച് കളിച്ച സ്റ്റേഡിയവും ഇതുതന്നെ. അന്ന് ക്ലീവ് ലോയ്ഡ് നയിച്ച വെസ്റ്റ് ഇൻഡീസ് ടീം, 256 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. 2007-ൽ ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തിൽ സൗരവ് ഗാംഗുലിയും യുവ് രാജ് സിങ്ങും ചേർന്ന് 300 റൺസിന്റെ പാർട്ണർഷിപ്പ് പടുത്തുയർത്തിയതും ഇവിടെ തന്നെ.
40,000-ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയും ഈ സ്റ്റേഡിയത്തിന്. ഗ്രൗണ്ടിന്റെ വലുപ്പം താരതമ്യേന കുറവായതുകൊണ്ടുതന്നെ, ടീമുകൾക്ക് റൺസ് വാരിക്കൂട്ടാൻ എളുപ്പമാണെന്നും പറയപ്പെടുന്നു. 1996-ൽ ലോകസുന്ദരി മത്സരം ഇന്ത്യയിൽ ആദ്യമായി നടത്തിയപ്പോൾ വേദിയായതും ചിന്നസ്വാമി സ്‌റ്റേഡിയം തന്നെ. അഫ്ഗാസിസ്ഥാൻ ക്രിക്കറ്റ് ടീമിന് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് സ്റ്റാറ്റസ് ലഭിച്ചശേഷം, ആദ്യമായൊരു ടെസ്റ്റ് മാച്ച് കളിച്ചതും ഇവിടെയാണ്. ചിന്നസ്വാമിയിൽ വിവിധ ടെസ്റ്റ് മത്സരങ്ങളിൽനിന്നായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഖ്യാതി സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 16 ഇന്നിങ്‌സുകളിൽനിന്നായി 869 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയിട്ടുള്ളത്.
രാഹുൽ ദ്രാവിഡിന്റെ പേരിലൊരു വാളുമുണ്ട് ഇവിടെ. 10,000 ഇഷ്ടികകൾകൊണ്ട് നിർമിച്ച ആ വാളിൽ 27 അടി ഉയരമുള്ള രാഹുൽ ദ്രാവിഡിന്റെ സ്റ്റാച്യുവുമുണ്ട്. ടെസ്റ്റിലെ 10,000 റൺസാണ്, 10,000 ഇഷ്ടികകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. സ്റ്റേഡിയത്തിലെ സ്റ്റാൻഡുകൾക്ക് ക്രിക്കറ്റ് താരങ്ങളായ റോജർ ബിന്നി, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ജവഗൽ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് എന്നിവരുടെ പേരുകൾ നൽകാൻ തീരുമാനിച്ചതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
Content Highlights: through the history of chinnaswamy stadium, where people killed during ipl celebration