വിവാഹമോചിതയാകുന്നോ? 'എന്റെ പാവം ഭർത്താവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്' എന്ന് നേഹ

കഴിഞ്ഞ ദിവസം മുതൽ ട്രെൻഡിങ്ങിലാണ് ഗായിക നേഹ കക്കർ. അതിനുകാരണമായത് അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും. ''ഉത്തരവാദിത്തങ്ങളിൽ നിന്നും, ബന്ധങ്ങളിൽ നിന്നും, ജോലിയിൽ നിന്നും, ഇപ്പോൾ എനിക്ക് തോന്നുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കാൻ സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി'', എന്ന് കുറിച്ച സ്റ്റോറിയാണ് ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
പിന്നാലെ പാപ്പരാസികളോടും ആരാധകരോടുമായി ഒരു അഭ്യർഥനയും അവർ സ്‌റ്റോറിയായി ഇട്ടു. ''എന്നെ വീഡിയോയിൽ പകർത്തരുതെന്ന് ഞാൻ പാപ്പരാസികളോടും ആരാധകരോടും അഭ്യർഥിക്കുന്നു. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കുകയും ഈ ലോകത്ത് എന്നെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ക്യാമറകൾ വേണ്ട! ഞാൻ അഭ്യർത്ഥിക്കുന്നു! എന്റെ സമാധാനത്തിനായി നിങ്ങൾക്കെല്ലാവർക്കും എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്''.
ആരാധകരും മറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയിലായി. പിന്നാലെ നേഹ രണ്ട് സ്റ്റോറികളും ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും അതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പലരും പല നിഗമനങ്ങളുമായെത്തി. നേഹ പാട്ടുനിർത്തുകയാണോ എന്നായിരുന്നു ഏറെ പേരുടെയും സംശയം. മറ്റു ചിലർ അവരുടെ സ്വകാര്യജീവിതത്തെ സംബന്ധിച്ചാണ് സ്റ്റോറികളെന്ന് വിലയിരുത്തി. വിവാഹമോചിതയാകാൻ പോവുകയാണെന്നും അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് നേഹ രംഗത്തെത്തി. ''ദയവായി എന്റെ നിഷ്‌കളങ്കനായ ഭർത്താവിനെയോ എന്റെ പ്രിയപ്പെട്ട കുടുംബത്തെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. എനിക്കറിയാവുന്ന ഏറ്റവും ശുദ്ധരായ ആളുകളാണ് അവർ. ഇന്ന് ഞാൻ എന്താണോ, അതെല്ലാം അവരുടെ പിന്തുണ കൊണ്ടാണ്'', അവർ വ്യക്തത വരുത്തി.
''എനിക്ക് അസ്വസ്ഥത തോന്നുന്നത് ചില ആളുകളോടും ഈ സംവിധാനത്തോടുമാണ്. നിങ്ങൾ അത് മനസ്സിലാക്കുമെന്നും എന്റെ ഭർത്താവിനെയും കുടുംബത്തെയും ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതെ, സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുമ്പോൾ ഇത്ര വൈകാരികമായി പെരുമാറരുതെന്ന് ഞാൻ സമ്മതിക്കുന്നു. ഇതിലൂടെ ഒരു പാഠം പഠിച്ചു'', നേഹ കുറിച്ചു.
2020-ലാണ് നേഹയും പഞ്ചാബി ഗായകനായ രോഹൻപ്രീത് സിങ്ങും വിവാഹിതരാകുന്നത്. മാസങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Neha Kakkar clarifies divorce rumours. She asks fans and media not to drag her innocent husband and family into the controversy