ശിൽപ ഷെട്ടിയുടെ ഹോട്ടലിൽ പ്രതിദിനം 3 കോടി വരുമാനമോ? താരം മറുപടി പറയുന്നു

മുംബൈ ദാദറിലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെയും രഞ്ജിത് ബിന്ദ്ര എന്ന വ്യവസായിയുടെയും ആഡംബര റെസ്റ്റോറന്റായ 'ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ്' (Bastian - At The Top). റൂഫ്ടോപ്പ് പൂൾ, മനോഹരമായ ഇന്റീരിയറുകൾ എന്നിവയാണ് ഇതിന്റെ പ്രത്യേകത. ഇവിടുത്തെ വിലയും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഹെർബൽ ടീ പോലുള്ളവയ്ക്കുപോലും 900-ത്തിനുമേലെയാണ് ഇവിടെ ഈടാക്കുന്നത്.
കഴിഞ്ഞവർഷം റെസ്റ്റോറന്റ് വീണ്ടും ചർച്ചകളിൽ നിറയാൻ കാരണം എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേയുടെ വാക്കുകളാണ്. ഒരു യൂട്യൂബ് പോഡ്കാസ്റ്റിൽ മുംബൈയിലെ കോടികൾ വരുമാനമുള്ളൊരു റെസ്റ്റോറന്റിനെക്കുറിച്ച് അവർ സംസാരിച്ചു. 'മുംബൈയിൽ ഒരു റെസ്റ്റോറന്റുണ്ട്, തിരക്ക് കുറഞ്ഞ രാത്രികളിൽ അവിടെ രണ്ടു കോടിയും, വാരാന്ത്യങ്ങളിൽ മൂന്നു കോടിയോ അതിൽ കൂടുതലോ വിറ്റുവരവുണ്ട്', എന്നാണ് അവർ പറഞ്ഞത്. 'ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ്' എന്നാണ് ആ റെസ്റ്റോറന്റിന്റെ പേരെന്നും അവർ പറഞ്ഞു. അതെങ്ങനെ ശരിയാവുമെന്നായിരുന്നു പലരുടെയും ചോദ്യം.
ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ശിൽപ ഷെട്ടിയും രഞ്ജിത് ബിന്ദ്രയും. 'കേർളി ടെയ്ൽസു'മായുള്ള സംഭാഷണത്തിനിടെ ബാസ്റ്റ്യനിൽ പ്രതിദിനം മൂന്നുകോടി വരുമാനം ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തെ ശിൽപ പുഞ്ചിരിയോടെ നേരിട്ടു. എന്നാൽ രഞ്ജിത് അതിന് മറുപടി നൽകിയതിങ്ങനെ, ''അത് സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ദിവസം അത് സത്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ, നമുക്ക് നോക്കാം''.
ഇതുൾപ്പെടെ സോഷ്യൽമീഡിയയിലെ നെഗറ്റീവ് കമന്റുകളും മറ്റും ബാധിക്കാറുണ്ടോ എന്നൊരു ചോദ്യവും ഇരുവർക്കും നേരെയുണ്ടായി. ''കഴിഞ്ഞ ആറുമാസമായി മിക്കവാറും എല്ലാ സമയത്തും ഞങ്ങൾ വാർത്തകളിലുണ്ട്''. സോഷ്യൽമീഡിയയിലെ നെഗറ്റിവിറ്റിയെക്കുറിച്ച് ശിൽപ സംസാരിച്ചു. ഒരു കോംപറ്റിറ്റീവ് മേഖലയിലുള്ള (competitive field) തന്റെ ജോലി കണക്കിലെടുക്കുമ്പോൾ, ആളുകൾ നെഗറ്റീവ് പബ്ലിസിറ്റി സൃഷ്ടിക്കാൻ ഏതറ്റം വരെയും പോവുമെന്നും ശിൽപ തുറന്നുപറഞ്ഞു. തന്റെ പേര് ക്ലിക്ക് ബെയ്റ്റ് (clickbait) ആയി മാറിയെന്നാണ് ശിൽപയുടെ അഭിപ്രായം. ഇത് റെസ്റ്റോറന്റ് ബിസിനസിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് രഞ്ജിത് പറയുന്നതിങ്ങനെ, ''ഇല്ല, ഒരിക്കലുമില്ല. ഏത് തരത്തിലുള്ള പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റിയാണ്''.
സിനിമയുടെ കാര്യമെടുത്താൽ, 'സുഖീ' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. കന്നഡചിത്രമായ 'കെഡി: ദ ഡെവിൾ' ആണ് ഇനി പുറത്തിറങ്ങാനുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shilpa Shetty addresses rumours of her restaurant Bastian generating Rs 3 crore daily. Find out the truth behind the figures and her response to negative publicity.