4000 കോടിയിൽ ദുബായിൽ ഒരുങ്ങുന്നു ഷാരൂഖിന്റെ പേരിൽ കെട്ടിടം; ഹെലിപാഡ്, പൂൾ എന്നീ സൗകര്യങ്ങളുമുണ്ടാകും

ഷാരൂഖ് ഖാന്റെ പേരിലൊരു വമ്പൻ കൊമേഴ്‌സ്യൽ ടവറുമായി ദുബായിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്. ഒട്ടേറെ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ടവർ. ഷാരൂഖ്‌സ് ഡാന്യൂബ് എന്ന് പേരിട്ടിരിക്കുന്ന ടവറിന്റെ പണി, പരമാവധി നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
പ്രീമിയം കൊമേഴ്‌സ്യൽ ലൈഫ് സ്റ്റൈൽ ടവർ എന്ന രീതിയിലാണിത് വിഭാവനം ചെയ്യുന്നത്. ഔട്ട്‌ഡോർ ലോഞ്ച്, കിങ്‌സ് ക്ലബ് എന്നിവയുൾപ്പെടെയാണ് ഇത് നിർമിക്കുക. ഹെലിപ്പാഡ്, സ്‌കൈ പൂൾ, ബിസിനസ് ലോഞ്ചുകൾ, എന്നീ സൗകര്യങ്ങളുമുണ്ടാവും. അതിനൊപ്പം സൗജന്യ ക്ലബ്ബുകൾ, ഔട്ട്‌ഡോർ ലോഞ്ചുകൾ, ജിംനേഷ്യങ്ങൾ തുടങ്ങി 40-ലധികം സൗകര്യങ്ങളാണ് താമസക്കാർക്കായി ഒരുക്കുക. കെട്ടിടത്തിന്റെ പ്രവേശനകവാടത്തിൽ, പ്രശസ്തമായ സിഗ്നേച്ചർ പോസിലുള്ള ഷാരൂഖിന്റെ ഒരു പ്രതിമയും സ്ഥാപിക്കും.
ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഉയരുക. 56 നിലകളാണുണ്ടാവുക. 4000 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ടവറിന്റെ ലോഞ്ചിങ് പരിപാടി ഇക്കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നടന്നത്. ചടങ്ങിൽ ഷാരൂഖ് ഖാൻ, ഫറാ ഖാൻ എന്നിവരും പങ്കെടുത്തു.
''ഇതുകാണുമ്പോൾ എന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷമാവും. ഇതൊരു വലിയ ബഹുമതിയാണ്'', ചടങ്ങിൽ സംസാരിച്ച ഷാരൂഖ് പറഞ്ഞു. ''എന്റെ കുട്ടികൾ അങ്ങോട്ടേക്ക് പോയാൽ ഞാനവരോട് പറയും, 'പാപ്പയുടെ കെട്ടിടം നോക്കൂ' എന്ന്''.
ദുബായ് നഗരത്തിൽ താമസിക്കാനെത്തുന്ന ഒരാൾക്ക് താങ്ങാനാവുന്ന വിലയിൽ ഇത് ലഭ്യമാവുമെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. ''ദുബായിൽ ജീവിതം ആരംഭിക്കുന്നവർക്കും ജീവിതത്തിൽ എവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്നവർക്കും, ഇത് അവർക്ക് വലിയൊരു അനുഗ്രഹവും പ്രചോദനവുമാകുമെന്ന് ഞാൻ കരുതുന്നു''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dubai`s real estate group launches `Shah Rukh`s Danube`, a 4000 crore luxury commercial tower with helipad & pool