പാമ്പുകളെ തറയിലടിച്ച് കൊന്നുതിന്നുന്ന ആഫ്രിക്കൻ പക്ഷി

സിംഹത്തെപ്പോലെ വേട്ടയാടുന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലയിലും കാലുകളിലും തൂവലുകളുമായി ഒരു കോസ്റ്റ്യൂം പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന രൂപമുള്ള ഒരു പക്ഷിയെ സങ്കല്‍പ്പിച്ചു നോക്കു. അതാണ് സെക്രട്ടറി പക്ഷി. (Secretary Bird). സാഗിറ്റാറിസ്സ് സെർപെന്ററിയോസ് (Sagittarius serpentarius) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. കാഴ്ചയില്‍ മനോഹരമാണെങ്കിലും, ഇതൊരു ക്രൂരനായ പാമ്പ് വേട്ടക്കാരനാണ്. സഹാറയുടെ തെക്കുള്ള ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണപ്പെടുന്ന, ഉയരം കൂടിയ ആകര്‍ഷകമായ ഈ പക്ഷിയുടെ വേട്ടയാടൽ വളരെ സവിശേഷമാണ്. ഇത് പാമ്പുകളെ ചവിട്ടിയരച്ചാണ് കൊല്ലുന്നത്.
മിക്ക ഇരപിടിയന്‍ പക്ഷികളും ആകാശത്ത് നിന്ന് കൊക്കുകള്‍ വിടര്‍ത്തി പറന്നിറങ്ങിയാണ് ഇരപിടിക്കുക. സെക്രട്ടറി പക്ഷി നീളമുള്ള കാലുകളുമായി ഒരു കൊലയാളിയെപ്പോലെ തുറസ്സായ സമതലങ്ങളിലൂടെ നടന്നാണ് വേട്ടയാടുന്നത്. ഒരു പാമ്പിനെ കണ്ടാല്‍, ആക്രമിക്കാന്‍ ഇത് ഒട്ടും മടിക്കില്ല. മിന്നല്‍ വേഗത്തില്‍, ഒന്ന് ചവിട്ടി, ഒരു നിമിഷം കൊണ്ട് അതിന്റെ തലയോട്ടി തകര്‍ക്കാന്‍ ഈ പക്ഷിക്ക് കഴിയും. കണ്ണ് ചിമ്മുന്നതിനേക്കാള്‍ വേഗതയാണ്.
വേട്ടയ്ക്കായി രൂപകല്‍പ്പന ചെയ്ത ശരീരം
ആക്രമണത്തിനും, ഇരപിടിക്കലിനും അനുയോജ്യമായ ശരീര ഘടനയാണ് ഇവയ്ക്ക്. നീളമുള്ള കാലുകള്‍, പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ചെതുമ്പലുകള്‍ കൊണ്ട് മൂടിയിരിക്കുന്നു. വിശാലമായ ചിറകുകള്‍, ഇരയെ കൊല്ലാന്‍ അടുക്കുമ്പോള്‍ അവയുടെ ശ്രദ്ധ മാറ്റാന്‍ ഒരു പുതപ്പ് പോലെ ഉപയോഗിക്കാന്‍ കഴിയും. നാലടിയോളം ഉയരമുളള ഇവയ്ക്ക് കഴുകനു സമാനമായ രൂപമാണ്.
പാമ്പുകളാണ് ഇവരുടെ പ്രധാന ഇരയെങ്കിലും, മറ്റ് ജീവികളെയും വേട്ടയാടാറുണ്ട്. പ്രാണി, എലി, പല്ലി, തവള, ചെറിയ പക്ഷികള്‍ എന്നിവയും അതിൽ ഉള്‍പ്പെടും. ഇവ കീരികളെയും ചെറിയ മുയലുകളെയും ആക്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പുല്‍മേടുകളിലെ ജീവിതം
സെക്രട്ടറി പക്ഷികള്‍ തുറന്ന പുല്‍മേടുകളിലാണ് ജീവിക്കുന്നത്. ഇവിടെ, അവയുടെ നീണ്ട കാലടികള്‍ വേട്ടയാടുമ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കും. ഇരപിടിക്കുന്ന മറ്റ് പക്ഷികളില്‍ നിന്നും വ്യത്യസ്തമാണിവ. കൂടുകെട്ടാനോ, വിശ്രമിക്കാനോ, ഇണചേരുന്ന സമയത്തോ മാത്രമേ ആകാശത്തേക്ക് പറക്കാറുള്ളൂ. മുള്‍മരങ്ങളുടെ മുകളിലാണ് കൂടുകള്‍ നിര്‍മ്മിക്കുന്നത്. മാതാപിതാക്കള്‍ ഊഴമെടുത്താണ് മുട്ടകള്‍ പരിപാലിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും. കുഞ്ഞുങ്ങള്‍ പറന്നുതുടങ്ങാന്‍ ഏകദേശം രണ്ടോ മൂന്നോ മാസം എടുക്കും. ഈ പക്ഷികള്‍ സാംസ്‌കാരിക ചിഹ്നങ്ങള്‍ കൂടിയാണ്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ചിഹ്നത്തില്‍ ഇവയെ കാണാം.
വംശനാശഭീഷണി
സെക്രട്ടറി പക്ഷികള്‍ വംശനാശഭീഷണി നേരിടുന്നുണ്ട്. നഗരവല്‍ക്കരണം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയെല്ലാം ഇവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. പല പ്രദേശങ്ങളിലും ഇവയുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ സെക്രട്ടറി പക്ഷി ഒരു അപൂര്‍വ കാഴ്ചയായി മാറുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിന് ഗ്രൂപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം ഈ പക്ഷികള്‍ കൗതുകത്തിനപ്പുറം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്നവരാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the Secretary Bird, a unique African bird of prey that hunts snakes by stomping them. Learn about its incredible speed, hunting style, and endangered status.