പൂജ ഹെഗ്‌ഡെ സൂപ്പർതാരത്തിന്റെ മുഖത്തടിച്ചോ? മോശമായി പെരുമാറിയതാണ് കാരണമെന്നും പോസ്റ്റ്

കഴിഞ്ഞദിവസം ഒരു എക്‌സ് ഹാൻഡിലിൽ വന്നൊരു പോസ്റ്റ് ചർച്ചയാവുകയാണ്. നടി പൂജ ഹെഗ്‌ഡെയുടെ ഇന്റർവ്യൂവിൽനിന്നുള്ള ഭാഗമെന്ന രീതിയിലാണ് ആ പോസ്റ്റ് വന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു സൂപ്പർതാരത്തിൽനിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പൂജ തുറന്നുപറഞ്ഞതായി അതിൽ പറയുന്നു. ഒരു പാൻ-ഇന്ത്യൻ സിനിമയുടെ സെറ്റിലാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്ന് പൂജ പറയുന്നതായും പോസ്റ്റ് അവകാശപ്പെടുന്നു.
പൂജയുടെ കരിയറിന്റെ തുടക്കത്തിലാണത്. ഒരു വലിയ പാൻ-ഇന്ത്യൻ സിനിമയുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. അഭിനയിക്കാമെന്ന് ആവേശത്തോടെ പൂജ സമ്മതിക്കുകയും ചെയ്തു. തന്റെ കരിയറിലെ വഴിത്തിരിവായി ഈ സിനിമ മാറുമെന്ന് താരം ഉറപ്പിച്ചു. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു സൂപ്പർസ്റ്റാർ അനുവാദമില്ലാതെ തന്റെ വാനിറ്റി വാനിൽ കയറുകയും മോശമായി പെരുമാറുകയും ചെയ്തപ്പോൾ അയാളുടെ മുഖത്തടിച്ചതായി പൂജ പറഞ്ഞുവെന്നും പോസ്റ്റ് വിശദീകരിച്ചു. അയാൾക്കൊപ്പം ജോലി ചെയ്യില്ലെന്ന് പൂജ പറഞ്ഞതായും അതിലുണ്ട്. പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. അതിനെക്കുറിച്ച് പല ഓൺലൈൻ മീഡിയകളും വാർത്തയും നൽകി. ആരാണ് നടനെന്ന തരത്തിലുള്ള ചർച്ചകളും തുടങ്ങി.
എന്നാൽ, പിന്നീടാണ് ഇതൊരു വ്യാജപോസ്റ്റാണെന്ന് വ്യക്തമായത്. പൂജ ഇതുവരെ ഒരഭിമുഖത്തിലും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അത്തരം പ്രസ്താവനകളും നടത്തിയിട്ടില്ല. ഈ റിപ്പോർട്ടിനെ പൂജയുടെ ടീം നിരാകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരഭിമുഖത്തിലും അവർ അത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ലെന്ന് പൂജയുടെ മാനേജർ വ്യക്തമാക്കി. അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഒരു നായകന്റെ പേര് തെറ്റായ വിവരണങ്ങളിലേക്ക് വലിച്ചിഴയ്ക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് ഈ വിവാദമെന്നും മാനേജർ ആരോപിച്ചു.
രജനീകാന്തിന്റെ 'കൂലി'യിലാണ് പൂജ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതിലെ 'മോണിക്ക' എന്ന പാട്ടുസീൻ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിജയ്‌യുടെ 'ജനനായകൻ' ആണ് പൂജയുടേതായി ഇനി റിലീസാവാനിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായി ഓരോ സിനിമകളുടെ ഷൂട്ടിങ് നടക്കുന്നുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A viral post claimed Pooja Hegde slapped a superstar over misconduct. The actress`s team denies these false allegations, calling it a smear campaign