രത്തന്‍ ടാറ്റയുടെ 10,000 കോടി സ്വത്തിന്റെ അവകാശികളില്‍ ഒരാളായി വളര്‍ത്തുനായ ടിറ്റോ

ജനങ്ങളുടെ മനസ്സില്‍ രത്തന്‍ ടാറ്റയ്ക്ക് മരണമില്ല. നിസ്സഹായരായ ഒരുപാടു മനുഷ്യരുടെ ജീവിതത്തില്‍ കാരുണ്യത്തിന്റെ തിരിനാളമായി ആളിക്കത്തുകയായിരുന്നു അദ്ദേഹം. ആ വെളിച്ചം ഒളിമങ്ങാതെ തുടരുമെന്ന് ഉറപ്പുവരുത്തുന്ന വില്‍പ്പത്രം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. 10,000 കോടിയുടെ ആസ്തി വരുന്ന വില്‍പ്പത്രത്തില്‍ വളര്‍ത്തുനായയായ ടിറ്റോയ്ക്കും ടാറ്റ ഇടം കണ്ടെത്തി.
ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട ടിറ്റോയ്ക്ക് 'അണ്‍ലിമിറ്റഡ് കെയര്‍' വ്യവസ്ഥകളാണ് ടാറ്റ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘകാലം ടാറ്റയുടെ പാചകക്കാരനായിരുന്ന രാജന്‍ ഷായാണ് ടിറ്റോയെ പരിചരിക്കുന്നത്. ഏകദേശം 10,000 കോടി രൂപ വരുന്ന ആസ്തിയില്‍ സഹോദരന്‍ ജിമ്മിക്കും അര്‍ദ്ധസഹോദരിമാരായ ഷിറിനും ഡീന്ന ജെജീബോയ്ക്കും സുഹൃത്ത് ശാന്തനു നായിഡുവിനും ടാറ്റ ഷെയര്‍ നല്‍കിയിട്ടുണ്ട്.
2018-ല്‍ ടാറ്റയെ ബക്കിങ്ങാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവന പുരസ്‌കാരം നല്‍കി ആദരിക്കാനായിരുന്നു ചാള്‍സ് രാജാവിന്റെ തീരുമാനം. എന്നാല്‍ ടാറ്റ ചടങ്ങിന് പോയില്ല. തന്റെ വളര്‍ത്തുനായ ടിറ്റോ അസുഖബാധിതനാണെന്നും അവനെ ആ അവസ്ഥയില്‍ തനിച്ചു വിടാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടിറ്റോ മരിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റ മറ്റൊരു നായയെ ഏറ്റെടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. അവന് തന്റെ മരിച്ചുപോയ ചങ്ങാതിയുടെ പേര് തന്നെ നല്‍കി. പുതിയ ടിറ്റോ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ നിഴലായി മാറി. ആ ടിറ്റോയ്ക്കാണ് ആദ്ദേഹമിപ്പോള്‍ വില്‍പ്പത്രത്തില്‍ ഇടമൊരുക്കിയിരിക്കുന്നത്.
2018-ല്‍ മുംബൈ നഗരത്തിലെ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനത്തില്‍ തെരുവുനായ്ക്കള്‍ക്ക് അഭയം നല്‍കണമെന്ന് അദ്ദേഹം ഉത്തരവിട്ടിരുന്നു. പിന്നീട് ഈ കെട്ടിടം പുതുക്കിപ്പണിതപ്പോള്‍ നായ്ക്കള്‍ക്ക് ഇണങ്ങുന്ന നിയന്ത്രിത കാലാവസ്ഥയും തലയണകളും അവയ്ക്ക് എളുപ്പം പ്രവേശിക്കാവുന്ന കവാടവും ടാറ്റ ഒരുക്കി. മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലില്‍ തെരുവുനായ്ക്കള്‍ക്ക് പ്രവേശനം നല്‍കിയതിന് പിന്നിലും ടാറ്റയുടെ സ്വാധീനമാണ്. 24ഃ7 എമര്‍ജന്‍സി സൗകര്യമുള്ള രാജ്യത്തെ ആദ്യത്തെ അത്യാധുനിക പെറ്റ് ഹോസ്പിറ്റല്‍ ടാറ്റയുടെ ആശയമായിരുന്നു. ജൂലൈ 1-ന്, മുംബൈയിലെ മഹാലക്ഷ്മി ഏരിയയില്‍ തുടക്കമിട്ട ഹോസ്പിറ്റലില്‍ 200-ലധികം മൃഗങ്ങളെ അഡ്മിറ്റാക്കാനുള്ള സൗകര്യമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നൂതനമായ എല്ലാ വൈദ്യസഹായവും ഇവിടെ ലഭ്യമാണ്.
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായും 2016-ല്‍ താല്‍ക്കാലിക ചെയര്‍മാനായും സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റയാണ് കമ്പനിയെ 5.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2012-ല്‍ 100 ബില്യണ്‍ ഡോളറിലേക്ക് വളര്‍ത്തിയെടുത്തത്. 100 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിട്ടും, പരിമിതമായ വ്യക്തിഗത ഓഹരികള്‍ രത്തന്‍ ടാറ്റയെ ഒരിക്കലും സമ്പന്നരുടെ മുന്‍നിരയിലേക്ക് എത്തിച്ചില്ല. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമാകും അദ്ദേഹത്തിന്റെ വില്‍പത്രം അന്തിമമാകുക.
Content Highlights: ratan tata and his love for dogs