സഞ്ജയ് കപുറിന്റെ സഹോദരിക്കെതിരേ 20 കോടിയുടെ നഷ്ടപരിഹാരക്കേസ് സമർപ്പിച്ച് പ്രിയ

അന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപുറിൻ്റെ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട് കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. സഞ്ജയുടെ പിന്തുടർച്ചാവകാശം മുഴുവനായും തനിക്കാണെന്നാണ് ഭാര്യ പ്രിയ സച്ച്ദേവ് കപുർ അവകാശപ്പെടുന്നത്. ഇതിനെതിരേ സഞ്ജയ്ക്ക് മുൻഭാര്യ കരിഷ്മ കപൂറിൽ പിറന്ന മക്കൾ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
കോടതി വിഷയം കൈകാര്യം ചെയ്യുന്നതിനിടെ, സഞ്ജയുടെ സഹോദരി മന്ദിര കപൂർ സ്മിത്ത് പ്രിയക്കെതിരേ തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ മന്ദിരയ്ക്കെതിരേ 20 കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്തിരിക്കുകയാണ് പ്രിയ. ഒരു പോഡ്‌കാസ്റ്റിൽ മന്ദിര നടത്തിയ പ്രസ്താവനകൾ തനിക്ക് നാണക്കേടുണ്ടാക്കിയെന്ന് പരാതിയിൽ പ്രിയ ആരോപിച്ചു. സിവിൽ കേസിൽ പോഡ്‌കാസ്റ്ററെയും പ്രതിചേർത്തിട്ടുണ്ട്.
ഡൽഹി ഹൈക്കോടതിയിൽ വ്യാഴാഴ്ചയാണ് പ്രിയ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തത്. പോഡ്‌കാസ്റ്റുകൾ, അഭിമുഖങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഓൺലൈനിൽ പുനപ്രസിദ്ധീകരിച്ച ഉള്ളടക്കങ്ങൾ എന്നിവയിലൂടെ നടത്തിയ പ്രസ്താവനകൾ തൻ്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുകയും വൈകാരിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതായി പ്രിയ ആരോപിച്ചു.
മന്ദിരയും പോഡ്‌കാസ്റ്റ് ഹോസ്റ്റും തനിക്കെതിരെ അവഹേളനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും, നിലവിലുള്ള ഉള്ളടക്കങ്ങൾ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രിയ ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ജയ് കപുർ കഴിഞ്ഞവർഷം ജൂണിൽ ലണ്ടനിൽ വെച്ചാണ് അന്തരിക്കുന്നത്. പിന്നാലെയാണ് പിന്തുടർച്ചാവകാശം തനിക്കുമാത്രമാണെന്ന് അവകാശപ്പെട്ട് പ്രിയ രംഗത്തെത്തുന്നത്. 2003 മുതൽ 2016 വരെ കരിഷ്മ കപൂറായിരുന്നു സഞ്ജയുടെ ഭാര്യ. പിതാവ് തങ്ങളെ പിന്തുടർച്ചാവകാശത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കില്ലെന്നും പ്രിയ സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജരേഖയുണ്ടാക്കുകയായിരുന്നെന്നും കരിഷ്മയുടെ മക്കൾ ആരോപിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priya Sachdev Kapur files a ₹20 crore defamation suit against Sunjay Kapur`s sister and a podcaster for allegedly damaging her reputation. Learn more about the legal battle.