ഡയാനയുടെ ആഭരണങ്ങള്‍ മേഗന് അണിയുന്നത് വില്യം വിലക്കി-വെളിപ്പെടുത്തല്‍

ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ ഇളയ മകന് ഹാരിയും ഭാര്യയും അമേരിക്കന്‍ നടിയുമായ മേഗന് മെര്‍ക്കലും കൊട്ടാരം വിട്ടിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. രാജകുടുംബാംഗങ്ങള്‍ മേഗനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും അവരോട് വിവേചനം കാണിച്ചെന്നുമെല്ലാം പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. വളരെ അടുപ്പത്തിലായിരുന്ന വില്യമിനും ഹാരിക്കുമിടയില്‍ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടെന്നും പലരും പറഞ്ഞു.
കൊട്ടാരത്തിലെ സമ്പ്രദായങ്ങളോടും വ്യക്തിസ്വാതന്ത്ര്യമില്ലായ്മയോടും പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് മേഗനും ഹാരിയും കുറച്ചുനാളുകള്‍ക്കുശേഷം മനസ്സു തുറന്നു. വിശദമായ ഡോക്യുമെന്ററിയിലൂടെ ഇക്കാര്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു.
അതിനിടെ, മേഗന്റെയും ഹാരിയുടെയും വിവാഹവേളയില്‍ ഡയാന രാജകുമാരിയുടെ ആഭരണങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വില്യം മേഗനെ വിലക്കിയിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡയാന ധരിച്ചിരുന്ന ആഭരണശേഖരത്തില്‍ നിന്ന് സഹോദരന്റെ വധുവാകാന്‍ പോകുന്ന മേഗന് ആഭരണങ്ങള്‍ ധരിക്കില്ലെന്ന ഉറപ്പ് വില്യം എലിസബത്ത് രാജ്ഞിയോട് വാങ്ങിയിരുന്നു. വെയില്‍സ് രാജകുമാരിയെന്ന പദവിക്കൊത്ത് ഭാര്യ കേറ്റ് മിഡില്‍ടണിന് ആഭരണങ്ങളില്‍ ചിലതൊക്കെ ധരിക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയം.
അമ്മയുടെ വിവാഹമോതിരവുമായാണ് വില്യം കേറ്റിനോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നത്, പക്ഷേ, മേഗനെ വിവാഹം കഴിക്കാനുള്ള ഹാരി രാജകുമാരന്റെ തീരുമാനത്തില്‍ തുടക്കം മുതല്‍ വില്യമിന് എതിര്‍പ്പായിരുന്നുവെന്ന് എഴുത്തുകാരന് റോബ് ജോബ്സ് തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 2018-ല്‍ മേഗനുമായുള്ള വിവാഹത്തിനുമുമ്പുതന്നെ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായി. പരമാവധി ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന് ഹാരിയെ വില്യം നിര്‍ബന്ധിച്ചുനോക്കി.
മേഗന് രാജകീയ ജീവിതത്തോട് പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും ബന്ധത്തെപ്പറ്റി ഒന്നുകൂടി ആലോചിക്കണമെന്നും വില്യം ഹാരിയോട് പറഞ്ഞിരുന്നെന്ന് റോബ് ജോബ്സണിന്റെ 'കാതറിന്, ദി പ്രിന്‍സസ് ഓഫ് വെയില്‍സ്' എന്ന പുസ്തകത്തില്‍ പറയുന്നു. ഹാരിക്ക് ഇത് അപമാനമായി തോന്നി. ഹാരിയുടെ 'സ്പെയര്‍' എന്ന പുസ്തകത്തില്‍ വില്യം അദ്ദേഹത്തെ ശാരീരികമായി ആക്രമിച്ചുവെന്നും പറയുന്നുണ്ട്.
അതേസമയം, രാജകീയ അധികാരശ്രേണിയെ മേഗന് അവഗണിച്ചിരുന്നു, രാജകീയ രീതികളും. ഇക്കാര്യങ്ങള്‍ കേറ്റിനെയും വില്യമിനെയും ചൊടിപ്പിച്ചിരുന്നു. ഒരിക്കല്‍ മേഗന് കേറ്റിന്റെ ലിപ്സ്റ്റിക് കടം വാങ്ങിയത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിരുന്നെന്നും റോബ് ജോബ്സ് പറയുന്നു.
Content Highlights: prince william banned meghan markle from wearing princess diana's jewellery