'ഡെമി മൂർ നഗ്നയായിരുന്നു, ഞാൻ നഗ്നയായിട്ടല്ല ഫോട്ടോയ്ക്കായി പോസ് ചെയ്തത്'

പൂജ ഭട്ട് | AFP
പൂജ ഭട്ട് | AFP

നടിയും സംവിധായികയും നിർമാതാവുമായ പൂജ ഭട്ടിന്റെ ജീവിതത്തിൽ വിവാദങ്ങളേറെയുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു 1990-കളിൽ ഒരു മാഗസിനുവേണ്ടി കവർമോഡലായത്. ഒരു സാധാരണ കവറായിരുന്നില്ല അത്. ബോഡി പെയിന്റ് ചെയ്താണ് പൂജ അതിൽ പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത് ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു ഈ കവർ. 1992-ൽ പുറത്തിറങ്ങിയ വാനിറ്റി ഫെയർ കവറിനെ ആസ്പദമാക്കിയാണ് പൂജയുടെ കവർഷൂട്ട് ചെയ്തതും. വാനിറ്റി ഫെയറിന് മോഡലായത് പ്രശസ്തനടിയും നിർമാതാവുമായ ഡെമി മൂർ ആണ്. മോഡേൺ ബോഡി പെയിന്റിങ് ആർട്ട് വർക്ക് എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ കവർ.

വർഷങ്ങൾക്കുശേഷം അതിനെക്കുറിച്ച് സംസാരിക്കുകയാണ് പൂജ. ആ ചിത്രം ഒരിക്കലും പ്രകോപനങ്ങൾ സൃഷ്ടിക്കാനോ, വിവാദമുണ്ടാക്കാനോ ഉദ്ദേശിച്ച് ചെയ്തതായിരുന്നില്ലെന്നും അവർ പറയുന്നു. വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിലാണ് പൂജ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പത്രപ്രവർത്തകനായ ദിനേശ് രഹേജയിലൂടെയും ഫോട്ടോഗ്രാഫർ ജഗദീഷ് മാലിയിലൂടെയുമാണ് തനിക്ക് ഈ ആശയം ആദ്യമായി ലഭിച്ചതെന്നും പൂജ ഓർത്തെടുത്തു. കവറിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്നത് സമ്മിശ്രപ്രതികരണങ്ങളായിരുന്നുവെന്നും പൂജ വെളിപ്പെടുത്തുന്നു. ''ഒരു വിഭാഗം ആളുകളിൽ നിന്ന് എനിക്ക് ധാരാളം വിമർശനങ്ങളും മറ്റൊരു വിഭാഗം ആളുകളിൽനിന്ന് സ്‌നേഹവും ലഭിച്ചു. പക്ഷേ, അതൊരിക്കലും വിവാദമാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതല്ല. എനിക്കെപ്പോഴും ബഹുമാനമുള്ള പത്രപ്രവർത്തകനാണ് ദിനേശ് രഹേജ. അദ്ദേഹമാണ് ഡെമി മൂർ മോഡലായുള്ള വാനിറ്റി ഫെയറിന്റെ കവർ എനിക്ക് കാണിച്ചുതന്നത്. അതുംകൊണ്ട് അദ്ദേഹം എന്നെ കാണാൻ വന്നു, 'പൂജ, ഈ കവർ നോക്കൂ.' അത് അതിശയിപ്പിക്കുന്നതായി എനിക്ക് തോന്നി. സമാനമായ എന്തെങ്കിലും പുനഃസൃഷ്ടിക്കണമെന്ന് അവർ പറഞ്ഞു. എന്നിട്ട് ഇതുപോലുള്ള കവർ ചെയ്യുമോ എന്നെന്നോട് ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു. ആരാണ് ബോഡി പെയിന്റിങ് ചെയ്യുകയെന്നും ചോദിച്ചു.

ഏകദേശം ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സിനിമാഷൂട്ടിങ്ങിനുശേഷമാണ് ഈ കവർഷൂട്ടിനായി പൂജയെത്തുന്നത്. ''ഫിർ തേരി കഹാനി യാദ് ആയി എന്ന സിനിമയിലെ തേരെ ദർ പർ സനം എന്ന പാട്ടിന്റെ ഷൂട്ടിങ്ങായിരുന്നു അന്ന്. ഏകദേശം ഒമ്പതര മണിയോടെ ഷൂട്ടിങ് പൂർത്തിയാക്കി, ഞാൻ ജഗദീഷ് മാലിയുടെ വീട്ടിലേക്ക് പോയി. അവിടുന്നാണ് അന്ന സിങ് എന്റെ ദേഹത്ത് പെയിന്റ് ചെയ്യുന്നത്. ഷൂട്ട് ചെയ്തശേഷം, അതിനെക്കുറിച്ച് പൂർണമായും മറന്നു'', പൂജയുടെ വാക്കുകൾ.

എന്നാൽ, മാസിക റിലീസായതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ''മാസിക പുറത്തിറങ്ങി. അക്ഷരാർഥത്തിൽ തന്നെ കുഴപ്പങ്ങളുണ്ടായി. അതിനിടയിലാണ് നഗരത്തിൽ ചില ദുരന്തങ്ങളുണ്ടാവുന്നത്. മുംബൈയിലെ ബോംബ് സ്‌ഫോടനങ്ങൾ. അതോടെ ആളുകളുടെ ശ്രദ്ധമാറി. ഒരു സ്ത്രീ തന്റെ ശരീരത്തിൽ പെയിന്റടിക്കുന്നതിലും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആളുകൾക്ക് സംസാരിക്കാനുണ്ടായിരുന്നു''.

എന്നാൽ ആ ഫോട്ടോഷൂട്ടിനിടെ താൻ നഗ്‌നയായിരുന്നില്ലെന്ന് പൂജ പറഞ്ഞു. ''ഫോട്ടോയിൽ ഞാൻ നഗ്‌നയായിരുന്നില്ല. ഡെമി മൂറിന്റെ കാര്യത്തിൽ, കവറിൽ ഒരു 'ജന്മദിന സ്യൂട്ടി'നെക്കുറിച്ച് പരാമർശിച്ചിരുന്നു, അതായത് പെയിന്റിനടിയിൽ അവർ നഗ്‌നയായിരുന്നു. ഞാൻ അങ്ങനെയായിരുന്നില്ല. എന്റെ കാര്യത്തിൽ കൃത്യമായ ബൗണ്ടറി എവിടെയാണെന്ന് എനിക്കറിയാം. അതിനെ മറികടക്കരുതെന്നും ഞങ്ങൾ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അടിവസ്ത്രങ്ങൾ ധരിച്ചിരുന്നു''.

ആ സമയത്ത് ആ ആശയം ധീരമായി തോന്നിയിരുന്നെന്നും താരം സമ്മതിച്ചു. പക്ഷേ വിവാദം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരിക്കലും അതിനെ സമീപിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ''ഇത് ധീരവും പലർക്കും ചിന്തിക്കാൻ പോലും കഴിയാത്തതുമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ എനിക്ക് മുന്നിൽ അവതരിപ്പിച്ച ആശയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാനത് ചെയ്തത്. ഞാൻ ജോലി ചെയ്യുന്ന ആളുകളെ വിശ്വസിച്ച് അതിൽ മുന്നോട്ട് പോയി. ആശയം ഒരിക്കലും വിവാദമാകാൻ പാടില്ലായിരുന്നു''.

തിരിഞ്ഞുനോക്കുമ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷവും ആ ചിത്രം ചർച്ച ചെയ്യപ്പെടുന്നത് കാണുമ്പോൾ തനിക്ക് അത്ഭുതം തോന്നുന്നു എന്ന് പൂജ സമ്മതിച്ചു. ''അടുത്തിടെ അത് വീണ്ടും ചർച്ച ചെയ്യപ്പെട്ടു. ആളുകൾ അതിനെ കൾട്ട് ചിത്രമെന്ന് വിളിച്ചു. എന്നാൽ നിങ്ങൾക്ക് അങ്ങനെയൊരു കാര്യം വീണ്ടും സൃഷ്ടിക്കാൻ ഇനി കഴിയില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pooja Bhatt clarifies that her 90s body paint cover was inspired by Demi Moore's Vanity Fair shoot. The actress emphasizes that the shoot was never intended to be provocative or controversial.