'എന്നെ ചുംബിക്കാൻ സൽമാനോട് ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു; അതിന് സൽമാൻ നൽകിയ മറുപടി ഞെട്ടിച്ചു'

ഭാഗ്യശ്രീയും സൽമാൻ ഖാനും / IMDb
ഭാഗ്യശ്രീയും സൽമാൻ ഖാനും / IMDb

1989-ൽ പുറത്തിറങ്ങിയ സിനിമയാണ് 'മേനെ പ്യാർ കിയാ'. ആ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടത് രണ്ടുതാരങ്ങളാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാഗ്യശ്രീയും ആദ്യമായി നായകവേഷത്തിലെത്തിയ സൽമാൻ ഖാനും. അതോടെ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ജോഡിയായി മാറി സൽമാനും ഭാഗ്യശ്രീയും.

'മേനെ പ്യാർ കിയാ'യ്ക്കുമുമ്പ് സൽമാൻ സഹനടനായിട്ടായിരുന്നു അഭിനയിച്ചത്. പുതുമുഖതാരങ്ങളെങ്കിലും സിനിമ നന്നായി സ്വീകരിക്കപ്പെട്ടു. അതിനുശേഷമാണ് സൽമാനെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയതും.

ഷൂട്ടിങ് സമയത്തെ ഒരു സംഭവം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് പിന്നീട് നായിക ഭാഗ്യശ്രീ തുറന്നുപറഞ്ഞിരുന്നു. ''അന്നത്തെ പ്രമുഖനായ ഒരു ഫോട്ടോഗ്രാഫർ സിനിമയുടെ പ്രൊമോഷനുവേണ്ടിയുള്ള ചിത്രങ്ങളെടുക്കാനായി വന്നു. അയാളുടെ പേര് ഞാൻ പറയുന്നില്ല. ഒരു ഹോട്ടലിൽവെച്ചായിരുന്നു ഷൂട്ടിങ്. അദ്ദേഹത്തിന് വേണ്ടിയിരുന്നത് കുറച്ച് 'ഹോട്ട്' ചിത്രങ്ങളായിരുന്നു. അതിനായി എന്നെ ചുംബിക്കാൻ സൽമാൻ ഖാനോട് ആ ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു. അപ്പോൾ എന്നെ എങ്ങനെ പിടിക്കണമെന്നും അയാൾ സൽമാന് പറഞ്ഞുകൊടുത്തു. ഞാനിതെല്ലാം കേൾക്കുന്ന കാര്യം അവർക്കറിയില്ലായിരുന്നു'', ഭാഗ്യശ്രീ ഓർത്തെടുത്തു.

എന്നാൽ സൽമാന്റെ മറുപടി എല്ലാവരെയും അദ്ഭുതപ്പെടുത്തി. ''നിങ്ങൾ ഭാഗ്യശ്രീയോട് ചോദിച്ചിരുന്നോ എന്ന് സൽമാൻ ഫോട്ടോഗ്രാഫറോട് ചോദിച്ചു. 'ഇല്ല, അതിന്റെ ആവശ്യമുണ്ടോ, ഇത് വെറും ഷൂട്ടല്ലേ' എന്നായിരുന്നു അയാളുടെ മറുപടി. 'എങ്കിൽ ഞാനത് ചെയ്യില്ല. ആദ്യം അവരോട് സമ്മതം ചോദിക്കൂ. ഭാഗ്യശ്രീ ഓകെയാണെങ്കിൽ ഞാൻ ചെയ്യാം' എന്ന മറുപടിയിൽ സൽമാൻ ഉറച്ചുനിന്നു''. സൽമാന്റെ ആത്മാർഥതയും പ്രൊഫണലിസവും താനെന്നും ആരാധനയോടെയാണ് നോക്കിക്കണ്ടതെന്നും ഭാഗ്യശ്രീ പറഞ്ഞു.

ഒരുകോടി ബജറ്റിൽ നിർമിച്ച 'മേനെ പ്യാർ കിയാ' 45 കോടിയാണ് വാരിക്കൂട്ടിയത്. മേരെ രംഗ് മേ, ദിൽ ദീവാനാ, ആതെ ജാതെ ഹസ്‌തെ ഗാതെ, കബൂത്തർ ജാ ജാ, ആജാ ശാം, മേനെ പ്യാർ കിയാ, ആയാ മോസം ദോസ്തി കാ...ഇതിലെ പാട്ടുകളും സിനിമയുടെ ജനപ്രീതിക്ക് സഹായകമായി. എസ്.പി.ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്‌കറുമാണ് പാട്ടുകൾ പാടിയത്. ആദ്യം സിനിമയുടെ 29 പ്രിന്റുമായാണ് റിലീസ് ചെയ്തതെങ്കിലും പിന്നീട് പ്രിന്റുകളുടെ എണ്ണം കൂട്ടേണ്ടിവന്നു. തമിഴ്, മലയാളം, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് ഇത് ഡബ്ബ് ചെയ്ത് പുറത്തിറക്കുകയും ചെയ്തു. ഇംഗ്ലീഷ്, സ്പാനിഷ് പതിപ്പുകളും സൂപ്പർഹിറ്റായി. പെറുവിൽ മാത്രം 10 ആഴ്ചയാണ് ഈ സിനിമയോടിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actress Bhagyashree reveals a shocking incident from the sets of `Maine Pyar Kiya` where a photographer asked Salman Khan to kiss her for a promo shoot