നിക് ജൊനാസിനെ ലക്ഷ്യമിട്ട് ലേസര്‍, സ്‌റ്റേജില്‍ നിന്ന് ഓടിയിറങ്ങി താരം

നിക് ജൊനാസ്‌ | AP
നിക് ജൊനാസ്‌ | AP

അമേരിക്കയിലെ പ്രസിദ്ധ പോപ് റോക്ക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സ് തങ്ങളുടെ ലോകപര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ചെക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. സഹോദരന്മാരായ നിക് ജൊനാസ്, കെവിന്‍ ജൊനാസ്, ജോ ജൊനാസ് എന്നിവരുടെ സംഘം സ്‌റ്റേജില്‍ നില്‍ക്കവേ, അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. പെട്ടെന്ന് നിക് സ്‌റ്റേജില്‍ നിന്ന് ഓടിയിറങ്ങിയതാണ് ആരാധകരെ ഞെട്ടിച്ചത്. 

കാണികളിലേക്ക് നോക്കിയശേഷം, സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അപായസൂചന നല്‍കിക്കൊണ്ടാണ് നിക് വേദിയില്‍ നിന്ന് ഓടിയിറങ്ങിയത്. മറ്റൊരു വീഡിയോയില്‍ ചുവന്ന ലേസര്‍ നിക്കിന്റെ തലയില്‍ ലക്ഷ്യമിട്ടിരിക്കുന്നതും കാണാം. കെവിനും ജോ ജൊനാസും ഈ സമയം സ്‌റ്റേജില്‍ സംഗീതപരിപാടി അവതരിപ്പിക്കുകയായിരുന്നു.  

സംഭവത്തിനു പിന്നാലെ ജൊനാസ് സഹോദരന്മാര്‍ക്ക് കുറച്ച് സമയം പരിപാടി നിര്‍ത്തേണ്ടിവന്നെങ്കിലും ലേസര്‍ പ്രയോഗിച്ച വ്യക്തിയെ വേദിയില്‍ നിന്ന് മാറ്റിയശേഷം പുനരാരംഭിച്ചു. ജൊനാസ് ബ്രദേഴ്‌സ് ഇതുവരെ സംഭവത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പോളണ്ടിലാണ് സംഘത്തിന്റെ അടുത്ത പരിപാടി.


 

Content Highlights: nick jonas exits stage in hurry after laser incident prague concert